ഏയര്‍ടെല്‍ ഇന്‍റര്‍നെറ്റ് ടിവി അവതരിപ്പിച്ചു. ഇന്‍റര്‍നെറ്റ് അധിഷ്ഠിതമായി ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന സെറ്റ് ടോപ്പ് ബോക്സാണ് ഇത്. സ്മാര്‍ട്ട് ടിവിയുമായി ഇതിനെ കണക്ട് ചെയ്യാം. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം, ക്രോംകാസ്റ്റ് എന്നിവയിലെ കണ്ടന്‍റ് ടിവിയിലേക്ക് ഇതുവഴി ലഭിക്കും. സെറ്റ് ടോപ്പ് ബോക്സിന്‍റെ വില അടക്കം മൂന്നുമാസത്തേക്കുള്ള സബ്സ്ക്രിപ്ഷന് 4,999 രൂപയും, ഒരു വര്‍ഷത്തേക്ക് വരിക്കാര്‍ ആകണമെങ്കില്‍ 7,999 രൂപയുമാണ് ചിലവ്.

ഓണ്‍ലൈന്‍, ഓഫ് ലൈന്‍ കണ്ടന്‍റുകളുടെ ഒരു വൈവിദ്ധ്യമാണ് ഏയര്‍ടെല്‍ ഇന്‍റര്‍നെറ്റ് ടിവി ഒരുക്കുക എന്നാണ് ഏയര്‍ടെല്‍ ഡിടിഎച്ച് മേധാവി സുനില്‍ ടാല്‍ഡര്‍ പറയുന്നു. കൂടുതല്‍ ഇന്‍റര്‍നെറ്റ് വീഡിയോ വ്യൂ തങ്ങളുടെ നെറ്റ്വര്‍ക്കിലൂടെ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ഏയര്‍ടെല്‍ ലക്ഷ്യമിടുന്നത്. 

ഏപ്രില്‍ 13 മുതല്‍ ആമസോണ്‍ വഴിയാണ് ഈ സെറ്റ് ടോപ്പ് ബോക്സ് വില്‍പ്പന ആരംഭിക്കുക. ഇതിനോടൊപ്പം ഏയര്‍ടെല്‍ ഓഫ് ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഇത് വാങ്ങുവാന്‍ സാധിക്കും. അടുത്തമാസം ഫ്ലിപ്പ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും ഈ സെറ്റ് ടോപ്പ് ബോക്സ് വില്‍പ്പന തുടങ്ങും.