ഒരു പുത്തന്‍ സൈബര്‍ തട്ടിപ്പാണ് ഇ-സിം കാര്‍ഡ് ആക്‌ടിവേഷന്‍ എന്ന പേരില്‍ നടക്കുന്നത്. മൊബൈൽ നമ്പറിലൂടെ അക്കൗണ്ടിലെ പണം തട്ടുന്ന ഈ സ്‌കാമിനെ കുറിച്ച് അറിയേണ്ടതെല്ലാം
ഓരോ വഴികള്‍ അടയുന്നതോടെ ദിവസം കഴിയുന്തോറും പുത്തന്‍ സ്‌കാം രീതികള്‍ കണ്ടുപിടിക്കുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരത്തിലൊരു പുത്തന്‍ സൈബര്‍ തട്ടിപ്പാണ് ഇ-സിം കാര്‍ഡ് ആക്‌ടിവേഷന്‍ എന്ന പേരില്‍ നടക്കുന്നത്. പ്രമുഖ ടെലികോം കമ്പനികളുടെ ഇ-സിം കാർഡ് ആക്‌ടിവേഷൻ എന്ന പേരിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി പൊതുജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. മൊബൈൽ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവൻ പണവും നിമിഷനേരം കൊണ്ട് കവരുന്നതാണ് ഈ തട്ടിപ്പെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഇ-സിം കാര്‍ഡ് ആക്‌ടിവേഷന്‍ സ്‌കാം എങ്ങനെയാണ് നടക്കുന്നതെന്ന് വിശദമായി അറിയാം. കസ്റ്റമർ കെയറിൽ നിന്നാണെന്ന വ്യാജേന തട്ടിപ്പുകാർ ആളുകളെ വിളിക്കുന്നതാണ് ഈ സൈബര്‍ തട്ടിപ്പിന്‍റെ തുടക്കം. തന്ത്രപരമായി ഇ-സിം എടുക്കുന്നതിനായി സമ്മതിപ്പിച്ച് ഇ-സിം ആക്‌ടിവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ നിങ്ങളോട് അവര്‍ ആവശ്യപ്പെടും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ, നിങ്ങള്‍ നിലവില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സിം കാർഡിന് നെറ്റ്‌വർക്ക് നഷ്‌ടമാകും. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ-സിം പ്രവർത്തനക്ഷമമാകുകയും ചെയ്യും. പിന്നീട് കോളുകൾ, മെസേജുകൾ, ഒടിപി മുതലായവ എല്ലാം തട്ടിപ്പുകാർക്ക് ഇ-സിം വഴി ലഭിക്കും. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി പിൻവലിക്കും. ഇത്തരത്തിലുള്ള സൈബർ ചതികളിൽ വീഴാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സൈബർ ചതികളിൽ വീഴാതിരിക്കാൻ പൊതുജനം അതീവ ശ്രദ്ധ പുലർത്തണമെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നൽകി.
എങ്ങനെ ഇത്തരം സൈബര്‍ തട്ടിപ്പ് വലയങ്ങളില്‍ വീഴാതിരിക്കാമെന്ന് നോക്കാം
തട്ടിപ്പുകളെപ്പറ്റി ബോധവന്മാരായിരിക്കുക.
പരിചിതമല്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകളും മെസേജുകളും ഒഴിവാക്കുക.
വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള ലിങ്കുകൾ മാത്രം തുറക്കുക.
ഇ-സിം സേവനങ്ങൾക്കായി ടെലികോം ഓപ്പറേറ്റര്‍മാരുടെ ഔദ്യോഗിക കസ്റ്റമർ കെയർ സംവിധാനം മാത്രം ഉപയോഗിക്കുക.
മൊബൈൽ നെറ്റ്‌വർക്ക് നഷ്‌ടമായാൽ ഉടൻ ടെലികോം സേവനദാതാക്കളുമായും ബാങ്കുമായും ബന്ധപ്പെടുക.
തട്ടിപ്പുകാർ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നതിൽ വീഴാതിരിക്കാനും ശ്രദ്ധിക്കുക.
ഉടന്‍ അറിയിക്കുക
ഇത്തരം സൈബര്‍ തട്ടിപ്പുകളെ കുറിച്ച് വിവരം ലഭിക്കുകയോ ഇരയാവുകയോ ചെയ്‌താൽ ഒരു മണിക്കൂറിനകം ആ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ സൈബർ പൊലീസിനെ അറിയിക്കണം. സൈബര്‍ കെണിയില്‍പ്പെട്ട ശേഷം അന്വേഷണ ഏജന്‍സികളുടെ സഹായം തേടുന്നതിനേക്കാള്‍ നല്ലത് എപ്പോഴും ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതാണ്.



