ഇന്ത്യയില്‍ വരാന്‍ പോകുന്നത് ഇലോണ്‍ മസ്‌കിന്‍റെ ഉപഗ്രഹ ഇന്‍റർനെറ്റ് വിപ്ലവം. സ്റ്റാർലിങ്ക് ഇന്ത്യൻ ലോഞ്ച് അവസാനഘട്ടത്തിലേക്ക്, സാറ്റ്‌ലൈറ്റ് ഉപഗ്രഹ സേവനങ്ങള്‍ ആസ്വദിക്കാന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ എത്ര രൂപ നല്‍കേണ്ടിവരും? 

ദില്ലി: ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സാറ്റ്‌ലൈറ്റ് ഇന്‍റർനെറ്റ് സംരംഭമായ സ്റ്റാർലിങ്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ടെലികോം, ഡാറ്റ ഇൻഫ്രാസ്‌ട്രക്‌ചര്‍ മേഖലകളില്‍ ഉടനീളമുള്ള ശക്തമായ അടിത്തറയുടെയും ഉയർന്ന തലത്തിലുള്ള പങ്കാളിത്തത്തിന്‍റെയും പിന്തുണയോടെ പരീക്ഷണ സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫൈബർ അല്ലെങ്കിൽ മൊബൈൽ നെറ്റ്‌വർക്കുകൾക്ക് അപ്രാപ്യമായ പ്രദേശങ്ങളിൽ മെച്ചപ്പെട്ട ബ്രോഡ്‌ബാന്‍ഡ് ഇന്‍റർനെറ്റ് കണക്റ്റിവിറ്റി ദീർഘകാലമായി ആഗ്രഹിക്കുന്ന ഇന്ത്യൻ ഉപയോക്താക്കൾക്കിടയിൽ സ്റ്റാര്‍ലിങ്ക് സേവനം വലിയ പ്രതീക്ഷ സൃഷ്‍ടിച്ചിട്ടുണ്ട്.

സ്റ്റാര്‍ലിങ്ക് തയ്യാറെടുപ്പുകള്‍ ഊര്‍ജിതം

സ്റ്റാർലിങ്ക് ഇതിനകം തന്നെ ഇന്ത്യയിൽ ആവശ്യമായ റെഗുലേറ്ററി അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. കൂടാതെ സ്റ്റാര്‍ലിങ്കിന് ട്രയൽ ബാൻഡ്‌വിഡ്ത്ത് അനുവദിച്ചിട്ടുമുണ്ട്. ഗ്രൗണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി കമ്പനി ഇന്ത്യയിൽ ഉടനീളമുള്ള പതിനേഴു സൈറ്റുകൾ അന്തിമമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സൗകര്യങ്ങൾ ഡയറക്‌ട്-ടു-സെൽ സാറ്റ്‌ലൈറ്റ് സേവനങ്ങൾ നൽകുകയും താഴ്ന്ന ഭ്രമണപഥ ഉപഗ്രഹങ്ങളെ ഇന്ത്യയുടെ പ്രാദേശിക ഫൈബർ, ഡാറ്റ ഫ്രെയിംവർക്കുകളുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഇന്ത്യൻ നിയമങ്ങൾ പ്രകാരം ഡൊമസ്റ്റിക് റൂട്ടിംഗും ഡൗൺലിങ്ക് ട്രാഫിക്കിന്‍റെ സ്റ്റോറേജും നിർബന്ധമാണ്.

റിലയൻസ് ജിയോ, ഭാരതി എയർടെൽ, ടാറ്റ കമ്മ്യൂണിക്കേഷൻസ് തുടങ്ങിയവ ഉൾപ്പെടെയുള്ള മുൻനിര ടെലികോം ഓപ്പറേറ്റർമാരുമായി സ്റ്റാർലിങ്ക് കമ്പനി നെറ്റ്‌വര്‍ക്ക് വിപുലമായ ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഒപ്പം ഇക്വിനിക്സ്, സിഫി ടെക്നോളജീസ്, സിട്രിഎൽഎസ് ഡാറ്റാസെന്‍റേഴ്‌സ് തുടങ്ങിയ പ്രധാന ഡാറ്റാ സെന്‍റർ സേവനദാതാക്കളുമായും ചർച്ചകൾ നടക്കുന്നു. ഫൈബർ നെറ്റ്‌വർക്ക് സ്പെഷ്യലിസ്റ്റുകളും ഇന്‍റർനെറ്റ് എക്സ്ചേഞ്ച് ഓപ്പറേറ്റർമാരും പ്രത്യേകിച്ച് ഡിഇ-സിക്‌സ്, എക്‌സ്‌ട്രീം എന്നിവരും ചർച്ചകളിൽ പങ്കെടുക്കുന്നു. സ്റ്റാർലിങ്ക് സേവനങ്ങൾ രാജ്യത്ത് ആരംഭിച്ചുകഴിഞ്ഞാൽ ഈ സഹകരണങ്ങൾ വിതരണം ശക്തിപ്പെടുത്തുകയും ഓൺബോർഡിംഗ് പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

അഞ്ച് ഇന്ത്യൻ നഗരങ്ങളിലായി 36 പോയിന്‍റുകളിൽ സാന്നിധ്യം നിലനിർത്തുകയും വലിയ രീതിയിൽ ഡാറ്റ ത്രൂപുട്ട് കൈകാര്യം ചെയ്യുകയും ചെയ്യുന്ന DE-CIX-മായി സ്റ്റാർലിങ്ക് പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. എക്‌സ്‌ട്രീം ഐഎക്‌സ്‌പി മുംബൈ തുറമുഖത്ത് സ്റ്റാർലിങ്കുമായുള്ള ബന്ധം സ്ഥിരീകരിച്ചു. ഈ അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ, എയർടെല്ലുമായും ജിയോയുമായും ഉള്ള ചർച്ചകൾ വിതരണ, വിപണന ക്രമീകരണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. ഇത് ഇന്ത്യയില്‍ മത്സരാധിഷ്‌ഠിത ഇന്‍റർനെറ്റ് സേവന വിപണിയിൽ സ്റ്റാർലിങ്കിനെ ശക്തമായി സ്ഥാനപ്പെടുത്താൻ സഹായിക്കും.

ഇന്ത്യയിലെ സ്റ്റാര്‍ലിങ്ക് പ്ലാനുകള്‍ എങ്ങനെ? 

ഇന്ത്യയിലെ സ്റ്റാർലിങ്കിന്റെ പ്രാരംഭ മൂലധന ചെലവ് ഏകദേശം 500 കോടി രൂപ ആയിരിക്കുമെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും വില സാധ്യതകൾ ഇതിനകം തന്നെ ഊഹിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 30,000 രൂപ ഒറ്റത്തവണ ഇൻസ്റ്റാളേഷൻ ചാർജ് പ്രതീക്ഷിക്കുന്നു. അതോടൊപ്പം ഏകദേശം 3,300 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ പ്ലാനുകളും പ്രതീക്ഷിക്കുന്നു. ഈ സേവനം 25Mbps മുതൽ 220Mbps വരെ ഇന്‍റർനെറ്റ് വേഗത നൽകിയേക്കാം.

ഈ വിലകൾ സ്റ്റാർലിങ്കിനെ ഒരു പ്രീമിയം ഓപ്ഷനായി മാറ്റുന്നു. അതേസമയം, പരമ്പരാഗത ബ്രോഡ്‌ബാൻഡ് കണക്‌റ്റിവിറ്റി പരിമിതമായി തുടരുന്ന പ്രദേശങ്ങൾക്ക് ഇതൊരു അവശ്യ സേവനമായി മാറും. ഇന്‍റർനെറ്റ് ആക്‌സസ് പലപ്പോഴും വേഗത കുറഞ്ഞ കണക്ഷനുകളെ ആശ്രയിക്കുന്ന വിദൂര പ്രദേശങ്ങൾക്കും ഗ്രാമപ്രദേശങ്ങൾക്കും സ്റ്റാർലിങ്കിന് കാര്യമായ അപ്‌ഗ്രേഡ് കൊണ്ടുവരാൻ കഴിയും. 2025-ലെ മൂന്നാം പാദത്തിന്‍റെ അവസാനമോ നാലാം പാദത്തിന്‍റെ ആദ്യമോ സ്റ്റാർലിങ്ക് ഇന്ത്യയിൽ സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. വേഗതയേറിയ ഇന്‍റര്‍നെറ്റിനൊപ്പം, ഉപഗ്രഹ അധിഷ്‌ഠിത സംവിധാനത്തിന്‍റെ സാന്നിധ്യം വിദ്യാഭ്യാസം, വിദൂര ജോലി, ആരോഗ്യ സംരക്ഷണം, സംരംഭകത്വം എന്നിവയ്ക്കുള്ള അവസരങ്ങൾ വർധിപ്പിക്കും. ഇന്ത്യയിലെ ഔദ്യോഗിക പദ്ധതികളെയും ലഭ്യതയെയും കുറിച്ച് വരും മാസങ്ങളിൽ സ്റ്റാര്‍ലിങ്ക് അധികൃതര്‍ കൂടുതൽ വ്യക്തമായ സൂചനകൾ നൽകാൻ സാധ്യതയുണ്ട്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming