ഗൂഗിളിനെ വിലക്കി ആപ്പിളിന്‍റെ നീക്കം; ഇത് മുന്‍പ് ഫേസ്ബുക്കിനോട് ചെയ്തത്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 2, Feb 2019, 5:00 PM IST
Apple blocks Google from running its internal iOS apps
Highlights

ലോകത്തെ മുന്‍നിര ടെക്നോളജി ഭീമന്മാരായ ഗൂഗിളിനും ഫേസ്ബുക്കിനും എതിരെ പോലും നടപടി സ്വീകരിച്ചതിലൂടെ മറ്റ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ആപ്പിള്‍

ന്യൂയോര്‍ക്ക്: ഗൂഗിളിന് ആപ്പിളിന്‍റെ വിലക്ക്. ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കിന് ആപ്പിള്‍ ഏര്‍പ്പെടുത്തിയ വിലക്കിന് സമാനമാണ് പുതിയ വിലക്ക്. ചട്ടലംഘനം നടത്തിയതിന്റെ പേരിലാണ് ചില ആപ്പ് ഡെവലപ്പ്‌മെന്‍റ് ടൂളുകളില്‍ നിന്നും ഗൂഗിളിന് ആപ്പിള്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഗൂഗിള്‍മാപ്പ്, ഹാങ്ഔട്ട്, ജിമെയില്‍, ഉള്‍പ്പടെയുള്ള ഗൂഗിള്‍ ബീറ്റാ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിലച്ചു. 

ലോകത്തെ മുന്‍നിര ടെക്നോളജി ഭീമന്മാരായ ഗൂഗിളിനും ഫേസ്ബുക്കിനും എതിരെ പോലും നടപടി സ്വീകരിച്ചതിലൂടെ മറ്റ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ആപ്പിള്‍. ഗൂഗിളിന്റെ സ്ഥാപനങ്ങള്‍ക്കുള്ളില്‍ ജീവനക്കാര്‍ മാത്രം ഉപയോഗിക്കുന്ന ജിബസ്, കഫേ ആപ്പ് പോലുള്ളവയും പ്രവര്‍ത്തന രഹിതമായി. ആപ്പിളിന്റെ ആപ്പ് വിതരണ നയം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍റര്‍പ്രൈസ് സര്‍ട്ടിഫിക്കറ്റിന് കീഴില്‍ ഗൂഗിള്‍ നിര്‍മിച്ച സ്‌ക്രീന്‍വൈസ് മീറ്റര്‍ ആപ്ലിക്കേഷന്‍ ഐഫോണ്‍ ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിനുള്ളതായിരുന്നു. ഫെയ്‌സ്ബുക്കിന്റെ റിസര്‍ച്ച് ആപ്ലിക്കേഷനും സമാനമായ വിവരശേഖരണങ്ങള്‍ക്കായാണ് ഉപയോഗിച്ചിരുന്നത്. ഇത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഫെയ്‌സ്ബുക്കിനും ഗൂഗിളിനും എതിരെ നടപടി സ്വീകരിച്ചത്.

വ്യാഴാഴ്ച രാത്രിയോടെ ഗൂഗിളിന്റെ ആപ്ലിക്കേഷനുകള്‍ തിരിച്ചെത്തിയതായാണ് വിവരം. സ്ഥാപനങ്ങള്‍ക്കുള്ളില്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കായുള്ള ആപ്ലിക്കേഷനുകള്‍ക്ക് ആപ്പിള്‍ എന്റര്‍പ്രൈസ് സര്‍ട്ടിഫിക്കറ്റ് നല്‍കാറുണ്ട്. ഗൂഗിളിന്‍റെ ജിബസ്, കഫേ ആപ്പുകള്‍ ഇത്തരത്തിലുള്ളതാണ്. സാധാരണ ആപ്ലിക്കേഷനുകള്‍ക്ക് ഉണ്ടാവുന്ന പരിശോധനകള്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് ഉണ്ടാവാറില്ല.

loader