ഐപാഡുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിള്‍ നേരത്തെ ശ്രമിച്ചിരുന്നുവെങ്കിലും പല തിരിച്ചടികളെയും തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു

കാലിഫോര്‍ണിയ: ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് പുറമെ ഐപാഡും എയര്‍പോഡും നിര്‍മിക്കാന്‍ അമേരിക്കന്‍ കമ്പനിയായ ആപ്പിളിന്‍റെ ആലോചന. ഇന്ത്യയില്‍ മാത്രം 14 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ കഴിഞ്ഞ വര്‍ഷം നിര്‍മിക്കാന്‍ ആപ്പിളിനായിരുന്നു. ഈ വിജയമാണ് ആപ്പിളിനെ കൂടുതലായി ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. ചൈനയ്ക്ക് പുറത്തേക്ക് ഉപകരണങ്ങളുടെ നിര്‍മാണം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയില്‍ പുതിയ നിര്‍മാണ പങ്കാളിയെ തേടുകയാണ് ആപ്പിള്‍ എന്നാണ് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ട്. 

ഐപാഡുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിള്‍ നേരത്തെ ശ്രമിച്ചിരുന്നുവെങ്കിലും പല തടസങ്ങളെയും തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു. എന്നാല്‍ വീണ്ടും ഇന്ത്യന്‍ പ്ലാന്‍ ആലോചിക്കുന്ന ആപ്പിള്‍ കമ്പനി ഇന്ത്യയിലേക്ക് പുതിയ നിര്‍മാണ പങ്കാളിയെ തേടുകയാണ്. ഇന്ത്യയില്‍ പുതിയ നിര്‍മാണ പങ്കാളിയെ ലഭിച്ചാലുടന്‍ ആപ്പിള്‍ ഇവിടെ ഐപാഡ് നിര്‍മാണം ആരംഭിക്കും. 2025ന്‍റെ തുടക്കത്തോടെ എയര്‍പോഡുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനും ആപ്പിള്‍ ആലോചിക്കുന്നു. എയര്‍പോഡിന്‍റെ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനത്തിന്‍റെ ഭാഗങ്ങളുടെ നിര്‍മാണത്തില്‍ ഇന്ത്യന്‍ കമ്പനിയെ ആപ്പിള്‍ ഇതിനകം ഭാഗവാക്കാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായുള്ള പരീക്ഷണ നിര്‍മാണം പൂനെയില്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. 

ഭാവിയില്‍ ഇന്ത്യയില്‍ വച്ച് ആപ്പിള്‍ ലാപ്‌ടോപ്പുകളും ഡെസ്‌ക്‌ടോപ്പുകളും നിര്‍മിക്കാനും സാധ്യതയുണ്ട്. വരുന്ന രണ്ടുമൂന്ന് വര്‍ഷത്തേക്കെങ്കിലും ഇന്ത്യയിലെ വ്യവസായത്തിനായുള്ള പ്ലാന്‍ ആപ്പിള്‍ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സമീപവര്‍ഷങ്ങളില്‍ ആപ്പിള്‍ ഫോണുകള്‍ അസംബിള്‍ ചെയ്യുന്നതിന്‍റെ ഗണ്യമായൊരു ഭാഗം ഇന്ത്യയിലേക്ക് മാറ്റിയിരുന്നു. ഐഫോണ്‍ 15ന്‍റെ ഇന്ത്യന്‍ നിര്‍മിത ഫോണുകളും ചൈനീസ് നിര്‍മിത ഫോണുകളും ആപ്പിള്‍ പുറത്തിറക്കിയിരുന്നു. ഇന്ത്യയില്‍ പുതിയ നിര്‍മാണ പങ്കാളിയെ തേടുന്ന ആപ്പിള്‍ നിലവില്‍ ഇന്ത്യന്‍ കമ്പനികളുമായുള്ള സഹകരണം മെച്ചപ്പെടുത്താനും പദ്ധതിയിടുന്നു. 

Read more: ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഐഫോണിന്‍റെ നിയന്ത്രണം 'മറ്റൊരാള്‍' റാഞ്ചും; മുന്നറിയിപ്പുമായി ആപ്പിള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം