സന്‍ഫ്രാന്‍സിസ്കോ: ഐഫോണ്‍ XS അടക്കമുള്ള പുതിയ ഐഫോണുകള്‍ മികച്ച വില്‍പ്പന രേഖപ്പെടുത്തുകയാണ്. അപ്പോള്‍ തന്നെയാണ് അടുത്ത ഐഫോണ്‍ സംബന്ധിച്ച അഭ്യൂഹങ്ങളും പരക്കുന്നത്. 5ജി കണക്ടിവിറ്റിയോടെയായിരിക്കും അടുത്ത ഐഫോൺ എത്തുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ആപ്പിളിന് 5ജി മോഡം നിർമിച്ചു നൽകുന്നത് പ്രമുഖ ചിപ് നിർമാതാക്കളായ ഇന്‍റെല്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. 

അടുത്ത വർഷം പകുതിയോടെ ഇന്റെലിന്‍റെ XMM 8160 എന്ന 5ജി മോഡമാണ് ഫോൺ നിർമ്മാതാക്കൾക്കു കൈമാറുക. ആപ്പിൾ ഐഫോൺ ഈ മോഡം ഉപയോഗിച്ച് കമ്പനിയുടെ ആദ്യ 5ജി ഫോൺ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. 

ഐഫോണിൽ ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ 5ജിയുടെ ആദ്യ ഉപയോക്താക്കൾക്ക്  അനായാസം കൈകാര്യം ചെയ്യാൻ വഴിയൊരുക്കി സ്മാർട്ഫോൺ ഇന്നൊവേഷനിൽ സമാനകളില്ലാത്ത സ്ഥാപനമായി തലയുയർത്തി നിൽക്കുക എന്നതാണ് ആപ്പിളിന്റെ ലക്ഷ്യം. എന്നാൽ, ആദ്യ 5ജി സ്മാർട്ഫോൺ വൺ പ്ലസ് 7 ആയിരിക്കുമെന്നും ഷവോമി മി മിക്സ് 3 ആയിരിക്കും എന്നും വിവിധ റിപ്പോർട്ടുകളുണ്ട്.