ഉപയോക്താക്കൾക്ക് ഒരു പുതിയതരം സെർച്ചിംഗ് അനുഭവം നൽകാനുള്ള ഉത്തരവാദിത്തം എകെഐ ടീമിനെ ആപ്പിൾ ഏൽപ്പിച്ചിരിക്കുന്നു

കാലിഫോര്‍ണിയ: എഐ രംഗത്ത് അല്‍പം പിറകോട്ട് പോയോ ആപ്പിള്‍? ടെക് ലോകം ശ്രദ്ധിക്കുന്ന എല്ലാവരുടെയും മനസിലുള്ള ചോദ്യമാണത്. എതിരാളികള്‍ എഐ ചാറ്റ്‌ബോട്ടുകളും എഐ ബ്രൗസറുകളും വരെ നിര്‍മ്മിച്ച് കളംനിറയുമ്പോള്‍ ആപ്പിളിന്‍റെ 'സിരി'യുടെ അപ്‌ഗ്രേഡ് പോലും വൈകുകയാണ്. ആപ്പിള്‍ ഇന്‍റലിജന്‍സാവട്ടെ പ്രതീക്ഷിച്ച ചലനമുണ്ടാക്കിയിട്ടുമില്ല. ചാറ്റ്‌ജിപിടിയും പെർപ്ലെക്‌സിറ്റിയും പോലുള്ള എഐ ചാറ്റ്‌ബോട്ടുകളോട് കിടപിടിക്കുന്ന പുത്തന്‍ എഐ ടൂളിന്‍റെ പണിപ്പുരയിലാണ് ആപ്പിള്‍ എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. സ്വാഗതം ടെക് ടോക്കിലേക്ക്.

AKI... കേട്ടാല്‍ അല്‍പം കനം തോന്നിക്കുന്നതും നിഗൂഢവുമായ പേര്. എന്താണ് AKI എന്ന സംശയം പലര്‍ക്കും കാണും. പുത്തന്‍ സെര്‍ച്ച് എഐ ടൂള്‍ വികസിപ്പിക്കാന്‍ ആപ്പിള്‍ നിയോഗിച്ചിരിക്കുന്ന നിഗൂഢ ഇന്‍-ഹൗസ് സംഘത്തിന്‍റെ പേരാണ് AKI. "Answers, Knowledge, and Information" എന്നാണ് ഇതിന്‍റെ പൂര്‍ണരൂപം. ഐഫോൺ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നതിന് മുമ്പ് ചാറ്റ്‍ജിപിടിക്ക് സമാനമായ സവിശേഷതകളുള്ള ഒരു എഐ ചാറ്റ്‌ബോട്ട് വികസിപ്പിക്കുകയാണ് AKI-യുടെ ലക്ഷ്യം. എഐ സ്റ്റാര്‍ട്ടപ്പായ പെർപ്ലെക്‌സിറ്റിയും ഇക്കാര്യത്തില്‍ ആപ്പിളിന്‍റെ ഹിറ്റ്‌ ലിസ്റ്റിലുണ്ട്. ഉപയോക്താക്കൾക്ക് മികച്ച എഐ സെര്‍ച്ച് അനുഭവം നൽകുന്നതിന് ആപ്പിള്‍ iOS26-ൽ ഈ സവിശേഷത ചേർക്കും എന്നും രാജ്യാന്തര മാധ്യമമായ ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആപ്പിളിന്‍റെ ഈ AKI ടീമിനെ മുൻ സിരി എക്സിക്യൂട്ടീവായ റോബി വാക്കറാണ് നയിക്കുന്നത്. ഈ ടൂൾ, ചാറ്റ്‍ജിപിടി അല്ലെങ്കിൽ പെർപ്ലെക്സിറ്റി എഐ പോലെ ആയിരിക്കും പ്രവർത്തിക്കുക. ഇതിൽ, ഉപയോക്താക്കൾക്ക് എഐ അധിഷ്ഠിത തിരയൽ അനുഭവിക്കാം. സെര്‍ച്ച് അധിഷ്‌ഠിതമായ സ്വന്തം എഐ ചാറ്റ്ബോട്ട് എന്ന ലക്ഷ്യത്തിലേക്ക് ആപ്പിള്‍ വഴിവെട്ടുമ്പോള്‍ അതൊരു വഴിമാറിനടക്കല്‍ കൂടിയാണ്. ഐഫോൺ 16 സീരീസില്‍ എഐ ഉള്‍ച്ചേര്‍ക്കുന്നതിനായി ആപ്പിൾ ഓപ്പൺഎഐയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. ഈ പങ്കാളിത്തത്തിന്‍റെ ഭാഗമായി ആപ്പിളിന്‍റെ വോയ്‌സ് അസിസ്റ്റന്‍റായ സിരിയിൽ, ചാറ്റ്‍ജിപിടി സംയോജിപ്പിക്കുകയാണുണ്ടായത്. എന്നാല്‍ ഇപ്പോൾ ആപ്പിൾ സ്വന്തം ചാറ്റ്ബോട്ട് വികസിപ്പിച്ചുകൊണ്ട് ഉപയോക്താക്കൾക്ക് ഐഫോണ്‍ 17 സീരീസില്‍ കൂടുതല്‍ മികച്ച എഐ അനുഭവം നൽകാന്‍ ശ്രമിക്കുന്നു.

അതേസമയം, ആപ്പിൾ എഐ മേഖലയിൽ മറ്റ് ചില വെല്ലുവിളികളും നേരിടുന്നുണ്ട്. ഒരു മാസത്തിനുള്ളിൽ കമ്പനിയുടെ നാലാമത്തെ എഐ ഗവേഷകൻ രാജിവച്ച് മെറ്റയിൽ ചേർന്നു. ഇത് ആപ്പിളിന്‍റെ വലിയ ഭാഷാ മോഡലുകൾക്കും ജനറേറ്റീവ് എഐ സിസ്റ്റങ്ങൾക്കും ചുമതലയുള്ള ഗ്രൂപ്പായ ഫൗണ്ടേഷൻ മോഡൽസ് ടീമിന്‍റെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാക്കുന്നു. സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു ചാറ്റ്‍ജിപിടി ബദൽ വികസിപ്പിക്കാനുള്ള പെട്ടെന്നുള്ള നീക്കവും എകെഐ ടീമിന്‍റെ രൂപീകരണവുമൊക്കെ കൃത്രിമബുദ്ധിയിൽ ആപ്പിളിന്‍റെ സമീപകാല ശ്രദ്ധയെ സൂചിപ്പിക്കുന്നു. ഇതിൽ വിജയിച്ചാൽ ആപ്പിൾ ഇന്‍റലിജൻസിലെ നിലവിലുള്ള ചില വിടവുകൾ പരിഹരിക്കാൻ മാത്രമല്ല, ഭാവിയിൽ ഐഫോണുകളിൽ സെർച്ചിംഗ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പുനർനിർവചിക്കാനും കമ്പനിക്കാകും.

അടുത്തിടെ ആപ്പിളിന്‍റെ ഒരു സീനിയർ എക്സിക്യൂട്ടീവ്, കമ്പനിക്ക് ഒരു എഐ ചാറ്റ്ബോട്ട് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ്, അണിയറയില്‍ ആപ്പിളിന്‍റെ രഹസ്യ എഐ ചാറ്റ്‌ബോട്ട് ഒരുങ്ങുന്നതായുള്ള വാര്‍ത്ത പുറത്തുവരുന്നത്. ഇതിനുപുറമെ വോയിസ് അസിസ്റ്റന്‍റായ സിരിയും ആപ്പിള്‍ അപ്‌ഗ്രേഡ് ചെയ്യുമെന്ന് പറയപ്പെടുന്നു. എഐ കിടമത്സരത്തില്‍ ഇങ്ങനെ എതിരാളികളെ പിടിച്ചുകെട്ടാം എന്നാവും ആപ്പിളിന്‍റെ പ്രതീക്ഷ.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News