പോളിസി ലംഘനങ്ങളുടെ പേരില്‍ നിരോധിക്കപ്പെട്ട കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ അവസരം. പുതിയ ചാനൽ ആരംഭിക്കാൻ അഭ്യർഥിക്കാമെന്ന് യൂട്യൂബ് അധികൃതര്‍.
തിരുവനന്തപുരം: കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും മറ്റ് നയങ്ങളും പാലിക്കാത്തതിനാൽ അക്കൗണ്ടുകൾ നിരോധിക്കപ്പെട്ട കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് ഇപ്പോൾ പുതിയ അക്കൗണ്ട് തുടങ്ങാനുള്ള അവസരം നൽകാൻ യൂട്യൂബ് ഒരുങ്ങുന്നു. ഇതിനായി ഒരു പൈലറ്റ് പ്രോഗ്രാം അവതരിപ്പിക്കുന്നതായി യൂട്യൂബ് പ്രഖ്യാപിച്ചു. നിയമലംഘനം കാരണം ചാനലുകൾ താൽക്കാലികമായി ടെർമിനേറ്റ് ചെയ്യപ്പെട്ടവർക്ക് ഈ പ്രോഗ്രാം പുതിയൊരു അവസരം നൽകും. അത്തരം വ്യക്തികൾക്ക് ഒരു പുതിയ ചാനൽ ആരംഭിക്കാൻ അഭ്യർഥിക്കാം. ഇത് അവരുടെ ഐഡന്‍റിറ്റിയും പ്രേക്ഷകരെയും പുനഃസ്ഥാപിക്കാൻ അവസരം നൽകും. ആരുടെയെങ്കിലും ചാനൽ ടെർമിനേറ്റ് ചെയ്‌താൽ അത് തിരികെ ലഭിക്കാൻ മുമ്പ് ഒരു മാർഗവുമില്ലായിരുന്നു.
യൂട്യൂബിന്‍റെ ഈ പുതിയ പ്രോഗ്രാം യോഗ്യരായ കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനെ ചാനൽ പുനരാരംഭിക്കാൻ അനുവദിക്കും. പക്ഷേ അവർ പുതുതായി ചാനൽ തുടങ്ങണം. കൂടാതെ അവരുടെ പഴയ അക്കൗണ്ടിലേക്ക് സബ്‌സ്‌ക്രൈബർമാർക്ക് ആക്‌സസ് ലഭിക്കില്ല. മാത്രമല്ല എല്ലാ കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനും ഈ സെക്കൻഡ് ചാൻസ് ലഭിക്കില്ല. ഗുരുതരമായതോ ആവർത്തിച്ചുള്ളതോ ആയ നിയമലംഘനങ്ങൾ നടത്തിയവർ, യൂട്യൂബ് പ്ലാറ്റ്‌ഫോമിന് ദോഷം വരുത്തിയ പ്രവൃത്തികൾ ചെയ്‌തവർ എന്നിവർക്ക് ഈ പ്രോഗ്രാമിന് അർഹതയുണ്ടായിരിക്കില്ല. കൂടാതെ, പകർപ്പവകാശ ലംഘനമോ ക്രിയേറ്റർ ഉത്തരവാദിത്ത നയത്തിന്‍റെ ലംഘനമോ കാരണം ചാനലുകൾ താൽക്കാലികമായി നിർത്തിവച്ചവർക്കും അർഹതയുണ്ടായിരിക്കില്ല.
യൂട്യൂബിലെ സെക്കൻഡ് ചാൻസ് പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കും?
മുമ്പ് ടെർമിനേറ്റ് ചെയ്യപ്പെട്ട കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് പുതിയ ചാനൽ ആരംഭിക്കാൻ രണ്ടാമതൊരു അവസരം നൽകുമെന്ന് യൂട്യൂബ് ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. പുതിയ ചാനലുകൾക്കായുള്ള അഭ്യർഥനകൾ വിലയിരുത്തുമ്പോൾ, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുടെ ഗുരുതരമായതോ തുടർച്ചയായതോ ആയ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോ, ക്രിയേറ്റേഴ്‌സിന്‍റെ ഓൺ-പ്ലാറ്റ്‌ഫോം അല്ലെങ്കിൽ ഓഫ്-പ്ലാറ്റ്‌ഫോം പ്രവർത്തനം യൂട്യൂബ് കമ്മ്യൂണിറ്റിയെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ തുടർന്നും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടോ തുടങ്ങിയ നിരവധി ഘടകങ്ങൾ പ്ലാറ്റ്‌ഫോം പരിഗണിക്കും.
വരും ആഴ്‌ചകളിൽ, മുമ്പ് അവസാനിപ്പിച്ച ചാനലിൽ നിന്ന് ഡെസ്‌ക്‌ടോപ്പിൽ യൂട്യൂബ് സ്റ്റുഡിയോയിൽ ലോഗിൻ ചെയ്യുന്ന യോഗ്യരായ ക്രിയേറ്റേഴ്‌സിന് പുതിയ ചാനൽ അഭ്യർഥിക്കാനുള്ള ഒരു ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്‌തുകഴിഞ്ഞാൽ, അവരുടെ അഭ്യർഥന റിവ്യൂ ചെയ്യാൻ യൂട്യൂബിന് അയയ്‌ക്കും. ആ ക്രിയേറ്ററുടെ കണ്ടന്‍റ് നിലവിലുള്ള നയങ്ങളൊന്നും ലംഘിക്കുന്നില്ലെന്ന് യൂട്യൂബ് കണ്ടെത്തിയാൽ അഭ്യർഥന അംഗീകരിക്കപ്പെട്ടേക്കാം. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ അവർക്ക് ഒരു പുതിയ ചാനൽ സജ്ജീകരിക്കാനാകും.
ആർക്കാണ് ഇതിന് അർഹതയുള്ളത്?
യോഗ്യതയുള്ളവർക്ക്, പഴയ ചാനൽ ഉപയോഗിച്ച് ഡെസ്‌ക്‌ടോപ്പിൽ യൂട്യൂബ് സ്റ്റുഡിയോയിൽ ലോഗിൻ ചെയ്യുമ്പോൾ പുതിയ ചാനൽ സൃഷ്‍ടിക്കാനുള്ള ഓപ്ഷൻ കാണാൻ സാധിക്കും. അവരുടെ അഭ്യർഥന അംഗീകരിക്കപ്പെട്ടാൽ, അവർക്ക് പുതിയൊരു ചാനൽ ആരംഭിക്കാൻ കഴിയും. അതേസമയം ആരെങ്കിലും അവരുടെ ചാനലോ ഗൂഗിൾ അക്കൗണ്ടോ സ്വയം ഇല്ലാതാക്കിയിട്ടുണ്ടെങ്കിൽ, അവർക്ക് ഈ ഓപ്ഷൻ കാണാൻ കഴിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ചാനൽ ടെർമിനേറ്റ് ചെയ്‌തതിന് ശേഷം ഒരു വർഷത്തേക്ക് പുതിയ ചാനൽ സൃഷ്ടിക്കാൻ ക്രിയേറ്റേഴ‌്‌സിന് അപേക്ഷിക്കാൻ കഴിയില്ലെന്നും യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയത്ത്, അവർക്ക് താൽപ്പര്യമുണ്ടെങ്കിൽ ടെർമിനേഷൻ നടപടിക്കെതിരെ അപ്പീൽ നൽകാം. പുതിയ ചാനൽ സൃഷ്ടിക്കാൻ അവർക്ക് അനുവാദമുണ്ടെങ്കിൽ, പഴയ വീഡിയോകൾ വീണ്ടും അപ്‌ലോഡ് ചെയ്യുക (അവ നിയമങ്ങൾ പാലിക്കുകയാണെങ്കിൽ), അല്ലെങ്കിൽ പുതിയ ഉള്ളടക്കത്തിലൂടെ കാഴ്‌ചക്കാരെ തിരികെ നേടണം. ഇതിനുശേഷം പുതിയ ചാനൽ യൂട്യൂബ് പ്രോഗ്രാമിന്‍റെ മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ, ക്രിയേറ്റേഴ്‌സിന് വീണ്ടും വരുമാനം നേടാൻ കഴിയും. തെറ്റ് ചെയ്‌തെങ്കിലും ഇപ്പോൾ ഉത്തരവാദിത്തത്തോടെ തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്ക് ഈ നീക്കം ഒരു പുതിയ പ്രതീക്ഷ നൽകുന്നു.



