16 ബില്യണിലധികം പാസ്‌വേഡുകൾ ഓൺലൈനിൽ ചോർന്നതായി റിപ്പോർട്ട്. ഈ ചോർച്ച ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾക്ക് ഭീഷണി ഉയർത്തുന്നു.

16 ബില്യണിലധികം പാസ്‌വേഡുകൾ ഓൺലൈനിൽ ചോർന്നതായി റിപ്പോര്‍ട്ട്. ഇന്‍റർനെറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡാറ്റ ചോര്‍ച്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ചോർച്ച ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾക്ക് കാര്യമായ ഭീഷണി ഉയർത്തുന്നുവെന്ന് സൈബർന്യൂസ്, ഫോർബ്സ് എന്നിവയുടെ റിപ്പോർട്ടുകൾ പറയുന്നു.

ഇത് ലോകമെമ്പാടും ഓണ്‍ലൈൻ തട്ടിപ്പുകൾക്കും അക്കൗണ്ട് ഹാക്കിംഗിനും ഇടയാക്കും. വർഷങ്ങളായി പ്രചരിക്കുന്ന പഴയ ഡാറ്റാ ശേഖരം മാത്രമല്ല ചോര്‍ന്നതെന്നാണ് സുരക്ഷാ ഗവേഷകർ പറയുന്നത്. ചോർന്ന വിവരങ്ങളിൽ ഭൂരിഭാഗവും പുതിയതും, നല്ല രീതിയിൽ ക്രമീകരിച്ചിരിക്കുന്നതും, ഇൻഫോസ്റ്റീലർസ് എന്നറിയപ്പെടുന്ന ഒരുതരം മാൽവെയർ വഴി ശേഖരിച്ചതുമാണെന്ന് പറയപ്പെടുന്നു. ഈ മാൽവെയർ പ്രോഗ്രാമുകൾ ആളുകളുടെ ഉപകരണങ്ങളിൽ നിന്ന് ഉപയോക്തൃനാമങ്ങളും പാസ്‌വേഡുകളും മോഷ്ടിക്കുകയും ഹാക്കർമാർക്ക് അയയ്ക്കുകയും ചെയ്യുന്നു, അവർ അത് നേരിട്ട് ഉപയോഗിക്കുകയോ ഡാർക്ക് വെബ് ഫോറങ്ങളിൽ വിൽക്കുകയോ ചെയ്യുന്നു.

ചോർച്ചയിൽ എന്തെല്ലാമാണ് ഉള്ളത്?

ഇമെയിൽ, ഗൂഗിൾ, ഫേസ്ബുക്ക്, ടെലിഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മുതൽ GitHub-ലെ ഡെവലപ്പർ അക്കൗണ്ടുകൾ, ചില സർക്കാർ പോർട്ടലുകൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങളുടെ ലോഗിൻ വിവരങ്ങൾ ചോർന്ന ഡാറ്റയിൽ ഉൾപ്പെടുന്നു. മിക്ക വിവരങ്ങളും വെബ്‌സൈറ്റ് ലിങ്ക്, തുടർന്ന് ഉപയോക്തൃനാമം, പാസ്‌വേഡ് എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു, ഇത് ഹാക്കര്‍മാര്‍ക്ക് ഈ ഡാറ്റ ഉപയോഗിക്കാൻ എളുപ്പമാക്കുന്നു.

ഡാറ്റ എത്രത്തോളം ക്രമീകരിച്ചിരിക്കുന്നു, ഉപയോഗിക്കാൻ കഴിയുന്നതാണ് എന്നതിന്‍റെ പേരിൽ വിദഗ്ധര്‍ ഈ ലംഘനത്തെ ആഗോള സൈബർ കുറ്റകൃത്യത്തിനുള്ള ബ്ലൂപ്രിന്‍റ് എന്നാണ് വിളിക്കുന്നത്. ദശലക്ഷക്കണക്കിന് മുതൽ ബില്യൺ കണക്കിന് ലോഗിൻ വിവരങ്ങൾ അടങ്ങിയ ഏകദേശം 30 വലിയ ഡാറ്റാ സെറ്റുകൾ ശേഖരിച്ചതായി വിശ്വസിക്കപ്പെടുന്നു.

ഗൗരവമുള്ള വിഷയം

മോഷ്ടിച്ച ഈ ഡാറ്റ എത്ര എളുപ്പത്തിൽ വാങ്ങാൻ കഴിയും എന്നതാണ് ഈ സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നത്. പരിമിതമായ സാങ്കേതിക അറിവുള്ള ആളുകൾക്ക് പോലും ഡാർക്ക് വെബിൽ ഈ പാസ്‌വേഡുകൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് സാധാരണ ഉപയോക്താക്കൾ മുതൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വരെ വലിയ ഭീഷണിയാണ്.

പരമ്പരാഗത പാസ്‌വേഡുകളിൽ നിന്ന് പാസ്‌കീകൾ പോലുള്ള കൂടുതൽ സുരക്ഷിതമായ ഓപ്ഷനുകളിലേക്ക് മാറാൻ ഗൂഗിൾ ഇതിനകം ആളുകളെ ഉപദേശിച്ചിട്ടുണ്ട്. എംഎംഎസ് അല്ലെങ്കിൽ ഇമെയിലുകൾ വഴി അയയ്‌ക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കാനും, പ്രത്യേകിച്ചും ലോഗിൻ വിവരങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ ജാഗ്രത പുലര്‍ത്തണമെന്നും പൊതുജനങ്ങൾക്ക് എഫ്ബിഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇപ്പോൾ എന്തുചെയ്യണം?

എല്ലാ പ്രധാന അക്കൗണ്ടുകളിലും പാസ്‌വേഡുകൾ മാറ്റുക, ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) ഓണാക്കുക, എല്ലാം സുരക്ഷിതമായി സൂക്ഷിക്കാൻ പാസ്‌വേഡ് മാനേജർ ആപ്പുകൾ ഉപയോഗിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ വിവരങ്ങൾ ഏതെങ്കിലും അറിയപ്പെടുന്ന ചോർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഡാർക്ക് വെബ് മോണിറ്ററിംഗ് ടൂളുകൾ ഉപയോഗിച്ച് പരിശോധിക്കുന്നതും നല്ലതാണ്. നിങ്ങളുടെ ഇമെയിലോ പാസ്‌വേഡോ ഏതെങ്കിലും ചോർച്ചകളിൽ കണ്ടെത്തിയാൽ ഈ ടൂളുകൾക്ക് നിങ്ങളെ അറിയിക്കാൻ കഴിയും.