റിയോ: വാട്ട്സ്ആപ്പിന് എട്ടുമാസത്തിനിടയില്‍ മൂന്നാം തവണയും വിലക്കി ബ്രസീല്‍. എന്നാല്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ മൂലം മണിക്കൂറുകള്‍ക്ക് ശേഷം വാട്ട്സ്ആപ്പ് സേവനം തിരിച്ചുവന്നു. വാട്ട്സ്ആപ്പിന്‍റെ മൂന്നാമത്തെ ഏറ്റവും വലിയ ഉപയോക്തരാജ്യത്തിലെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കിയത്. വാട്ട്സ്ആപ്പ് രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന സോഷ്യലിസ്റ്റ് പോപ്പുലര്‍ പാര്‍ട്ടിയുടെ ഹര്‍ജിയില്‍ ബ്രസീലിയന്‍ കോടതിയുടെ വിധിയാണ് വാട്ട്സ്ആപ്പ് സേവനങ്ങളെ തടസപ്പെടുത്തിയത്

ഇതോടെ ചൊവ്വാഴ്ച ഉച്ചയോടെ ബ്രസീലില്‍ വാട്ട്സ്ആപ്പ് പ്രവര്‍ത്തനങ്ങള്‍ നിലച്ചു. പിന്നീട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് റിക്കാഡോ ലെവന്‍ഡോവസ്കി ഇത് റദ്ദാക്കി വിധി പുറപ്പെടുവിച്ചു. എന്നാല്‍ വിധി സുപ്രീംകോടതി ബെഞ്ചിലേക്ക് എത്തുന്നതുവരെയുള്ള താല്‍ക്കാലിക റദ്ദാക്കലാണ് ഇതെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന പേരില്‍ രാജ്യത്തെ കോടതികളില്‍ വിവിധ കേസുകള്‍ നടക്കുകയാണ്. അതിന്‍റെ ഭാഗമായി എട്ട് മാസത്തിനുള്ളില്‍ ഇതിനകം രണ്ട് പ്രവാശ്യം വാട്ട്സ്ആപ്പ് സേവനങ്ങള്‍ ബ്രസീലില്‍ തടസപ്പെട്ടിരുന്നു. ഇതില്‍ പുതിയ എപ്പിസോഡാണ് ഇന്നലെ നടന്നത്. 100 ദശലക്ഷം ബ്രീസീലുകാരാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത് എന്നാണ് കണക്ക്.

അതേ സമയം വാട്ട്സ്ആപ്പ് ഈ വിഷയം ഗൗരവമായാണ് കാണുന്നത്, ഈ കാര്യത്തില്‍ കോപ്പറേറ്റ് ക്രിമിനല്‍ നിയമപ്രകാരം അന്വേഷണം നടത്തണമെന്ന് വാട്ട്സ്ആപ്പ് ആവശ്യപ്പെട്ടു കഴിഞ്ഞു. ബ്രസീലിലെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടുന്നില്ലെന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്.