ബിഎസ്എന്‍എല്‍ 3ജി നെറ്റ്വര്‍ക്ക് കൃത്യമായി ലഭിക്കുന്നില്ലെന്ന് സംസ്ഥാനത്ത് വ്യാപകമായ പരാതി. എന്നാല്‍ ഇപ്പോഴത്തെ തടസ്സം പൂര്‍ണ്ണമായ ബ്ലാക്ക് ഔട്ട് അല്ല,  ഇടയ്ക്കിടെ ബിഎസ്എൻഎൽ 2 ജി നെറ്റ് വർക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ത്രീജി റീചാര്‍ജ് ചെയ്ത് 2ജി ലഭിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

സംഭവത്തില്‍ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ കൃത്യമായ ഉത്തരം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. നെറ്റ്വര്‍ക്ക് അപ്ഡേഷന്‍ നടക്കുകയാണ് അതിനാലാണ് ഇപ്പോള്‍ പ്രശ്നം നേരിടുന്നത് എന്നാണ് അവിടുന്ന് ലഭിക്കുന്ന ഉത്തരം പക്ഷെ, എപ്പോള്‍ ഇത് ശരിയാകും എന്നതില്‍ വ്യക്തമായ ഉത്തരം ഇവര്‍ സാധാരണ ഉപയോക്താവിന് നല്‍കുന്നില്ല. 

അതേ സമയം ബിഎസ്എന്‍എല്‍ വൃത്തങ്ങളെ ബന്ധപ്പെട്ടപ്പോള്‍, ചെന്നൈയിലെ ഗേറ്റ് വേ ജിപിആർഎസ് സപ്പോര്‍ട്ട് നോഡിലുള്ള പ്രശ്നമാണ് ഇപ്പോൾ 3 ജി സ്പീഡ് ലഭിക്കാത്തതിനു കാരണം എന്നാണ് അറിയുന്നതത്. കഴിഞ്ഞ മൂന്നു ദിവസമായി ചെന്നൈയിൽ ഇതിന്റെ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. 

അതിനാൽ ദക്ഷിണേന്ത്യയിലെ മുഴുവൻ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കും വേഗം കുറഞ്ഞ 3 ജിയാണ് ലഭിക്കുന്നത്. 3 ജിയുടെ വേഗക്കുറവ് താൽക്കാലിക പ്രശ്നം മാത്രമാണെന്നും അധികൃതർ പറയുന്നു. എന്തായാലും വെള്ളയാഴ്ച രാത്രിയോടെ പലസ്ഥലത്തും അത്യാവശ്യം പ്രശ്നം പരിഹരിച്ചതായി ഇവര്‍ പറയുന്നു.