ബിഎസ്‌എൻഎൽ ഐപിഎൽ 251 പ്രീപെയ്‌ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ചു, 251 ജിബി ഡാറ്റ, 60 ദിവസം വാലിഡിറ്റി
ദില്ലി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎൽ) ഇന്ത്യയിലെ പ്രീപെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്കായി അടുത്തിടെ ഒരു പുതിയ റീചാർജ് പ്ലാൻ പ്രഖ്യാപിച്ചു. 251 രൂപ വിലയുള്ള ഈ പ്ലാൻ ഒരു പ്രത്യേക താരിഫ് വൗച്ചർ (എസ്ടിവി) ആയിട്ടാണ് എത്തിയത്. അതായത്, ഇതിന് ആക്ടീവ് സർവ്വീസ് വാലിഡിറ്റി ഇല്ല. പുതിയ പ്രീപെയ്‌ഡ് റീചാർജ് വൗച്ചർ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025-ന്‍റെ കാഴ്ചക്കാരെ ലക്ഷ്യമിടുന്നു. കൂടാതെ ഡാറ്റ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
251 രൂപയാണ് ബിഎസ്എന്‍എല്ലിന്‍റെ ഐപിഎല്‍ കേന്ദ്രീകൃത പ്ലാനിന്‍റെ വില. കമ്പനി സമീപകാലത്ത് അവതരിപ്പിച്ച കുറഞ്ഞ നിരക്കിലുള്ള റീചാര്‍ജ് പാക്കുകളുടെ തുടര്‍ച്ചയാണിത്. 60 ദിവസത്തേക്ക് 251 ജിബി വരെ ഡാറ്റ ഈ പ്ലാൻ വാഗ്‍ദാനം ചെയ്യുന്നു. ഫെയർ യൂസേജ് പോളിസി (എഫ്‌യുപി) പ്രകാരം, പരിധി തീരുന്നതുവരെ ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത ഇന്റർനെറ്റ് ആസ്വദിക്കാൻ കഴിയും. അതിനുശേഷം വേഗത 40 കെബിപിഎസായി കുറയും. അതേസമയം 251 രൂപയുടെ എസ്‍ടിവിക്ക് സ്വന്തമായി സർവീസ് വാലിഡിറ്റി ഇല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, ഇത് പ്രവർത്തിക്കുന്നതിന് ഒരു ആക്ടീവ് ബേസ് പ്ലാൻ ആവശ്യമാണ്.
ഐപിഎൽ കേന്ദ്രീകരിച്ചുള്ള പ്രീപെയ്‌ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം ഓപ്പറേറ്റർ ബിഎസ്‌എൻഎൽ മാത്രമല്ല. എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ ( വി) തുടങ്ങിയ എതിരാളികളും ഡാറ്റ ആനുകൂല്യങ്ങളുള്ള പായ്ക്കുകൾ അവതരിപ്പിച്ചിട്ടുണ്ട്. ജിയോയുടെ 100 രൂപ ജിയോഹോട്ട്സ്റ്റാറിലേക്ക് 90 ദിവസത്തെ കാലയളവിലേക്ക് സൗജന്യ പരസ്യ പിന്തുണയുള്ള സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നു .
അതേസമയം, എയർടെൽ ജിയോഹോട്ട്സ്റ്റാറിന്‍റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ രണ്ട് പുതിയ ക്രിക്കറ്റ് പായ്ക്കുകൾ പുറത്തിറക്കിയിട്ടുണ്ട്. 100 രൂപയുടെ പ്രീപെയ്‌ഡ് റീചാർജ് പാക്കിൽ 30 ദിവസത്തെ വാലിഡിറ്റിയിൽ 5 ജിബി ഡാറ്റയും 30 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ ആക്‌സസും ഉൾപ്പെടുന്നു. 195 രൂപയുടെ പ്ലാനിൽ 15 ജിബി ഡാറ്റയും 90 ദിവസത്തെ ഒടിടി സ്ട്രീമിംഗ് സേവന സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാണ്. ഐപിഎല്‍ സീസണിനിടെ ആകര്‍ഷകമായ ലൈവ് സ്ട്രീമിംഗ് റീചാര്‍ജ് പ്ലാനുകളുമായി മത്സരിക്കുകയാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍.
