ബിഎസ്എന്‍എല്‍ 2025 ഡിസംബറോടെ ദില്ലിയിലും മുംബൈയിലും 5ജി നെറ്റ്‌വര്‍ക്ക് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ 4ജി വിന്യാസം പുരോഗമിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ദില്ലി: പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്ലിന്‍റെ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) 5ജി സേവനം ഈ വര്‍ഷം ഡിസംബറോടെ ദില്ലിയിലും മുംബൈയിലും ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ടെലികോം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദേശീയ മാധ്യമമായ ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ബിഎസ്എന്‍എല്‍ തദ്ദേശീയമായി വികസിപ്പിച്ച 5ജി സാങ്കേതികവിദ്യ പരീക്ഷണ ഘട്ടത്തില്‍ വിജയമാണെന്നും സുഗമമായി പ്രവര്‍ത്തിക്കുന്നതായും ടെലികോം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി വാര്‍ത്തയില്‍ വിശദീകരിക്കുന്നു. 4ജി പോലെതന്നെ 5ജിയിലും തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളും സാങ്കേതികവിദ്യയുമാണ് നെറ്റ്‌വര്‍ക്ക് വിന്യാസത്തിനായി ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നത്.

വരുന്നു ബിഎസ്എന്‍എല്‍ 5ജി

ഒരു തകരാറുകളുമില്ലാതെ എല്ലാ ഉപകരണങ്ങളും സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2025 ഡിസംബറോടെ ഇരു നഗരങ്ങളിലും വാണിജ്യാടിസ്ഥാനത്തില്‍ 5ജി വിന്യാസം നടത്താനാകും എന്നാണ് കണക്കുകൂട്ടുന്നത് എന്നും ടെലികോം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥാന്‍ വ്യക്തമാക്കി. രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ രാജ്യാവ്യാപകമായി 5ജി സേവനം ഇതിനകം നല്‍കുന്നുണ്ട്. എന്നാല്‍ വളരെ വൈകിയാണ് ബിഎസ്എന്‍എല്ലിന്‍റെ 5ജി സേവനം രാജ്യത്ത് തുടങ്ങുന്നത്. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ 4ജി വിന്യാസം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 4ജി സേവനം ആരംഭിക്കുന്നത് വൈകിയതിനാല്‍ ബിഎസ്എന്‍എല്ലിന് ഏറെ വരിക്കാരെ നഷ്‌ടമായിരുന്നു, ഇവര്‍ സ്വകാര്യം ടെലികോം ഓപ്പറേറ്റര്‍മാരിലേക്ക് സിം കാര്‍ഡുകള്‍ പോര്‍ട്ട് ചെയ്യുകയോ പുതിയ സിമ്മുകള്‍ എടുക്കുകയോ ചെയ്യുകയായിരുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും തേജസ് നെറ്റ്‌വര്‍ത്തും സി-ഡോട്ടും ചേര്‍ന്നുള്ള കണ്‍സോഷ്യമാണ് രാജ്യത്ത് ബിഎസ്എന്‍എല്ലിനായി ഒരുലക്ഷം 4ജി ടവറുകള്‍ സ്ഥാപിക്കുന്നത്. 25,000 കോടിയിലേറെ രൂപയുടേതാണ് കരാര്‍. ഈ ഉപകരണങ്ങള്‍ 5ജിയിലേക്ക് നേരിട്ട് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുന്നവയാണ്. ഇതുവരെ ബിഎസ്എന്‍എല്‍ 95000 4ജി ടവറുകള്‍ പൂര്‍ത്തിയായി.

ബിഎസ്എന്‍എല്ലിന് കേന്ദ്ര പിന്തുണ

ബിഎസ്എന്‍എല്ലിന്‍റെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ 47,000 കോടി രൂപ അധികമായി ടെലികോം മന്ത്രാലയം 2025 ഓഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു. ട്രായ്‌യുടെ കണക്കുകള്‍ പ്രകാരം ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനും 7.79 ശതമാനം മാത്രം വിപണി വിഹിതമാണുള്ളത്. ഇത് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങളോടെ ശ്രമം നടക്കുന്നത്. ബിഎസ്എന്‍എല്‍ സേവനങ്ങളെ കുറിച്ച് ഉപഭോക്താക്കള്‍ക്കുള്ള പരാതികളും പൂര്‍ണമായും പരിഹരിക്കാന്‍ ഇതുവരെ കമ്പനിക്കായിട്ടില്ല.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming