ഫേസ്ബുക്കിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് തന്റെ പുതുവര്‍ഷ തീരുമാനമെന്ന് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുക്കര്‍ബര്‍ തന്റെ പുതുവര്‍ഷ തീരുമാനം വെളിപ്പെടുത്തിയത്. അധിക്ഷേപം, വിദ്വേഷം, വ്യാജവാര്‍ത്ത, രാജ്യതാല്‍പര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഫേ്‌സ്ബുക്കിനുള്ള പ്രശ്‌നം പരിഹരിക്കുക എന്നതാണ് തന്റെ പുതിയ വര്‍ഷത്തെ തീരുമാനമെന്ന് സുക്കര്‍ബര്‍ഗ് തന്റെ ഫേ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

''ഓരോ വര്‍ഷവും ഞാന്‍ പുതിയ എന്തെങ്കിലും പഠിക്കാന്‍ വ്യക്തിപരമായ വെല്ലുവിളി ഏറ്റെടുക്കുന്നു. എല്ലാ യുഎസ് സംസ്ഥാനവും സന്ദര്‍ശിച്ചു, 365 മൈല്‍ ഓടി, എന്റെ വീടിനു വേണ്ടി ഒരു അക നിര്‍മ്മിച്ചു, 25 പുസ്തകങ്ങള്‍ വായിച്ചു, മാന്‍ഡറിന്‍ അങ്ങനെ അങ്ങനെ, 2018 ലെ എന്നോടുതന്നെയുള്ള എന്റെ വെല്ലുവിളി പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ്. 2009 ല്‍ ഈ വെല്ലുവിളി നേരിട്ടാണ് ഫേസ്ബുക്ക് തുടങ്ങുന്നത്. ആദ്യവര്‍ഷം സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലായിരുന്നു, പിന്നീട് ഫേസ്ബുക്ക് ലാഭകരമല്ല.

ഞങ്ങള്‍ നല്‍കുന്ന സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിലും നയങ്ങള്‍ നടപ്പാക്കുന്നതിലും ഞങ്ങള്‍ക്ക് നിരവധി പിഴവുകളുണ്ടാവുന്നുണ്ട്. ഈ വര്‍ഷം വിജയിച്ചാല്‍ ഞങ്ങള്‍ കൂടുതല്‍ മികച്ച നിലയിലെത്തുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിനായി റഷ്യന്‍ ബന്ധമുള്ളവര്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച ഉള്ളടക്കങ്ങള്‍ 12.6 കോടി ഉപയോക്താക്കള്‍ കണ്ടതായി കഴിഞ്ഞ വര്‍ഷം ഫെയ്‌സ്ബുക്ക് അമേരിക്കന്‍ അധികാരികളെ അറിയിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ അഭിപ്രായ വോട്ടെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണത്തില്‍ ഫെയ്‌സ്ബുക്കും ട്വിറ്ററും അന്വേഷണം നേരിടുന്നുണ്ട്. 

ചരിത്രം, നാഗരികത, രാഷ്ട്രീയ തത്ത്വശാസ്ത്രം, മാധ്യമങ്ങള്‍, സര്‍ക്കാര്‍, പിന്നെ സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നിലവിലുള്ള പ്രശ്‌നങ്ങളിലൂടെ ഉയര്‍ന്നുവരുന്നതെന്നും ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദഗ്ദ സംഘങ്ങളുടെ സഹായം തേടുമെന്നും'' സുക്കര്‍ബര്‍ഗ് പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്കില്‍ ചിലവഴിക്കുന്ന സമയം മികച്ചരീതിയില്‍ ചിലവഴിച്ച സമയമാണെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.