വാഷിങ്ങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ സിഐഎയ്ക്ക് ആപ്പിള്‍ കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുണ്ടെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. ആപ്പിള്‍ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ ബഗ്ഗുപയോഗിച്ച് നിയന്ത്രിക്കാനും, വിവരങ്ങള്‍ എടുക്കാനും സിഐഎയ്ക്ക് സാധിക്കുമെന്നാണ് വെളിപെടുത്തല്‍. ഇത്തരത്തില്‍ കംപ്യൂട്ടറുകളുടെ ബാധിക്കുന്ന ബഗ് സിസ്റ്റം റീ ഇന്‍സ്റ്റാള്‍ ചെയ്താലും പോകില്ലെന്ന് വിക്കിലീക്‌സ് പറയുന്നു.

ആപ്പിളിന്‍റെ വിതരണ ശൃംഖലകളെ ബാധിക്കുന്ന തരത്തില്‍ ബഗ്ഗുകള്‍ ഐപാഡില്‍ വെക്കാന്‍ 2008 മുതല്‍ തന്നെ യുഎസ് ചാരസംഘടനയ്ക്ക് സാധിക്കുമായിരുന്നെന്ന് വിക്കിലീക്സ് പുറത്തുവിട്ട പുതിയ രേഖകള്‍ പറയുന്നത്. സിഐഎ വിക്കിലീക്‌സിന്‍റെ പുതിയ വെളിപെടുത്തലുകളോട് പ്രതികരിച്ചിട്ടില്ല.

ആപ്പിളിന്റെ ഐപാഡ്, കംപ്യൂട്ടര്‍ എന്നിവ ഉപയോഗിച്ച് സിഐഎ എങ്ങനെയാണ് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങളിലേക്കാണ് വിക്കിലീക്ക്സ് വിരല്‍ചുണ്ടുന്നത്.

2012ല്‍ സിഐഎ രൂപപെടുത്തിയ ‘സോണിക്ക് സ്‌ക്രൂഡ്രൈവര്‍’ ന്‍റെ സഹായത്താല്‍ ബഗ്ഗുകള്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് വിവരങ്ങള്‍ സിഐഎ ചോര്‍ത്തുന്നത്. ഇതു ഉപയോഗിച്ച് തിരിച്ചറിയപെടാനാകാത്ത ബഗ്ഗാണ് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. കംപ്യൂട്ടര്‍ ഫോര്‍മാറ്റ് ചെയ്താലും ബഗ്ഗുകള്‍ നീക്കാന്‍ സാധിക്കില്ല.