വിശാഖപട്ടണത്ത് 182.76 മില്യണ്‍ ഡോളര്‍ ചിലവില്‍ കൊഗ്നിസന്‍റ് പുതിയ ക്യാംപസ് സ്ഥാപിക്കുന്നു
ബെംഗളൂരു: പ്രമുഖ ഐടി കമ്പനിയായ കൊഗ്നിസന്‍റ് ദക്ഷിണേന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നു. ആന്ധ്രയിലെ വിശാഖപട്ടണത്ത് 182.76 മില്യണ്‍ ഡോളര്‍ (1582 കോടി രൂപ) ചിലവില്‍ കൊഗ്നിസന്‍റ് പുതിയ ക്യാംപസ് സ്ഥാപിക്കും. 8000 പേര്‍ക്ക് ഇത് തൊഴില്‍ നല്‍കുമെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഐടി ക്യാംപസ് തുടങ്ങുന്നതിനായി 21.31 ഏക്കര്‍ സ്ഥലമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പാട്ടത്തിന് കൊഗ്നിസന്‍റിന് കൈമാറുക.
കൊഗ്നിസന്‍റിന്‍റെ പുതിയ പാര്‍ക്ക് 2029 മാര്‍ച്ചോടെ നിര്‍മ്മാണം പൂര്‍ത്തിയായി പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആന്ധ്രാ സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) 13.70 ബില്യണ്‍ (1370 കോടി രൂപ) ചിലവില്‍ വിശാഖപട്ടണത്ത് പുതിയ ക്യാംപസ് സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് നഗരത്തിലേക്ക് കൊഗ്നിസന്‍റും വരവ് പ്രഖ്യാപിച്ചത്. വിശാഖപട്ടണത്തെ ടിസിഎസ് സംരംഭം 12,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് വാഗ്‌ദാനം. രണ്ടാംനിര നഗരങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള കൊഗ്നിസന്‍റിന്‍റെ പുത്തന്‍ തന്ത്രത്തിന്‍റെ ഭാഗമായാണ് വിശാഖപട്ടണത്ത് നിക്ഷേപം വരുന്നത്. 2025ല്‍ 20.5 ബില്യണ്‍ ഡോളറിനും 20.80 ബില്യണ്‍ ഡോളറിനും മധ്യേയുള്ള വാര്‍ഷിക വരുമാനമാണ് കൊഗ്നിസന്‍റ് പ്രതീക്ഷിക്കുന്നത്.
അമേരിക്കയിലെ ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയാണ് കൊഗ്നിസന്‍റ്. 1994ല്‍ ചെന്നൈയിലായിരുന്നു കൊഗ്നിസന്‍റിന്‍റെ തുടക്കം.



