ഒരു കമ്പനിയുടെ ഉത്പന്നം എത്ര മികച്ചതാണെങ്കിലും ഓണ്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ് എഐ കേന്ദ്രീകൃതമാണെങ്കില്‍ സംഭവിക്കാന്‍ സാധ്യതയുള്ള വലിയ പിഴവുകള്‍ക്ക് ക്ലാസിക് ഉദാഹരണമായി ഈ സംഭവം

ജനറേറ്റീവ് എഐയുടെ കാലമായതിനാല്‍ ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും മറുപടി നല്‍കാന്‍ കമ്പനികള്‍ വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഓട്ടോമേറ്റഡ് റിപ്ലൈകളെ ആശ്രയിക്കുന്ന കാലമാണിത്. ഇങ്ങനെ എഐ ഉപയോഗിച്ച് നല്‍കിയൊരു മറുപടി കൊണ്ട് പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഷൂകൾക്കും വസ്ത്രങ്ങൾക്കും പേരുകേട്ട വുഡ്‌ലാന്‍ഡ് കമ്പനി. സീറോവാട്ട് എനര്‍ജി എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സഹസ്ഥാപകനും ചീഫ് പ്രൊഡക്‌ട് ഓഫീസറുമായ സുബിന്‍ ആബിദ് വുഡ്‌ലാന്‍ഡിന്‍റെ ഉത്പന്നങ്ങളുടെ ഈടുനില്‍പ്പിനെ പ്രശംസിച്ച് ലിങ്ക്‌ഡ്ഇന്നില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു എഐയുടെ വിചിത്ര മറുപടി. ഒരു കമ്പനിയുടെ ഉത്പന്നം എത്ര മികച്ചതാണെങ്കിലും ഓണ്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ് എഐ കേന്ദ്രീകൃതമാണെങ്കില്‍ സംഭവിക്കാന്‍ സാധ്യതയുള്ള വലിയ പിഴവുകള്‍ക്ക് ക്ലാസിക് ഉദാഹരണമായി ഈ സംഭവം.

സുബിന്‍ ആബിദിന്‍റെ ലിങ്ക്‌ഡ്ഇന്‍ പോസ്റ്റ് ഇങ്ങനെ

'പ്രിയപ്പെട്ട വുഡ്‌ലാന്‍ഡ്, നിങ്ങള്‍ എങ്ങനെയാണ് ഉപയോക്താക്കളില്‍ നിന്ന് പണമുണ്ടാക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല. ഞാന്‍ 2013-ല്‍ വുഡ്‌ലാന്‍ഡില്‍ നിന്നൊരു ബെല്‍റ്റ് വാങ്ങി, അത് ഇപ്പോഴും ഉപയോഗിക്കുന്നു. 2021-ല്‍ വാങ്ങിയ ചെരുപ്പ് ഇപ്പോഴും പുതുപുത്തന്‍ പോലെയുണ്ട്. അത് ഇനിയും കുറച്ച് വര്‍ഷങ്ങള്‍ കൂടി ഉപയോഗിക്കാനാകും എന്ന് തോന്നുന്നു. വുഡ്‌ലാന്‍ഡില്‍ നിന്നുള്ള കഴിഞ്ഞ ഷൂ അഞ്ച് വര്‍ഷത്തിലേറെ കാലം എനിക്ക് ഉപയോഗിക്കാനായി (പുതിയ ഷൂ അല്‍പം നിരാശപ്പെടുത്തിയെങ്കിലും). വുഡ്‌ലാന്‍ഡ് ഉത്പന്നങ്ങളുടെ ഈടുനില്‍പ്പ് ഇങ്ങനെയാണെന്നതിനാല്‍ എത്ര കാലമെടുത്തായിരിക്കും ആളുകള്‍ വീണ്ടുമൊരു വുഡ്‌ലാന്‍ഡ് ഉത്പന്നം വാങ്ങാന്‍ നിങ്ങളെ സമീപിക്കുക'- എന്നായിരുന്നു ആശ്ചര്യത്തോടെ സുബിന്‍ ആബിദിന്‍റെ ലിങ്ക്‌ഡ്‌ഇന്‍ പോസ്റ്റ്. വുഡ്‌ലാന്‍ഡ് ഉത്പന്നങ്ങളെ പ്രശംസിച്ച് സുബിന്‍ ആബിദ് എഴുതിയ പോസ്റ്റിന് കമ്പനി ഓട്ടോമേറ്റഡ് ആയി നല്‍കിയ മറുപടി പക്ഷേ ഏറെ വിചിത്രമായിപ്പോയി. നിങ്ങള്‍ക്കുണ്ടായ അസൗകര്യത്തിന് ഖേദം പ്രകടിപ്പിക്കുന്നു എന്ന് തുടങ്ങുന്ന മറുപടിയായിരുന്നു സുബിന്‍ ആബിദിന്‍റെ ലിങ്ക്‌ഡ്ഇന്‍ പോസ്റ്റില്‍ വുഡ്‌ലാന്‍ഡിന്‍റെ ഭാഗത്ത് നിന്നുണ്ടായത്.

എഐ മറുപടിയിലെ പിഴവ്

'ഹായ് സുബിന്‍, നിങ്ങൾക്കുണ്ടായ അസൗകര്യത്തിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ ആശങ്കകള്‍ (ഇന്‍വോയിസിന്‍റെ കോപ്പിയും/ചിത്രങ്ങളും സഹിതം) വിലാസം ഉള്‍പ്പടെ രേഖപ്പെടുത്തി care@woodlandworldwide.com എന്ന വിലാസത്തിൽ അയക്കുക. 24-48 മണിക്കൂറിനുള്ളില്‍ ഇതിനൊരു മറുപടി കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കും'- എന്നുമായിരുന്നു വുഡ്‌ലാന്‍ഡ് അധികൃതരുടെ പ്രതികരണം. എന്നാല്‍ ഇതൊരു ഓട്ടോമേറ്റഡ് റിപ്ലൈ ആണെന്നും സുബിന്‍ ആബിദ് എഴുതിയ കാര്യങ്ങളുടെ അര്‍ഥം മനസിലാക്കാതെയുള്ള പ്രതികരണമാണെന്നും കമന്‍റ് ബോക്‌സില്‍ വുഡ്‌ലാന്‍ഡിനെ ഓര്‍മ്മിപ്പിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, കൂടുതല്‍ മനുഷ്യരെ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി എഐയെ നിയമിക്കുന്നത് വേഗമാക്കൂ എന്നായിരുന്നു പരിഹാസരൂപേണ ഒരാളുടെ കമന്‍റ്. വുഡ്‌ലാന്‍ഡിന്‍റെ ഉത്പന്നങ്ങളെ ഒരാള്‍ പ്രശംസിക്കുന്നത് പോലും മനസിലാക്കാനുള്ള ബോധം കമ്പനിക്ക് ഇല്ലാതെപോയല്ലോ എന്നായിരുന്നു ലിങ്ക്‌ഡ്ഇന്‍ പോസ്റ്റിന് താഴെ മറ്റൊരാളുടെ പ്രതികരണം. എഐ ഉപകാരിയാണെങ്കിലും അതിനും പിഴവുകള്‍ സംഭവിക്കാം എന്ന ഓര്‍മ്മപ്പെടുത്തലായി ഈ തെറ്റായ പ്രതികരണത്തെ പലരും വിലയിരുത്തുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്