ഒരുതരത്തിലുള്ള ഡാർക്ക് പാറ്റേണുകളും ഉപയോഗിക്കുന്നില്ലെന്ന് 26 ഇ-കൊമേഴ്‌സ് കമ്പനികള്‍ കേന്ദ്ര സർക്കാരിനെ അറിയിച്ചു. സ്വിഗ്ഗി, സെപ്‌റ്റോ, സൊമാറ്റോ, ജിയോമാർട്ട്, ബിഗ്ബാസ്‌ക്കറ്റ് എന്നിവ ഈ 26 ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഉൾപ്പെടുന്നു.
ദില്ലി: രാജ്യത്തെ 26 പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികൾ അവരുടെ പ്ലാറ്റ്‌ഫോമുകളിൽ ഒരു തരത്തിലുള്ള ഡാർക്ക് പാറ്റേണുകളും ഉപയോഗിക്കുന്നില്ലെന്ന് രേഖാമൂലം അറിയിച്ചതായി കേന്ദ്ര സർക്കാർ. സ്വിഗ്ഗി, സെപ്‌റ്റോ, സൊമാറ്റോ, ജിയോമാർട്ട്, ബിഗ്ബാസ്‌ക്കറ്റ് എന്നിവ ഈ 26 ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ വിപണിയിൽ ഉപഭോക്തൃ താൽപ്പര്യം സംരക്ഷിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ഉപഭോക്തൃകാര്യ വകുപ്പ് പ്രസ്‌താവനയിൽ പറഞ്ഞു. ഡാർക്ക് പാറ്റേണുകളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള 2023-ലെ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാം പാലിക്കുന്നതായാണ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ അവകാശവാദം.
എന്താണ് ഡാർക്ക് പാറ്റേണ്‍?
തെറ്റായ തീരുമാനങ്ങൾ എടുക്കാനോ അനാവശ്യമായ എന്തെങ്കിലും ചെയ്യാനോ ഉപഭോക്താവിനെ നിർബന്ധിക്കാൻ ലക്ഷ്യമിട്ടുള്ള വഞ്ചനാപരമായ ഡിസൈൻ രീതികളാണ് ഡാർക്ക് പാറ്റേണുകൾ. ഇത് ഒരുതരം അന്യായമായ വ്യാപാര രീതിയായി കണക്കാക്കപ്പെടുന്നു. ഓൺലൈൻ ഷോപ്പിംഗ് സുരക്ഷിതമാക്കുന്നതിന്, അത്തരം വഞ്ചനാപരമായ രീതികൾ തടയാൻ കേന്ദ്ര സർക്കാർ നിരന്തരം ശ്രമിക്കുന്നുണ്ട്. ഡാർക്ക് പാറ്റേണുകളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള 2023-ലെ മാർഗ്ഗനിർദ്ദേശങ്ങൾ (The Guidelines for Prevention and Regulation of Dark Patterns, 2023) പ്രകാരം സെപ്‌റ്റോ, സൊമാറ്റോ, സ്വിഗ്ഗി, ജിയോമാർട്ട്, ബിഗ്ബാസ്‌ക്കറ്റ് എന്നിവയുൾപ്പെടെ 26 കമ്പനികൾ അവരുടെ സ്വയം പ്രഖ്യാപന റിപ്പോർട്ട് സമർപ്പിച്ചതായാണ് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് പ്രസ്‍താവിച്ചത്.
ഉപഭോക്താക്കളെ അവരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് വഴിതെറ്റിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്ന രീതികള്‍ ഡാർക്ക് പാറ്റേണുകളിൽ ഉൾപ്പെടുന്നു. ഡ്രിപ്പ് പ്രൈസിംഗ്, മറഞ്ഞിരിക്കുന്ന പരസ്യം, തെറ്റായ എമർജൻസി അറിയിപ്പുകൾ, ബാസ്‌ക്കറ്റ് സ്‌നീക്കിംഗ്, കൺഫർമേഷൻ ഷേമിംഗ്, സബ്‌സ്‌ക്രിപ്‌ഷൻ ട്രാപ്പ്, ഇന്‍റര്‍ഫേസ് ഇടപെടൽ, ബെയ്റ്റ്-ആൻഡ്-സ്വിച്ച് തുടങ്ങിയ വിവിധ തന്ത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ മാർക്കറ്റിൽ ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഇ-കൊമേഴ്‌സ് കമ്പനികളുടെ ഈ സ്വയം പ്രഖ്യാപനം എന്ന് സർക്കാർ പറയുന്നു. തേർഡ് പാർട്ടി ഓഡിറ്റുകൾ വഴി കമ്പനികൾ അവരുടെ പ്ലാറ്റ്‌ഫോമുകളിലെ വഞ്ചനാപരമായ എല്ലാ രീതികളും കണ്ടെത്തി നീക്കം ചെയ്‌തതായാണ് റിപ്പോര്‍ട്ട്.
ഈ 26 കമ്പനികളും അവരുടെ പ്ലാറ്റ്‌ഫോമുകളിൽ ഡാർക്ക് പാറ്റേണുകൾ പൂർണ്ണമായും നീക്കം ചെയ്‌തിട്ടുണ്ടെന്നും വഞ്ചനാപരമായ ഉപയോക്തൃ ഇന്‍റർഫേസുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കിയതായും ഉപഭോക്തൃ കാര്യ വകുപ്പ് പ്രസ്‌താവനയിൽ പറഞ്ഞു. ഇത് മറ്റ് കമ്പനികളെയും സമാനമായ സ്വയം നിയന്ത്രണം പിന്തുടരാൻ പ്രോത്സാഹിപ്പിക്കുമെന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) പ്രതീക്ഷിക്കുന്നു. ഡ്രിപ്പ് പ്രൈസിംഗ്, മറഞ്ഞിരിക്കുന്ന പരസ്യം, തെറ്റായ എമർജൻസി അറിയിപ്പുകൾ, ബാസ്‌ക്കറ്റ് സ്‌നീക്കിംഗ്, കൺഫർമേഷൻ ഷേമിംഗ്, സബ്‌സ്‌ക്രിപ്‌ഷൻ ട്രാപ്പ്, ഇന്റർഫേസ് ഇടപെടൽ, ബെയ്റ്റ്-ആൻഡ്-സ്വിച്ച് , നാഗിംഗ്, ട്രിക്ക് വേഡിംഗ്, സാസ് ബില്ലിംഗ്, റോഗ് മാൽവെയർ തുടങ്ങിയ 13 വഞ്ചനാപരമായ സാങ്കേതികവിദ്യകളെ 2023-ലെ ഡാർക്ക് പാറ്റേൺസ് മാര്‍ഗനിര്‍ദേശങ്ങള്‍ നിരോധിച്ചിരിക്കുന്നു.


