കഴിഞ്ഞ ദിവസം താൻ ട്വിറ്റർ മേധാവിയായി തുടരണോ വേണ്ടയോ എന്ന് അദ്ദേഹം ട്വിറ്ററിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. 57.5 ശതമാനം പേരും അദ്ദേഹം ട്വിറ്റർ മേധാവി സ്ഥാനത്തുനിന്ന് പടിയിറങ്ങണമെന്നാണ് ആവശ്യപ്പെട്ടത്.

ന്യൂയോർക്ക്: പകരക്കാരനെ കണ്ടെത്തിയാൽ ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം ഒഴിയാമെന്ന് ഉടമ എലോൺ മസ്‌ക്. ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ഞാൻ സിഇഒ സ്ഥാനം രാജിവെക്കും! അതിനുശേഷം, ഞാൻ സോഫ്റ്റ് വെയർ, സെർവറുകളുടെ മാത്രം ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസം താൻ ട്വിറ്റർ മേധാവിയായി തുടരണോ വേണ്ടയോ എന്ന് അദ്ദേഹം ട്വിറ്ററിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. 57.5 ശതമാനം പേരും അദ്ദേഹം ട്വിറ്റർ മേധാവി സ്ഥാനത്തുനിന്ന് പടിയിറങ്ങണമെന്നാണ് ആവശ്യപ്പെട്ടത്. തുടർന്നാണ് പകരക്കാരനെ കണ്ടെത്തിയാൽ സിഇഒ സ്ഥാനം രാജിവെക്കാമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്. 

വോട്ടടെപ്പ് ആരംഭിച്ച് 20 മിനിറ്റ് ആയപ്പോൾ തന്നെ ഫലം മസ്തിനെതിരാകുമെന്ന് ഏകദേശം ഉറപ്പായിരുന്നു. തുടർന്ന് ഒരു സിഇഒയെ കണ്ടെത്തലല്ല, ട്വിറ്റർ സജീവമായി നിലനിർത്താൻ കഴിയുന്ന ഒരു സിഇഒയെ കണ്ടെത്തുക എന്നതാണ് ചോദ്യമെന്ന് വ്യക്തമാക്കി അദ്ദേഹം രം​ഗത്തെത്തി. യഥാർത്ഥത്തിൽ ട്വിറ്റർ സജീവമായി നിലനിർത്താൻ കഴിയുന്ന ജോലി ആരും ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ തനിക്ക് പിൻഗാമിയുണ്ടായികില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Scroll to load tweet…

42.5% ഉപഭോക്താക്കൾ മാത്രമാണ് മസ്ക് തുടരണമെന്ന് അഭിപ്രായപ്പെട്ടത്. സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ഇലോൺ മസ്ക് തന്നെയാണ് വോട്ടെടുപ്പ് നടത്തിയത്. ഒരു കോടി 75 ലക്ഷത്തിൽപ്പരം ആളുകളാണ് വോട്ടെടുപ്പിൽ പങ്കാളികളായത്. ആലോചിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും ഇതിനനുസരിച്ച് ട്വിറ്റർ പോളിസികളിൽ മാറ്റം വരുമെന്നും മസ്ക് ട്വീറ്റ് ചെയ്തിരുന്നു. നേരത്തേയും ട്വിറ്ററിൽ മസ്ക് വോട്ടെടുപ്പ് നടത്തിയിരുന്നു. ട്രംപിന്റെ അക്കൗണ്ട് പുന സ്ഥാപിക്കുന്നതിലും ടിക് വിഷയത്തിലുമാണ് സമാനമായ രീതിയിൽ വോട്ടെടുപ്പ് നടത്തിയത്. 

അതേസമയം, മാധ്യമ പ്രവർത്തകരുടെ മരവിപ്പിച്ച അക്കൗണ്ടുകൾ ട്വിറ്റർ പുനർസ്ഥാപിച്ചിരുന്നു. ട്വിറ്റർ നടപടിയിൽ വിമർശനം ശക്തമായതോടെയാണ് അക്കൗണ്ടുകൾ പുനസ്ഥാപിച്ചത്. മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച ട്വിറ്ററിൻ്റെ നടപടിയെ യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്ര സഭയും അപലപിച്ചിരുന്നു. ഇത്തരം നടപടികൾ തുടർന്നാൽ ട്വിറ്ററിന് വിലക്കേർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പും നൽകിയിരുന്നു. 

വോട്ടെടുപ്പിൽ തോറ്റു, പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കാൻ മസ്ക്, ട്വിറ്റ‍ര്‍ തലപ്പത്ത് അടുപ്പക്കാരൻ തന്നെയോ?