സ്പേസ് എക്സിന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന് സ്‌പെക്‌ട്രം അനുവദിക്കുന്നതിനുള്ള നയ ചട്ടക്കൂടിനും രൂപം നല്‍കി

ദില്ലി: അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‌കിന്‍റെ കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള ലൈസൻസ് ഔദ്യോഗികമായി അനുവദിച്ചു. ഇതോടൊപ്പം, സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള നയ ചട്ടക്കൂടിനും ടെലികോം മന്ത്രാലയം അന്തിമരൂപം നൽകി. ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിന് സ്റ്റാർലിങ്കിന് ഏകീകൃത ലൈസൻസ് നൽകിയിട്ടുണ്ട് എന്നും സേവനം ആരംഭിക്കുന്നതിൽ ഒരു തടസവുമില്ലാത്തവിധം സ്‌പെക്‌ട്രം അനുവദിക്കലിനും ഗേറ്റ്‌വേ നിർമ്മാണത്തിനുമായി നയ ചട്ടക്കൂട് തയ്യാറാക്കിയിട്ടുണ്ട് എന്നും സിന്ധ്യ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി.

ഉപഗ്രഹത്തിൽ നിന്നുള്ള ഡാറ്റ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും ഇന്ത്യയുടെ ഇന്‍റര്‍നെറ്റ് ഇൻഫ്രാസ്ട്രക്‌ചറുമായി ബന്ധിപ്പിക്കുന്നതിനും സ്റ്റാര്‍ലിങ്കിന് ഗേറ്റ്‌വേ ഘടന ആവശ്യമായി വരും. ഭാരതി ഗ്രൂപ്പിന്‍റെ പിന്തുണയുള്ള യൂട്ടെൽസാറ്റ് വൺവെബും, ജിയോ എസ്ഇഎസും ഉപഗ്രഹ അധിഷ്ഠിത ആശയവിനിമയ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള സ്പെക്‌ട്രം അനുവദിക്കലിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ 11 വർഷമായി അസാധാരണമാണ് ഇന്ത്യയുടെ ഡിജിറ്റൽ യാത്രയെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. വിദൂര ഗ്രാമങ്ങള്‍ മുതല്‍ മെട്രോ നഗരങ്ങള്‍ വരെ നീളുന്ന ഡിജിറ്റൽ ആക്‌സസ് പൗരന്മാരെ ശാക്തീകരിച്ചു, താങ്ങാനാവുന്നതും ഉൾക്കൊള്ളുന്നതുമായ സാങ്കേതികവിദ്യ ഡ‍ിജിറ്റല്‍ രംഗത്ത് ഇന്ത്യയെ ആഗോള പ്രധാനികളാക്കി മാറ്റിയെന്നും ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടു.

ജൂലൈയിൽ തന്നെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് കമ്പനിക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നൽകിയിരുന്നു. 2021-ൽ ആണ് സ്റ്റാർലിങ്ക് ആദ്യമായി അനുമതികൾക്കായി ഇന്ത്യയില്‍ അപേക്ഷിച്ചത്. എങ്കിലും, സ്പെക്‌ട്രം അനുവദിക്കുന്നതിലും നിയന്ത്രണ അംഗീകാരങ്ങളിലും കാലതാമസം നേരിട്ടു. കേന്ദ്ര സര്‍ക്കാരുമായി മാസങ്ങളായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ അനുമതി ലഭിച്ചത്. മറ്റ് ബ്രോഡ്‌ബാന്‍ഡ് കണക്ഷനുകള്‍ എത്തിക്കാന്‍ സാങ്കേതികമായി പ്രയാസമുള്ള രാജ്യത്തിന്‍റെ വിദൂര പ്രദേശങ്ങളിലും ഉള്‍ഗ്രാമങ്ങളിലും ഇന്‍റർനെറ്റ് ആക്‌സസ് ലഭിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് സ്റ്റാര്‍ലിങ്കിനുള്ള അനുമതി.

ഇന്ത്യയിൽ ഭാരതി ഗ്രൂപ്പ് പിന്തുണയുള്ള യൂട്ടെൽസാറ്റ് വൺവെബ്, റിലയൻസ് ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ്- എസ്‌ഇഎസ് സംയുക്ത സംരംഭം എന്നിവയുമായി ഉപഗ്രഹ ഇന്‍റര്‍നെറ്റ് രംഗത്ത് ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാർലിങ്ക് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യൂട്ടെൽസാറ്റ് വൺവെബും ജിയോ എസ്ഇഎസും ഇന്ത്യയില്‍ പ്രവർത്തനം ആരംഭിക്കുന്നതിന് സ്പെക്‌ട്രം അനുവദിക്കലിനായി കാത്തിരിക്കുകയാണ്. ലോ-എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹങ്ങളുടെ ഒരു കൂട്ടം ഉപയോഗിച്ച് അതിവേഗ ബ്രോഡ്‌ബാന്‍ഡ് ഇന്‍റർനെറ്റ് വിതരണം ചെയ്യുക എന്നതാണ് മൂന്ന് കമ്പനികളുടെയും ലക്ഷ്യം.

ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ മൊബൈൽ ഡാറ്റ നൽകുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സർക്കാർ ടെലികോം കമ്പനിയായ ബി‌എസ്‌എൻ‌എല്ലിന്‍റെ തിരിച്ചുവരവ് വലിയൊരു നേട്ടമാണെന്നും ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേര്‍ത്തു. 18 വർഷത്തിനിടെ ആദ്യമായി ബി‌എസ്‌എൻ‌എൽ തുടർച്ചയായി രണ്ട് സാമ്പത്തിക പാദങ്ങളില്‍ മികച്ച അറ്റാദായം രേഖപ്പെടുത്തി. 83,000-ത്തിലധികം 4 ജി നെറ്റ്‌വർക്ക് സൈറ്റുകൾ ബി‌എസ്‌എൻ‌എൽ സ്ഥാപിച്ചു. അതിൽ 74,000 എണ്ണം ഇതിനകം പ്രവർത്തനക്ഷമമായിട്ടുണ്ട്. രാജ്യത്തെ 99.6 ശതമാനം ജില്ലകളിലും 5ജി നെറ്റ്‌വർക്ക് (ബിഎസ്എന്‍എല്‍ ആരംഭിച്ചിട്ടില്ല, സ്വകാര്യ കമ്പനികള്‍ നല്‍കുന്നു) ഉണ്ടെന്നും 4.74 ലക്ഷം 5ജി ടവറുകൾ വഴി 30 കോടി ഉപഭോക്താക്കൾ ഇത് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

Asianet News Live | Malayalam News Live | Kerala News Live | Live Breaking News