അബുദാബി: യുഎഇയില്‍ 5ജി കണക്ടിവിറ്റി പരീക്ഷിച്ചു. ഇതോടെ യുഎഇയില്‍ ഉടന്‍ തന്നെ 5 ജി ലഭ്യമായേക്കും. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് 5 ജി നെറ്റ്‌വര്‍ക്കിന്‍റെ ലഭ്യത ഒരു രാജ്യത്ത് പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്ത് അബുദബിയിലെ ആസ്ഥാനത്താണ് പരീക്ഷണം നടന്നത്.

സാങ്കേതികവിദ്യാ ദാതാക്കളായ എറിക്‌സനുമായി ചേര്‍ന്നാണ് 5 ജിയുടെ സാങ്കേതിക സഹായം ഇത്തിസലാത്ത് ഉറപ്പുവരുത്തുന്നത്. നിലവിലെ 4ജി നെറ്റ്‌വര്‍ക്കിനേക്കാള്‍ 20 ഇരട്ടിവേഗതയുള്ള പ്രകടനമാണ് 5ജി രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. 24 ജിബിപിസ് ഇന്‍റര്‍നെറ്റ് വേഗതക്കൊപ്പം ഡാറ്റ കൈമാറ്റത്തിലെ കാലതാമസത്തില്‍ 4ജിയേക്കാള്‍ പകുതിയില്‍ കൂടുതല്‍ കുറവും കൈവരിക്കാനായതായി ഇത്തിസലാത്ത് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

15 ജിഗാഹെട്‌സ് ബാന്‍ഡില്‍ 800 മെഗാ ഹെട്‌സ് സ്‌പെക്ട്രം ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. വരും കാലത്തെ മൊബൈല്‍ സേവനം എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു പരീക്ഷണമെന്ന് ഇത്തിസലാത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്ക് സീനിയര്‍ വൈസ് പ്രസിഡന്റ് സഈദ് അല്‍ സറൂനി പറഞ്ഞു.