Asianet News MalayalamAsianet News Malayalam

200 എംപി ക്യാമറ, 7000 എംഎഎച്ച് ബാറ്ററി! ബിഎസ്എന്‍എല്‍ 5ജി ഫോണ്‍ പുറത്തിറക്കുന്നോ? Fact Check

7,000 എംഎഎച്ച് ബാറ്ററിയും 200 എംപി പ്രൈമറി ക്യാമറയുമുള്ള 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ബിഎസ്എന്‍എല്‍ പുറത്തിറക്കാന്‍ പോകുന്നു എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം

Fact Check fake new viral as BSNL to launch 5G smartphone with 200MP camera and 7000mAh battery
Author
First Published Aug 12, 2024, 3:26 PM IST | Last Updated Aug 12, 2024, 4:32 PM IST

ദില്ലി: രാജ്യത്ത് 4ജി നെറ്റ്‌വര്‍ക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ അടുത്ത വര്‍ഷത്തോടെ 5ജി സ്ഥാപിക്കുമെന്ന് വ്യക്തമാണ്. ഇതിനോട് അനുബന്ധിച്ച് ഒരു വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ കാട്ടുതീപോലെ പടര്‍ന്നിരിക്കുകയാണ്. കുഞ്ഞന്‍ വിലയില്‍ 7,000 എംഎഎച്ച് ബാറ്ററിയും 200 എംപി ക്യാമറയുമുള്ള 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ബിഎസ്എന്‍എല്‍ പുറത്തിറക്കാന്‍ പോകുന്നു എന്നതായിരുന്നു ഇത്. ബിഎസ്എന്‍എല്ലിന്‍റെ പേരും ലോഗോയുമുള്ള ഒരു സ്മാര്‍ട്ട്ഫോണിന്‍റെ ചിത്രവും ഇതിനൊപ്പം പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിക്കാം.

പ്രചാരണം

7,000 എംഎഎച്ച് ബാറ്ററിയും 200 എംപി പ്രൈമറി ക്യാമറയുമുള്ള 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ബിഎസ്എന്‍എല്‍ പുറത്തിറക്കാന്‍ പോകുന്നു എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. മറ്റ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ക്കൊന്നും അവകാശപ്പെടാന്‍ കഴിയാത്തത്ര വലിയ ഫീച്ചറുകളാണിത്. 1080x2400 പിക്‌സല്‍ റെസലൂഷനില്‍ വരുന്ന ഫോണില്‍ 120 Hz ഡിസ്‌പ്ലെ, 32 എംപി അള്‍ട്രാ-വൈഡ് ക്യാമറ, 8 എംപി ഡെപ്‌ത്-സെന്‍സിംഗ് ക്യാമറ, 10x സൂമോടെ 32 എംപി സെല്‍ഫി ക്യാമറ, 4 കെ റെക്കോര്‍ഡിംഗ്, 100 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ്, 6GB+128GB, 8GB+256GB, 12GB+512GB റാം വേരിയന്‍റുകള്‍ എന്നിവയുമുണ്ടാകും എന്ന് പ്രചാരണത്തിലുണ്ടായിരുന്നു. 3,999 രൂപ മുതല്‍ 5,999 രൂപ വരെ മാത്രം വിലയാകുന്ന ഈ സ്മാര്‍ട്ട്ഫോണ്‍ ഡിസ്‌കൗണ്ടോടെ 1,999, 2,999 രൂപയ്ക്ക് ലഭ്യമാകും എന്നും പ്രചാരണങ്ങളിലുണ്ടായിരുന്നു. 

വസ്തുത

7,000 എംഎഎച്ച് ബാറ്ററിയും 200 എംപി ക്യാമറയുമുള്ള 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നതായുള്ള പ്രചാരണം ബിഎസ്എന്‍എല്‍ തള്ളിക്കളഞ്ഞു. വ്യാജ വാര്‍ത്തകളില്‍ ആരും വീഴരുത് എന്നാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ബിഎസ്എന്‍എല്ലിന്‍റെ ആഹ്വാനം. ശരിയായ അപ്‌ഡേറ്റുകള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ബിഎസ്എന്‍എല്‍ 5ജി ഫോണിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ് എന്ന് ഇതില്‍ നിന്ന് ഉറപ്പിക്കാം.  

Read more: ഇന്ത്യന്‍ ആര്‍മി ബംഗ്ലാദേശില്‍ പ്രവേശിക്കുന്നതായുള്ള വീഡിയോ പ്രചാരണം വ്യാജം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios