ബംഗ്ലാദേശിലെ വിവിധ അക്രമസംഭവങ്ങളില്‍ ഇതിനകം നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. 

ദില്ലി: ഇന്ത്യയുടെ അയല്‍രാജ്യമായ ബംഗ്ലാദേശ് വലിയ ആഭ്യന്തര പ്രശ്‌നത്തിലൂടെ കടന്നുപോവുകയാണ്. ബംഗ്ലാദേശിലെ കലാപം അടിച്ചമര്‍ത്താന്‍ ഇന്ത്യ സൈനികരോ അയച്ചോ? ഇന്ത്യ ബംഗ്ലാദേശിലേക്ക് സൈന്യത്തെ അയച്ചതായുള്ള വീഡിയോയുടെയും ചിത്രത്തിന്‍റെയും സത്യമെന്താണ്. സോഷ്യല്‍ മീഡിയ പ്രചാരണവും വസ്‌തുതയും പരിശോധിക്കാം. 

പ്രചാരണം 

'ഇന്ത്യന്‍ ആര്‍മിയുടെ നിരവധി വാഹനങ്ങള്‍ ബംഗ്ലാദേശിലേക്ക് പശ്ചിമ ബംഗാള്‍ അതിര്‍ത്തി വഴി പ്രവേശിക്കുന്ന വീഡിയോ'- എന്ന തലക്കെട്ടിലാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആര്‍മി ട്രക്കുകളാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ സ്ക്രീന്‍ഷോട്ടും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 

വസ്‌തുത

എന്നാല്‍ ഈ വീഡിയോയെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം വ്യാജമാണ് എന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. ദൃശ്യങ്ങള്‍ 2022ലേതാണെന്നും ബംഗ്ലാദേശിലെ പ്രതിഷേധങ്ങളും പ്രശ്‌നങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്നും പിഐബി ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്‌തു. ബംഗ്ലാദേശിലെ പ്രതിഷേധങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ഇന്ത്യ സൈന്യത്തെ അയച്ചിട്ടില്ല എന്നും പിഐബി വ്യക്തമാക്കി. 

Scroll to load tweet…

കലാപ കലുഷിതമായി തുടരുകയാണ് ബംഗ്ലാദേശ്. വിവിധ അക്രമ സംഭവങ്ങളില്‍ ഇതിനകം നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നാടുവിട്ടോടിയ ഷെയ‌്ഖ് ഹസീന ഇപ്പോഴും ഇന്ത്യയിൽ തുടരുന്നു. ലണ്ടനിലടക്കം രാഷ്ട്രീയ അഭയം ലഭിക്കില്ലെന്ന് ഉറപ്പായതോടെ അവർ മറ്റ് രാജ്യങ്ങളിലേക്ക് ശ്രമം തുടരുകയാണ്. 

Read more: ബംഗ്ലാദേശ് കലാപം: ക്രിക്കറ്റര്‍ ലിറ്റണ്‍ ദാസിന്‍റെ വീട് തീവെച്ച് നശിപ്പിച്ചോ? വീഡിയോയുടെ വസ്‌തുത പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം