ദില്ലി: ഡ്രോണുകള്‍ക്ക് നിയന്ത്രണം വരുന്നു. സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഡ്രോണുകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ജര്‍മ്മനിയില്‍ നിന്ന് പുതിയ സംവിധാനം ഇറക്കുമതി ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഡ്രോണുകള്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് അനിയന്ത്രിത ഉപയോഗം തടയാനുള്ള പുതിയ തീരുമാനം.

ഡ്രോണ്‍ നിയന്ത്രണത്തിനായി ഇറക്കുമതി ചെയ്യുന്ന റഡാര്‍, റേഡിയോ ഫ്രീക്വന്‍സി ജാമര്‍, ഡിറ്റക്ടര്‍ തുടങ്ങിയ സവിശേഷതകളടങ്ങിയ ജര്‍മ്മന്‍ നിര്‍മ്മിത സംവിധാനത്തിന് യൂണിറ്റിന് എട്ടു മുതല്‍ ഒമ്പത് കോടി വരെയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഡ്രേണുകള്‍ നിയന്ത്രണമില്ലാതെ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇവയുടെ നിയന്ത്രണത്തിനായി പുതിയ നിയമം നടപ്പില്‍ വരുത്തുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നിലവില്‍ വിവാഹാഘോഷങ്ങള്‍ക്കും മറ്റ് ആഘോഷ പരിപാടികള്‍ക്കും ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വീമാനത്താവളത്തില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത് സര്‍വ്വീസുകള്‍ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. ഡ്രോണുകളുടെ വ്യാപകമായ ഉപയോഗം വഴി അതീവ സുരക്ഷാ മേഖലകളില്‍ പോലും അപ്രതീക്ഷിതമായി ഡ്രോണുകള്‍ എത്തിപ്പെടുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

ആദ്യഘട്ടത്തില്‍ ഡ്രോണുകളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ എന്‍എസ്ജി, സിഐഎസ്എഫ് എന്നിവയ്ക്കാകും നല്‍കുക. നിലവില്‍ സുരക്ഷാ മേഖലയില്‍ കടന്നു കയറുന്ന ഡ്രോണുകളെ സുരക്ഷാ സേനകള്‍ വെടി വെച്ചിടുകയാണ് ചെയ്യാറുള്ളത്. ഉടമസ്ഥനെതിരെ നടപടിയെടുക്കാന്‍ നിയമമില്ലാത്തതില്‍ ഇതുവരെ ആര്‍ക്കെതിരെയും നടപടികളെടുത്തിട്ടില്ല.

ഡ്രോണുകള്‍ നിയന്ത്രണമില്ലാതെ ഉപയോഗിക്കപ്പെടുകയും ഇവ സുരക്ഷാ സേനയ്ക്ക് തലവേദനയാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഡ്രോണുകള്‍ എന്തൊക്കെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള രീതികള്‍ എന്തൊക്കെയാണ്, ഡ്രോണുകള്‍ പറത്താനുള്ള ലൈസന്‍സ് ആരാണ് നല്‍കേണ്ടത്, എന്നിവ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഡ്രോണ്‍ റെഗുലേഷന്‍ ആക്ടില്‍ ഉള്‍പ്പെടുത്തും.