തിരുവനന്തപുരം: ഫോര്‍ ജിയുടേയും സ്മാര്‍ട്ട്‌ഫോണുകളുടേയും കാലത്ത് ഗെയിം ഡെവലപ്പര്‍മാര്‍ക്ക് തൊഴില്‍മേഖലയില്‍ സാധ്യതകളേറെയാണെന്ന് നാസ്‌കോം ഗെയിമിംഗ് ഫോറം ചെയര്‍മാനും ഇന്ത്യയിലെ ആദ്യത്തെ ഗെയിം ഡെവലപ്പര്‍ കമ്പനിയായ 'ധ്രുവ'യുടെ സ്ഥാപകനുമായ രാജേഷ് റാവു. ലോകത്ത് ഗെയിമിംഗ് രംഗത്ത് ഏറ്റവുമധികം അംഗീകരിക്കപ്പെട്ടിട്ടുള്ള യൂണിറ്റി ടെക്‌നോളജീസിന്റെ കേരളത്തിലെ ഏക അംഗീകൃത പരിശീലന കേന്ദ്രവും കേരളത്തിലെ സര്‍ട്ടിഫിക്കേഷന്‍ സെന്ററുമായി ടെക്‌നോപാര്‍ക്കിലെ ടൂണ്‍സ് ആനിമേഷന്‍ മാറുന്നതിന്റെ ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രാജേഷ് റാവു. 

ടെക്‌നോപാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് ടൂണ്‍സും യൂണിറ്റിയും തമ്മിലുള്ള സഹകരണത്തിന് തുടക്കമായത്. കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ അഞ്ചാമത്തേയും യൂണിറ്റി അംഗീകൃത പരിശീലനകേന്ദ്രവും സര്‍ട്ടിഫിക്കേഷന്‍ സെന്ററുമാണ് ടൂണ്‍സ്. കംപ്യൂട്ടറുകള്‍ക്കും കണ്‍സോളുകള്‍ക്കും മൊബൈലുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കുമെല്ലാം അനുയോജ്യമായ തരത്തില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ഗെയിം എന്‍ജിനുകളാണ് യൂണിറ്റി. 

ഇന്ത്യക്കാര്‍ക്ക് ഗെയിമിംഗില്‍ ഇപ്പോള്‍ താല്‍പര്യമേറെയാണ്. പക്ഷേ, ആവശ്യത്തിന് യോഗ്യരായ ഗെയിം ഡെവലപ്പര്‍മാര്‍ ഇല്ലെന്നതാണ് പ്രശ്‌നം. എണ്ണത്തിനല്ല ഗുണത്തിനാണ് ഈ മേഖല പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ വിദഗ്ദ്ധരും കഴിവുറ്റവരുമായ ഗെയിം ഡെവലപ്പര്‍മാര്‍ക്ക് അനന്തമായ സാധ്യതകളാണുള്ളത്. ആഗോളതലത്തില്‍ വീഡിയോ ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനമാണുള്ളതെന്ന് ആപ് ആനിയുമായി ചേര്‍ന്ന് തങ്ങള്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഇപ്പോള്‍ ഇത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 2010ല്‍ ഇന്ത്യയില്‍ 20 ഗെയിം ഡെവലപ്‌മെന്റ് കമ്പനികള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ 2016ല്‍ അത് 250ല്‍ എത്തിക്കഴിഞ്ഞു. ഗെയിം ഡെവലപ്‌മെന്റില്‍ ഏറ്റവും മുന്തിയ സ്ഥാനമാണ് യൂണിറ്റിക്കുള്ളതെന്നും അതുകൊണ്ടുതന്നെ യൂണിറ്റിയുടെ ഡെവലപ്പര്‍മാര്‍ക്ക് ആവശ്യക്കാരേറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഗെയിം ഡെവലപ്പിംഗില്‍ താല്‍പര്യമുള്ളവര്‍ക്ക് യൂണിറ്റിയും ടൂണ്‍സും തമ്മിലുള്ള കൈകോര്‍ക്കലിലൂടെ വലിയ സാധ്യതയാണ് തെളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ യൂണിറ്റിയുടെ ഗെയിം ഡെവലപ്‌മെന്റ് പരിപാടിയുടെ പങ്കാളികളായി തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ അഭിമാനമുണ്ടെന്ന് ടൂണ്‍സ് മീഡിയ ഗ്രൂപ്പ് സിഇഒ പി.ജയകുമാര്‍ പറഞ്ഞു. ഏറെ സാധ്യതകളുള്ള ഗെയിമിംഗ് വ്യവസായത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍ തല്‍പരരായവരെ സഹായിക്കുന്ന ഒന്നാണ് യൂണിറ്റിയുടെ അംഗീകാരമുള്ള ഗെയിം ഡെവലപ്‌മെന്റ് കോഴ്‌സുകള്‍. 

ആഗോള ഗെയിമിംഗ് വിപണിയില്‍ യൂണിറ്റിക്ക് പ്രമുഖമായ സ്ഥാനമാണുള്ളതെന്ന് യൂണിറ്റി ടെക്‌നോളജീസ് (ഇന്‍ഡ്യ) പ്രൊഡക്ട് ഇവാന്‍ജലിസ്റ്റ് അരവിന്ദ് നീലകണ്ഠന്‍ പറഞ്ഞു. മറ്റേതൊരു ഗെയിമിംഗ് ടെക്‌നോളജിയെ അപേക്ഷിച്ചും യൂണിറ്റിയിലൂടെയാണ് കൂടുതല്‍ ഗെയിമുകള്‍ സൃഷ്ടിക്കപ്പെടുന്നത്. 

അഭിരുചി പരീക്ഷ ഉള്‍പ്പെടെ കര്‍ശനമായ സ്‌ക്രീനിംഗ് നടത്തി 40 പേരേയാണ് ഒന്‍പതു മാസം നീളുന്ന കോഴ്‌സിന്റെ ആദ്യത്തെ ബാച്ചിലേക്ക് തിരഞ്ഞെടുക്കുകയെന്ന് ടൂണ്‍സ് ആനിമേഷന്‍സിന്റെ പരിശീലന വിഭാഗമായ ടൂണ്‍സ് അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും റിട്ട. വിങ് കമാന്‍ഡറുമായ എം. നാരായണന്‍ പറഞ്ഞു. ഇതിനു മുന്നോടിയായി ഏപ്രില്‍ 19ന് ഗെയിമിംഗില്‍ താല്‍പര്യമുള്ളവര്‍ക്കുവേണ്ടി തല്‍സമയ പ്രദര്‍ശനവും ശില്‍പശാലയും ടെക്‌നോപാര്‍ക്കില്‍ നടത്തുമെന്നും പങ്കെടുക്കാനായി 9249494908 എന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.