മോട്ടോറോള റേസര്‍ ഫോള്‍ഡ് എന്ന ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് എത്തുന്നു. ഗാലക്‌സി സ്സെഡ് ഫോള്‍ഡ് 7, സ്സെഡ് ഫോള്‍ഡ് 8 ഫോള്‍ഡബിളുകള്‍ക്ക് മത്സരം സമ്മാനിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. 

ന്യൂയോര്‍ക്ക്: മോട്ടോറോള ബ്രാന്‍ഡിന്‍റെ ചരിത്രത്തിലെ ആദ്യ ബുക്ക്-സ്റ്റൈല്‍ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വൈകാതെ പുറത്തിറക്കുമെന്ന് സൂചന. 'മോട്ടോറോള റേസര്‍ ഫോള്‍ഡ്' (Motorola Razr Fold) എന്നായിരിക്കും ഈ ഫോണിന് പേര് എന്ന് പറയപ്പെടുന്നു. മികച്ച ഡിസ്‌പ്ലെ, ഇന്‍റലിജന്‍റ് എഐ, ഏറ്റവും നവീനമായ ക്യാമറ സംവിധാനം എന്നിവ മോട്ടോറോള റേസര്‍ ഫോള്‍ഡിലുണ്ടാകും എന്നും ലീക്കുകളില്‍ പറയുന്നു. ഈ ഫോള്‍ഡബിള്‍ മൊബൈലിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വരും മാസങ്ങളില്‍ പുറത്തുവിടുമെന്നും ടിപ്‌സ്റ്ററായ ഇവാന്‍ ബ്ലാസ് വ്യക്തമാക്കി. ബുക്ക്-സ്റ്റൈല്‍ ഫോള്‍ഡബിള്‍ ഫോണുകളുടെ ശ്രേണിയില്‍ പുത്തന്‍ സ്റ്റാന്‍ഡേര്‍ഡ് സൃഷ്‌ടിക്കാന്‍ മോട്ടോറോളയ്‌ക്ക് ഈ മോഡലിലൂടെ സാധിക്കുമെന്ന് പലരും അവകാശപ്പെടുന്നു.

മോട്ടോറോള റേസര്‍ ഫോള്‍ഡ്

സാംസങിന്‍റെ പ്രസിദ്ധമായ ഗാലക്‌സി സ്സെഡ് ഫോള്‍ഡ് ഫോണുകള്‍ക്കായിരിക്കും മോട്ടോറോളയുടെ ബുക്ക്-സ്റ്റൈല്‍ റേസര്‍ ഫോള്‍ഡ് മത്സരം സൃഷ്‌ടിക്കുക. ആപ്പിളും ഫോള്‍ഡബിള്‍ രംഗത്തേക്ക് ഇറങ്ങാനിരിക്കുകയാണ് എന്നതിനാല്‍ മടക്കാവുന്ന ഫോണുകളുടെ വിപണിയില്‍ കടുത്ത മത്സരമാണ് വരാനിരിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഫോള്‍ഡബിള്‍ എന്ന വിശേഷണമുള്ള ഗാലക്‌സി സ്സെഡ് ഫോള്‍ഡ് 7-ന്‍റെ പിന്‍ഗാമിയായി ഗാലക്‌സി സ്സെഡ് ഫോള്‍ഡ് 8 വിപണിയിലെത്താനുണ്ട് എന്നതിനാല്‍ ഏറ്റവും നവീനമായ ഫീച്ചറുകള്‍ നല്‍കിയാല്‍ മാത്രമേ മോട്ടോറോള റേസര്‍ ഫോള്‍ഡിന് വിപണിയില്‍ പിടിച്ചുനില്‍ക്കാനാകൂ. ഫോള്‍ഡബിള്‍ വിപണി കയ്യടക്കി വച്ചിരിക്കുന്ന സാംസങിനെ പിടിക്കണമെങ്കില്‍ ഗാലക്‌സി സ്സെഡ് ഫോള്‍ഡ് 8 വിപണിയില്‍ എത്തുന്നതിന് മുമ്പേ മോട്ടോറോള റേസര്‍ ഫോള്‍ഡ് അവതരിപ്പിക്കേണ്ടതായും വരും. മോട്ടോറോള റേസര്‍ ഫോള്‍ഡ് ഫോണിന്‍റെ ലോഞ്ച് തീയതി പുറത്തുവന്നിട്ടില്ല. ആപ്പിളിന്‍റെ കന്നി ഫോള്‍ഡബിള്‍ ഐഫോണിനും മത്സരം സമ്മാനിക്കേണ്ടതുണ്ട് മോട്ടോറോള റേസര്‍ ഫോള്‍ഡിന്.

മോട്ടോറോള റേസര്‍ ഫോള്‍ഡ് മികച്ച ഡിസൈനിലുള്ള സ്മാര്‍ട്ട്‌ഫോണായിരിക്കും എന്നുറപ്പിക്കാം. വരും മാസങ്ങളില്‍ മോട്ടോറോള റേസര്‍ ഫോള്‍ഡിന്‍റെ ഡിസ്‌പ്ലെ, ക്യാമറ, ബാറ്ററി, ചിപ്പ്‌സെറ്റ്, വലിപ്പം എന്നിങ്ങനെ കൂടുതല്‍ സവിശേഷതകള്‍ അടക്കമുള്ള വിവരങ്ങള്‍ പ്രതീക്ഷിക്കാം.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്