കൊടുങ്കാറ്റിന് മീതെ കിലോമീറ്ററുകള്‍ വ്യാപ്‌തിയില്‍ പ്രത്യക്ഷപ്പെട്ട ഒരു അമ്പരപ്പിക്കുന്ന ഇടിമിന്നല്‍, അതിന്‍റെ കാഴ്‌ച ദൃശ്യമാകുന്നതാവട്ടേ പര്‍പ്പിള്‍ നിറത്തിലും. ഡോണ്‍ പെറ്റിറ്റ് പകര്‍ത്തിയ വീഡിയോ വൈറല്‍.
കാലിഫോര്‍ണിയ: പല വലിപ്പത്തിലും രൂപത്തിലുമുള്ള ഇടിമിന്നല്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു കാഴ്‌ച ആദ്യമായിരിക്കും. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് നോക്കുമ്പോള്‍ ഭൂമിക്ക് നേര്‍ മുകളില്‍ പര്‍പ്പിള്‍ നിറത്തില്‍ പ്രകാശിക്കുന്ന ഭീമാകാരന്‍ ഇടിമിന്നലിന്‍റെ കാഴ്‌ച പങ്കുവച്ചിരിക്കുകയാണ് നാസയുടെ വിഖ്യാത ബഹിരാകാശ സഞ്ചാരിയായ ഡോണ്‍ പെറ്റിറ്റ്.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ മറ്റൊരു അവിശ്വസനീയ കാഴ്‌ച
ഐഎസ്എസില്‍ നിന്ന് പകര്‍ത്തി ഡോണ്‍ പെറ്റിറ്റ് പങ്കുവെച്ച ഇടിമിന്നലിന്‍റെ വീഡിയോ മനംമയക്കുകയാണ്. ഏതോ കൊടുങ്കാറ്റിന്‍റെ സമയത്ത് ഭൂമിക്ക് മുകളിലെ ഭീമന്‍ മേഘക്കൂട്ടത്തിന് ഇടയില്‍ സംഭവിച്ച ഇടിമിന്നലിന്‍റെ വീഡിയോ ദൃശ്യങ്ങളാണിത്. പര്‍പ്പിള്‍ നിറത്തിലാണ് ഈ മിന്നല്‍ ദൃശ്യമാകുന്നത് എന്നതാണ് പ്രധാന സവിശേഷത. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്‍റെ നേര്‍ താഴെയായാണ് (Nadir ISS) ഈ അവിശ്വസനീയ ഇടിമിന്നല്‍ ദൃശ്യമായത്. മേഘങ്ങൾക്കുള്ളിലെ ശക്തമായ മിന്നൽ മൂലം ഡസൻ കണക്കിന് കിലോമീറ്ററുകൾ മുകളിലേക്ക് നീണ്ടുനിൽക്കുന്ന ഭീമാകാരമായ ഇത്തരം മിന്നലുകള്‍ ഒരു ജെല്ലിഫിഷിന്‍റെ ചാരുത സമ്മാനിക്കുന്നു.
ഇടിമിന്നല്‍ വേളകളില്‍ വലിയ അളവിൽ വൈദ്യുതി കടന്നുപോകുമ്പോൾ വായു തിളങ്ങുന്നതിനാലാണ് പർപ്പിൾ നിറം തോന്നിക്കുന്നത് എന്നാണ് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. കട്ടിയേറിയ മേഘങ്ങള്‍ കാഴ്‌ച മറയ്ക്കുന്നു എന്നതിനാല്‍ ഇത്തരം നിറങ്ങള്‍ ഇടിമിന്നല്‍ സമയത്ത് ഭൂമിയില്‍ നിന്ന് കാണാറില്ല. എന്നാല്‍ ഭൗമോപരിതലത്തില്‍ നിന്ന് 400 കിലോമീറ്റര്‍ അകലത്തിലൂടെ ഭ്രമണം ചെയ്യുന്ന അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ വച്ച് ഡോണ്‍ പെറ്റിറ്റിനെ പോലുള്ള സഞ്ചാരികള്‍ക്ക് ഇത്തരം ആകര്‍ഷകമായ നിറങ്ങളിലുള്ള മിന്നലുകള്‍ കൊടുങ്കാറ്റുകള്‍ക്ക് മീതെ കാണാനാകും.
ഡോണ്‍ പെറ്റിറ്റ് പങ്കുവെച്ച ഇടിമിന്നല്‍ വീഡിയോ വൈറല്‍
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ വച്ച് ഭൂമിയുടെയും പ്രപഞ്ചത്തിന്‍റെയും അനേകം അവിശ്വസനീയമായ ദൃശ്യങ്ങള്‍ ക്യാമറയിലാക്കി പ്രസിദ്ധനാണ് ഡോണ്‍ പെറ്റിറ്റ്. ഐഎസ്എസിലെ തന്‍റെ നാലാം ദൗത്യം പൂര്‍ത്തിയാക്കി 2025 ഏപ്രിലില്‍ അദേഹം ഭൂമിയില്‍ മടങ്ങിയെത്തിയിരുന്നു. ഈ നാലാം ദൗത്യത്തിലാണ് ഇടിമിന്നല്‍ വീഡിയോ പെറ്റിറ്റ് പകര്‍ത്തിയത്. ഒരു വലിയ ഉഷ്‌ണമേഖലാ കൊടുങ്കാറ്റിന് മുകളില്‍ നിന്നായിരിക്കാം ഡോണ്‍ പെറ്റിറ്റ് കിലോമീറ്ററുകള്‍ പരന്നുകിടക്കുന്ന ഈ ഇടിമിന്നല്‍ ദൃശ്യം പകര്‍ത്തിയത് എന്നാണ് അനുമാനം. ഇനി ചുഴലിക്കാറ്റുകളുണ്ടാകുമ്പോള്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് നിരീക്ഷിക്കുന്ന സഞ്ചാരികള്‍ക്ക് ഇതിലേറെ ആകര്‍ഷകമായ ദൃശ്യങ്ങള്‍ ചിലപ്പോള്‍ പകര്‍ത്താനായേക്കും.



