രാജ്യ തലസ്ഥാനത്തെ വാഹനാപകടങ്ങള്‍ കുറയ്ക്കുക ലക്ഷ്യമിട്ടാണ് ഗൂഗിള്‍ മാപ്‌സുമായി ദില്ലി ട്രാഫിക് പൊലീസ് ഈ മുന്നറിയിപ്പ് സംവിധാനത്തിലൂടെ സഹകരിക്കുന്നത്
ദില്ലി: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട വാര്‍ത്തകള്‍ നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ട്. അത് മാത്രമല്ല, പലപ്പോഴും ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് പെട്ടെന്ന് വഴി അവസാനിച്ചുപോയ അനുഭവം മിക്കവര്‍ക്കും ഉണ്ടാകുകയും ചെയ്‌തിട്ടുണ്ടാകാം. ഗൂഗിള്‍ മാപ്പ് ആപ്പ് ഉപയോഗിക്കുന്ന രീതിയിലെ പ്രശ്‌നങ്ങള്‍ കാരണമായിരിക്കും പലപ്പോഴും ഇത്തരത്തിലുള്ള പാളിച്ചകള്‍ സംഭവിക്കുക. എന്തായാലും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോള്‍ ഇനി കൂടുതല്‍ അലേര്‍ട്ടുകള്‍ ലഭിക്കും.
ആക്‌സിഡന്‍റ് ബ്ലാക്ക് സ്പോട്ടുകള്‍ നിങ്ങളുടെ പാതയിലുണ്ടെങ്കില്‍ അത് ഇനി വേഗം ഗൂഗിള്‍ മാപ്പ് പറഞ്ഞു തരും. ഗൂഗിള്‍ മാപ്‌സില്‍ അപകട സാധ്യതാ മേഖലകള്‍ അടയാളപ്പെടുത്തുന്ന രീതിയാണിത്. ഈ പദ്ധതി ആദ്യം ആരംഭിച്ചിരിക്കുന്നത് ദില്ലി ട്രാഫിക് പൊലീസാണ്. രാജ്യതലസ്ഥാനത്തെ വാഹനാപകടങ്ങള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ദില്ലി ട്രാഫിക് പൊലീസിന്‍റെ ലക്ഷ്യം. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹന യാത്രക്കാര്‍ക്ക് ഈ മുന്നറിയിപ്പുകള്‍ പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു. 2024ല്‍ 1,132 വാഹനാപകടങ്ങള്‍ സംഭവിച്ച 111 സ്ഥലങ്ങളാണ് ആക്‌സിഡന്‍റ് ബ്ലാക്ക് സ്പോട്ടായിട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ സംഭവിച്ച അപകടങ്ങളില്‍ അഞ്ഞൂറോളം ആളുകള്‍ മരിച്ചതായിട്ടാണ് കണക്ക്. ഈ ബ്ലാക്ക് സ്പോട്ടുകളില്‍ ഏതൊരു വാഹനവും എത്തുന്നതിന് 100 മുതല്‍ 200 മീറ്റര്‍ മുമ്പ് ജാഗ്രതാ നിര്‍ദേശം യാത്രക്കാര്‍ക്ക് ലഭിക്കും.
ദേശീയപാത ശൃംഖലയില്‍ അപകടങ്ങളുടെ തോത് വെച്ച് 5,800-ലധികം ബ്ലാക്ക് സ്പോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. പത്ത് ശതമാനത്തോളം റോഡപകടങ്ങള്‍ ഈ വര്‍ഷം കുറയ്ക്കാനുള്ള പദ്ധതിയിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍.

