ദില്ലി: ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും 300 ആപ്പുകള്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ബോട്ട്നെറ്റ് ഭീഷണിയെ തുടര്‍ന്നാണ് ഈ നീക്കം ചെയ്യല്‍. ബോട്ട്നെറ്റ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സൈബര്‍ സെക്യൂരിറ്റി ഏജന്‍സികള്‍ ഗൂഗിളിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2017 ഓഗസ്റ്റ് മാസത്തിലാണ് വയര്‍ എക്സ് (WireX) എന്ന് പേരുള്ള ഈ ബോട്ട്നെറ്റ് ജോലി തുടങ്ങിയത്. 

നിരവധി കണ്ടന്‍റ് ഡെലിവറി ആപ്പുകളിലും മറ്റും ഇത് ബാധിച്ചുവെന്നാണ് സൂചന. വിവിധ സോഫ്റ്റവെയറുകള്‍ വഴി ഉടമയുടെ സമ്മതത്തോടെയല്ലാതെ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളില്‍ കടന്നുകയറി അവയെ നിയന്ത്രിക്കുകയാണ് ഇവ ചെയ്യുന്നത്. പ്ലേ സ്റ്റോറില്‍ വിവിധ ആപ്ലിക്കേഷനുകളില്‍ കടന്നുകയറി ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ ഡിനയല്‍ ഓഫ് സര്‍വീസ് (DDoS) മോഡിലാണ് ഇവ ആക്രമണം നടത്തുക.

ക്ലൌഡ്ഫ്ലെയര്‍, അകാമായ്, ഫ്ളാഷ്പോയിന്‍റ്, ഒറാക്കിള്‍ ഡിന്‍, റിസ്‌ക്ഐക്യു തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ ഇതേക്കുറിച്ച് ഗൂഗിളിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഗൂഗിള്‍ മാല്‍വെയര്‍ ബാധയുള്ള നൂറു കണക്കിന് ആപ്ലിക്കേഷനുകള്‍ ഇതില്‍ നിന്നും എടുത്ത് ഒഴിവാക്കുകയും ചെയ്തു. 

ഏകദേശം മുന്നൂറു ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇങ്ങനെ ഒഴിവാക്കിയിട്ടുണ്ട്. ബാധിച്ച ഡിവൈസുകളില്‍ നിന്നും അവ ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങളിപ്പോളെന്ന് ഗൂഗിള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇത്തരം ആക്രമണങ്ങള്‍ സംഭവിക്കുമ്പോള്‍ ഒരുമിച്ചു നിന്ന് അവയെ പ്രതിരോധിക്കാനുള്ള വഴികള്‍ തേടുകയാണ് വേണ്ടതെന്ന് അകാമായ് സീനിയര്‍ നെറ്റ്വര്‍ക്ക് ആര്‍ക്കിടെക്റ്റ് ജേഡ് മൌച്ച് പറഞ്ഞു.

ഇതേക്കുറിച്ച് ആദ്യമായി ഗൂഗിളിനു അറിയിപ്പ് കിട്ടുന്നത് കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനായിരുന്നു . മുന്‍പ് ഉണ്ടായ ആക്രമണങ്ങള്‍ ഒന്നും അത്ര സാരമുള്ളതായിരുന്നില്ല. ഓഗസ്റ്റ് പകുതിയോടെ ആക്രമണം കൂടി. ഏകദേശം 70,000 ഐപി അഡ്രസ്സുകളില്‍ മാല്‍വെയര്‍ ബാധ തിരിച്ചറിഞ്ഞു. നൂറു രാജ്യങ്ങളില്‍ ഇത് ബാധിച്ചതായി കണ്ടെത്തിയിരുന്നു.