ഇനി നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും തിരയുമ്പോൾ, ഗൂഗിളിന്‍റെ എഐ ടൂൾ ഇന്‍റർനെറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം തന്നെ നിങ്ങളുടെ പഴയ ഫോട്ടോകളിലൂടെയും ഇമെയിലുകളിലൂടെയും സഞ്ചരിക്കും
കാലിഫോര്‍ണിയ: ഗൂഗിളിനോട് ഒരു ട്രാവല്‍ പ്ലാന്‍ നിങ്ങൾ ചോദിച്ചാൽ ഉടൻ നിങ്ങളുടെ പഴയ യാത്രകളെ അടിസ്ഥാനമാക്കിയുള്ള മറുപടി ലഭിച്ചാൽ നിങ്ങൾക്ക് എന്തായിരിക്കും തോന്നുക? വളരെ അമ്പരപ്പിക്കുന്ന ഒരു അനുഭവം തന്നെ ആയിരിക്കും പലർക്കും അത്. ഗൂഗിളിന്‍റെ പുതിയ 'പേഴ്‌സണൽ ഇന്‍റലിജൻസ്' ടൂൾ ഇക്കാര്യമാണ് ഇനി ചെയ്യാൻ പോകുന്നത്. സെർച്ച് എഞ്ചിനെ കൂടുതൽ മികച്ചതാക്കാൻ നിരന്തരം പ്രവർത്തിക്കുകയാണ് ഗൂഗിൾ. ഈ ശ്രമത്തിന്‍റെ ഭാഗമായി കമ്പനി അതിന്‍റെ എഐ മോഡിൽ ഈ പുതിയ ഫീച്ചർ നൽകിത്തുടങ്ങി. അത് നിങ്ങളുടെ ജിമെയിലിലേക്കും ഗൂഗിൾ ഫോട്ടോസിലേക്കും നേരിട്ട് ബന്ധിപ്പിക്കും.
അതായത് ഇനി നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും തിരയുമ്പോൾ, ഗൂഗിളിന്‍റെ എഐ ടൂൾ ഇന്‍റർനെറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം തന്നെ നിങ്ങളുടെ പഴയ ഫോട്ടോകളിലൂടെയും ഇമെയിലുകളിലൂടെയും സഞ്ചരിക്കും. അങ്ങനെ നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രങ്ങളോ റെസ്റ്റോറന്‍റുകളോ ഒക്കെ പരിശോധിക്കുകയും ചെയ്യും. തുടർന്നായിരിക്കും ഗൂഗിൾ സെർച്ച് റിസൾട്ട് നൽകുക. ഈ പുതിയ ഓപ്ഷൻ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. യുഎസിലെ ഗൂഗിൾ എഐ പ്രോ, അൾട്രാ സബ്‌സ്‌ക്രൈബർമാർക്ക് ഇത് തുടക്കത്തിൽ ലഭ്യമാകും. കൂടാതെ, പേഴ്‌സണൽ ഗൂഗിൾ അക്കൗണ്ടുള്ള ഉപയോക്താക്കൾക്ക് ഗൂഗിളിന്‍റെ എക്‌സ്‌പിരിമെന്‍റൽ ലാബ്‌സ് വിഭാഗത്തിന് കീഴിൽ ഇത് പരീക്ഷിക്കാനുള്ള അവസരവും ലഭിക്കും.
ഈ പുതിയ സവിശേഷത എങ്ങനെ പ്രവർത്തിക്കും?
ഉപയോക്താക്കൾ ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്‌താൽ ഗൂഗിളിന്‍റെ എഐ മോഡ് ജിമെയിൽ, ഗൂഗിൾ ഫോട്ടോസ് ആപ്പുകളുമായി നേരിട്ട് സംയോജിപ്പിക്കപ്പെടും. ഇത് ഉപയോക്താവിന്‍റെ ജീവിത ശൈലികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എഐക്ക് നൽകും. ഇത് കൂടുതൽ പ്രസക്തവും വ്യക്തിപരവുമായ പ്രതികരണങ്ങൾ നൽകാൻ ഗൂഗിളിനെ പ്രാപ്‌തമാക്കും. ഈ ഫീച്ചർ ഓണാക്കിയ ശേഷം ഒരു ഉപയോക്താവ് വാരാന്ത്യ വിനോദയാത്രയ്ക്കുള്ള ഓപ്‍ഷനുകൾ ഗൂഗിളിനോട് ചോദിക്കുന്നുവെന്ന് കരുതുക. മുൻകാല ട്രാവൽ ഹിസ്റ്ററികളും യാത്രാനുഭവങ്ങളും ഫോട്ടോകളും അടിസ്ഥാനമാക്കി എഐക്ക് തൽക്ഷണം നിങ്ങൾക്ക് പുതിയ ലക്ഷ്യസ്ഥാനങ്ങൾ നിർദ്ദേശിക്കാൻ കഴിയും. അതുപോലെ ഗൂഗിൾ ഫോട്ടോസിലെ പഴയ ഫോട്ടോകളിലൂടെ എഐ മോഡിന് ഒരു ഉപയോക്താവിന്‍റെ പ്രിയപ്പെട്ട റെസ്റ്റോറന്‍റുകൾ അല്ലെങ്കിൽ അവരുടെ ഇഷ്‍ടപ്പെട്ട വസ്ത്ര ശൈലികൾ പോലും തിരിച്ചറിയാൻ കഴിയും.
സുതാര്യതയ്ക്കും ഉപയോക്തൃ തിരഞ്ഞെടുപ്പിനും പ്രാധാന്യം നൽകിക്കൊണ്ടും ഡാറ്റ ആക്‌സസ് നിയന്ത്രിച്ചുമാണ് ഈ പേഴ്‌സണൽ ഇന്‍റലിജൻസ് ഫീച്ചർ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ഗൂഗിൾ പറയുന്നു. ജിമെയിലും ഗൂഗിൾ ഫോട്ടോസും തമ്മിൽ ബന്ധിപ്പിക്കുന്നത് ഓപ്‌ഷണൽ ആണെന്നും കമ്പനി പറയുന്നു.



