നിങ്ങൾക്ക് ഇനി ചാറ്റ്‍ജിപിടിയുടെ സേവനങ്ങൾ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്ത് ചെയ്യണം?
തിരുവനന്തപുരം: കോണ്ടന്‍റ് എഴുതുന്നതിനും പഠനത്തിനും ദൈനംദിന ഓഫീസ് ജോലികൾ കൈകാര്യം ചെയ്യുന്നതിനും സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിനും ഉൾപ്പെടെ നമ്മളിൽ പലരുടെയും പേഴ്‌സണൽ അസിസ്റ്റന്‍റാണ് ഇപ്പോൾ ചാറ്റ്‍ജിപിടി. എങ്കിലും പല ഉപയോക്താക്കളും സ്വകാര്യത, സബ്‌സ്‌ക്രിപ്‌ഷൻ ചെലവുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്. അതുകൊണ്ടുതന്നെ ചിലർ ചാറ്റ്‍ജിപിടി ഉൾപ്പെടെയുള്ള സേവനങ്ങളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുന്നത് പോലും പരിഗണിക്കുന്നു. നിങ്ങൾക്ക് ഇനി ചാറ്റ്‍ജിപിടിയുടെ സേവനങ്ങൾ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മൊബൈൽ ആപ്പിൽ (ആൻഡ്രോയ്‌ഡ് അല്ലെങ്കിൽ ഐഫോൺ) നിന്ന് നിങ്ങൾക്ക് അത് എളുപ്പത്തിൽ ചെയ്യാൻ കഴിയും. ആശയക്കുഴപ്പമില്ലാതെ ഈ പ്രക്രിയ എങ്ങനെ പൂർത്തിയാക്കാമെന്നും അങ്ങനെ ചെയ്‌താൽ എന്തൊക്കെ സംഭവിക്കുമെന്നതിനെക്കുറിച്ചും വിശദമായി അറിയാം.
ചാറ്റ്‍ജിപിടി ആപ്പിൽ നിന്ന് അക്കൗണ്ട് ഇല്ലാതാക്കാനുള്ള നാല് എളുപ്പ വഴികൾ
1 നിങ്ങളുടെ ഫോണിൽ ചാറ്റ്‍ജിപിടി ആപ്പ് തുറക്കുക. മുകളിൽ ഇടതുവശത്തുള്ള മെനു ടാപ്പ് ചെയ്യുക.
2 മെനുവിൽ താഴേക്ക് സ്ക്രോൾ ചെയ്യുക, താഴെയുള്ള നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക. തുടർന്ന് നിങ്ങളുടെ പേരിന് അടുത്തുള്ള മൂന്ന് ഡോട്ടുകൾ ടാപ്പ് ചെയ്യുക. ഇത് സെറ്റിംഗ്‍സ് തുറക്കും.
3 സെറ്റിംഗ്‍സിൽ താഴേക്ക് സ്ക്രോൾ ചെയ്യുക, ഡാറ്റ കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തുക.
4 ഡാറ്റ ണ്‍ട്രോള്‍ സെക്ഷന് കീഴിൽ ഡിലീറ്റ് അക്കൗണ്ട് ടാപ്പ് ചെയ്യുക. ഈ പ്രക്രിയ പൂർത്തിയാക്കിയാൽ തിരിച്ചുവരവ് സാധ്യമല്ല എന്ന് വ്യക്തമാക്കുന്ന ഒരു മുന്നറിയിപ്പ് ദൃശ്യമാകും. അത് വായിച്ച് സ്ഥിരീകരിക്കുക.
ഇല്ലാതാക്കുന്നതിന് മുമ്പ് പ്രധാനപ്പെട്ട കാര്യങ്ങൾ
നിങ്ങൾക്ക് ചാറ്റ്ജിപിടി പോലുള്ള ഒരു സബ്‌സ്‌ക്രിപ്‌ഷൻ നിലവിലുണ്ടെങ്കിൽ, ആദ്യം അത് പ്രത്യേകം റദ്ദാക്കുക, പ്രത്യേകിച്ച് ഗൂഗിൾ പ്ലേ സ്റ്റോർ, അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ വഴിയാണ് പേയ്‌മെന്‍റ് നടത്തുന്നതെങ്കിൽ. നിങ്ങളുടെ പ്രധാനപ്പെട്ട ചാറ്റുകളുടെ ബാക്കപ്പ് എടുക്കുക. അക്കൗണ്ടും ഡാറ്റയും പൂർണ്ണമായും ഇല്ലാതാക്കാൻ 30 ദിവസം വരെ എടുത്തേക്കാം.
ചാറ്റ്‌ജിപിടി അക്കൗണ്ട് ഇല്ലാതാക്കിയാൽ എന്ത് സംഭവിക്കും?
അക്കൗണ്ട് ഡിലീറ്റ് ചെയ്യൽ ശാശ്വതമാണ്. അതായത് ഒരു ചാറ്റ്‍ജിപിടി അക്കൗണ്ട് ഇല്ലാതാക്കുക എന്നാൽ നിങ്ങളുടെ ചാറ്റ് ഹിസ്റ്ററിയും ലോഗുകളും പൂർണ്ണമായും എന്നെന്നേക്കുമായി ഇല്ലാതാക്കുക എന്നാണ് അർഥം. ഈ പ്രക്രിയ അവസാനിച്ചുകഴിഞ്ഞാൽ, അക്കൗണ്ട് വീണ്ടെടുക്കാൻ കഴിയില്ല. എല്ലാ ചാറ്റുകളും സംഭാഷണങ്ങളും, സെറ്റിംഗ്‍സുകളും, ഓപ്പൺഎഐ സേവനങ്ങളിലേക്കുള്ള ആക്‌സസും അപ്രത്യക്ഷമാകും. ഒരിക്കൽ ഇല്ലാതാക്കിയാൽ, അത് പുനഃസ്ഥാപിക്കാൻ കഴിയില്ല. അതേ ഇമെയിൽ വിലാസം ഉപയോഗിച്ച് നിങ്ങൾക്ക് പുതിയ അക്കൗണ്ട് സൃഷ്‍ടിക്കാനും കഴിയില്ല. എങ്കിലും നിയമപരമായ കാരണങ്ങളാൽ ചില ഡാറ്റ ഒരു നിശ്ചിത സമയത്തേക്ക് നിലനിർത്തിയേക്കാം.
നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നത് എന്തുകൊണ്ട് പ്രധാനമാണ്?
ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ നിങ്ങളുടെ ഓപ്പൺഎഐ അക്കൗണ്ട് ഇല്ലാതാക്കുന്നത് തന്നെയാണ് നല്ലത്. കാരണം നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പിന്നീട് ഓപ്പൺ സെർവറുകളിൽ ഉണ്ടായിരിക്കില്ല എന്ന് ഈ നടപടി ഉറപ്പാക്കുന്നു. ഇത് അടിസ്ഥാനപരമായി ചാറ്റിംഗ് ലോഗുകൾ, എപിഐ ഉപയോഗ ഡാറ്റ, അതുപോലെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കാവുന്ന മറ്റേതെങ്കിലും വിവരങ്ങൾ തുടങ്ങിയവയെ സുരക്ഷിതമാക്കുന്നു. സ്വകാര്യതയുടെയും ഡാറ്റയുടെയും പശ്ചാത്തലത്തിൽ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഇല്ലാതാക്കുന്നത് പ്രധാനമാണ്.



