പാസ്‌വേഡുകള്‍ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ സുരക്ഷാ വാതിലാണ്. ആ പൂട്ട് പൊളിഞ്ഞാല്‍ തീര്‍ന്നു. അതിനാല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലടക്കം കരുത്തുറ്റ പാസ്‌വേഡുകള്‍ നല്‍കേണ്ടവിധം എങ്ങനെയെന്ന് പരിചയപ്പെടാം

ഫേസ്ബുക്കാവട്ടെ, ഇന്‍സ്റ്റഗ്രാമാവട്ടെ, ഇമെയിലാവട്ടെ, ഓണ്‍ലൈന്‍ ബാങ്കിംഗ് അക്കൗണ്ടുകളാവട്ടേ. എങ്ങനെ നല്ല പാഡ്‌വേഡുകള്‍ ക്രിയേറ്റ് ചെയ്യാം? നല്ല പാസ്‌വേഡ് എന്നുപറഞ്ഞാല്‍ രസമുള്ള പാസ്‌വേഡുകള്‍ എന്നല്ല, കരുത്തുറ്റ പാഡ്‌വേഡുകള്‍ എന്നാണ് ഉദ്ദേശിക്കുന്നത്. ശക്തമായ പാസ്‌വേഡുകള്‍ ക്രിയേറ്റ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അറിയാത്ത കാര്യമാണ്. പാസ്‌വേഡുകള്‍ ശോകമെങ്കില്‍ എപ്പോള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് ചോദിച്ചാല്‍ മതി. അതുകൊണ്ട് കുറച്ച് പാസ്‌വേഡ് ക്രിയേറ്റിംഗ് ടിപ്‌സുകള്‍ പറഞ്ഞുതരാം.

എങ്ങനെ അതിശക്തമായ പാസ്‌വേഡുകള്‍ ക്രിയേറ്റ് ചെയ്യാം? 

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ജിമെയില്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് തുടങ്ങി സര്‍വ്വത്ര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ലോഗിന്‍ ചെയ്യാന്‍ പാസ്‌വേഡുകള്‍ അനിവാര്യമാണ്. അക്കൗണ്ടില്‍ പ്രവേശിക്കാനും, അതില്‍ എന്തെങ്കിലുമൊക്കെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും, ഇടപാടുകള്‍ നടത്താനുമൊക്കെ പാസ്‌വേഡുകള്‍ വേണം. പക്ഷേ പാസ്‌വേഡുകളുടെ കാര്യത്തില്‍ നാം കുറച്ച് പിശുക്കരാണ്. പാസ്‌വേഡുകള്‍ ഓര്‍ത്തിരിക്കാന്‍ എളുപ്പത്തിന് നാം ചെയ്യുന്ന ചില തെറ്റായ ശീലങ്ങളുണ്ട്. പേരോ, ഫോണ്‍ നമ്പറോ, ജനനതീയതിയോ ഒക്കെ പാസ്‌വേഡായി സെറ്റ് ചെയ്യുന്ന നിരവധി പേരുണ്ട്. എന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേ എന്നുപറഞ്ഞ് അവര്‍ കുറച്ചുകഴിഞ്ഞ് നിലവിളിക്കുന്നതും കേള്‍ക്കാം.

ഏതൊരു ഡിജിറ്റല്‍ അക്കൗണ്ടിലേയും സുരക്ഷാ വാതിലാണ് പാസ്‌വേ‍ഡുകള്‍. അതിനാല്‍ തന്നെ അവ ഏറ്റവും ശക്തമായിരിക്കണം. കരുത്തുറ്റ പാസ്‌വേഡുകള്‍ നല്‍കേണ്ടവിധം എങ്ങനെയെന്ന് പരിചയപ്പെടാം.

മറ്റൊരാള്‍ക്ക് പ്രവചിക്കാന്‍ കഴിയുന്ന പാസ്‌വേഡുകള്‍ ഒരിക്കലും നാം നല്‍കരുത്. പേരും ജനനതീയതിയും ഫോണ്‍ നമ്പറുമെല്ലാം പാസ്‌വേഡായി നല്‍കുമ്പോള്‍ സംഭവിക്കുന്നത്, അത് മറ്റൊരാള്‍ക്ക് കണ്ടെത്താന്‍ വളരെ എളുപ്പമാണ് എന്നതാണ്. അതുപോലെ എന്തെങ്കിലും നാല് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്‌തിട്ട്, അത് ചിലപ്പോള്‍ സ്വന്തം പേര് തന്നെയാവാം, അല്ലെങ്കില്‍ ഭാര്യയുടെ, ഭര്‍ത്താവിന്‍റെ, മക്കളുടെ... പേരാവാം. എന്നിട്ട് അതിന് നേര്‍ക്ക് 123, അല്ലെങ്കില്‍ വര്‍ഷം ഒക്കെ ചേര്‍ത്ത് ആളുകള്‍ പാസ്‌വേഡുകള്‍ ക്രിയേറ്റ് ചെയ്യും. ഇതും ആനമണ്ടത്തരമാണ്. ഹാക്കര്‍മാര്‍ക്ക് അടിക്കാന്‍ വടി കൊടുക്കുന്നതിന് തുല്യമാണ്.

നീളം കുറഞ്ഞ പാസ്‌വേഡുകള്‍ എളുപ്പം ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നറിയുക. അതിനാല്‍ എപ്പോഴും ദൈര്‍ഘ്യമേറിയ പാസ്‌വേഡുകള്‍ നല്‍കുക. അക്ഷരങ്ങളും, അക്കങ്ങളും, സ്‌പെഷ്യല്‍ ക്യാരക്‌ടറുകളും, ലോവര്‍കെയ്‌സും അപ്പര്‍കെയ്‌സും ചേര്‍ന്നുള്ള പാസ്‌വേഡുകളാണ് എപ്പോഴും സുരക്ഷിതം. പാസ്‌വേഡുകളില്‍ ഹാഷ്, അറ്റ്, അണ്ടര്‍-സ്കോര്‍ (_) പോലുള്ള സ്പെഷ്യല്‍ ക്യാരക്‌ടറുകളും ഉപയോഗിക്കുന്നത് നല്ലതാണ്. ഇതൊക്കെ പാസ്‌വേഡ് സ്ട്രോങ് ആക്കാനുള്ള വഴികളാണ്.

പാസ്‌വേഡുകള്‍ കൃത്യമായ ഇടവേളകളില്‍ അപ്‌ഡേറ്റ് ചെയ്യുക 

ഇത്രയും ചെയ്‌താല്‍ തീര്‍ന്നില്ല. പാസ്‌വേഡുകള്‍ ഇടയ്‌ക്കിടയ്‌ക്ക് അപ്‌ഡേറ്റ് ചെയ്യുന്നതും നല്ലതാണ്. ഒരേ പാസ്‌വേഡ് ദീര്‍ഘകാലം ഒരു അക്കൗണ്ടിന് സൂക്ഷിക്കുന്നത് ഒട്ടും നല്ലതല്ല. മാത്രമല്ല, പറ്റുന്നത്ര ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ മള്‍ട്ടി ഫാക്‌ടര്‍ ഒതന്‍റിക്കേഷന്‍ ഓണാക്കിയിടുന്നതും ഗുണം ചെയ്യും. അതാകുമ്പോള്‍ മറ്റാരെങ്കിലും ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാലും നിങ്ങള്‍ക്ക് ഒടിപിയും മുന്നറിയിപ്പും ലഭിക്കും. നിങ്ങള്‍ വെരിഫൈ ചെയ്യാതെ രണ്ടാമതൊരാള്‍ക്ക് അക്കൗണ്ടില്‍ കയറുക സാധ്യമല്ല. എപ്പോഴും ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് ഇരട്ട സുരക്ഷ നല്‍കാന്‍ ടു-ഫാക്‌ടര്‍ ഒതന്‍റിക്കേഷനാവും. ഇനി മുതല്‍ പാസ്‌വേഡുകള്‍ സൃഷ്‌ടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

യുപിഐ ആപ്പുകള്‍ പോലുള്ളവയില്‍ പിന്‍ നമ്പര്‍ സെറ്റ് ചെയ്യുമ്പോഴും എളുപ്പം തിരിച്ചറിയാന്‍ പറ്റാത്ത പിന്നുകള്‍ നല്‍കേണ്ടതാണ്. ആരും ജനന വര്‍ഷവും ഫോണ്‍നമ്പറിന്‍റെ അവസാന നാലക്കമോ ഒന്നും ഒരിക്കലും യുപിഐ പിന്‍ ആക്കരുത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്