രാജ്യത്ത് വർധിച്ചുവരുന്ന അനധികൃത ലോൺ ആപ്പ് തട്ടിപ്പുകളെക്കുറിച്ചാണ് ഈ ലേഖനം. മിനിറ്റുകൾക്കുള്ളിൽ പണം വാഗ്ദാനം ചെയ്ത് ആളുകളെ കെണിയിലാക്കുകയും പിന്നീട് ഭീമമായ പലിശയും ബ്ലാക്ക്‌മെയിലിംഗും ഉപയോഗിച്ച് ഉപദ്രവിക്കുകയും ചെയ്യുന്ന ഇവയുടെ പ്രവർത്തന രീതികളും സ്വീകരിക്കേണ്ട മുൻകരുതലുകളും ഇവിടെ വിശദീകരിക്കുന്നു.

രാജ്യത്ത് തഴച്ചുവളരുകയാണ് അനധികൃത ലോണ്‍ ആപ്പ് തട്ടിപ്പ് സംഘങ്ങള്‍. ആധാര്‍ കാര്‍ഡും മറ്റ് ചുരുക്കം വിവരങ്ങളും നല്‍കിയാല്‍ മിനിറ്റുകള്‍ കൊണ്ട് ലക്ഷങ്ങള്‍ വരെ നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന ചതിയന്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം ആളെക്കൊല്ലി ആപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് കേരള പൊലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ആളെക്കൊല്ലി ലോണ്‍ ആപ്പുകള്‍

ലോണ്‍ ആപ്പുകളുടെ കെണിയില്‍പ്പെടുന്ന ആളുകളെ കുറിച്ച്, കടക്കെണിയും അപമാനവും സഹിക്കാന്‍ വയ്യാതെ ജീവിതം തളരുന്ന മനുഷ്യരെ കുറിച്ചുള്ള കഥകളാണ് നമുക്ക് ചുറ്റിലും. മോഹിപ്പിക്കുന്ന പരസ്യങ്ങളുമായാണ് സമൂഹ മാധ്യമങ്ങളില്‍ ലോണ്‍ ആപ്പുകളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ‘ചുരുക്കം ചില രേഖകള്‍, മിനിറ്റുകള്‍ കൊണ്ട് അക്കൗണ്ടിലേക്ക് പണം’- ആരും വീണുപോകുന്ന ഈ മോഹനവാഗ്‌ദാനം കാട്ടിയാണ് ലോണ്‍ ആപ്പ് തട്ടിപ്പ് സംഘങ്ങള്‍ ആളുകളെ വലയില്‍ വീഴ്ത്തുന്നത്. എന്നാല്‍, ലോണ്‍ ആപ്പുകളില്‍ നിന്ന് പണം വായ്‌പയെടുക്കുന്ന ആളുകള്‍ അറിയുന്നില്ല തങ്ങളൊരു കെണിയിലേക്ക് കാലെടുത്ത് വച്ചിരിക്കുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നും പാലിക്കാതെയാണ് വ്യാജ ലോണ്‍ ആപ്പുകളുടെ പ്രവര്‍ത്തനം. പണം വായ്‌പയെടുക്കുന്നവരില്‍ നിന്ന് ഈടാക്കുന്നത് കണ്ണ് തള്ളിക്കുന്ന പലിശ.

വട്ടിപ്പലിശക്കാരുടെ അതേ ശൈലിയിലാണ് ലോണ്‍ ആപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനം. ഇത്തരം സാമ്പത്തിക തട്ടിപ്പ് സംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നത് കേരളത്തിന് പുറത്തും ചിലപ്പോള്‍ വിദേശ രാജ്യങ്ങളിലും. പണം തരുമ്പോഴുള്ള സൗമ്യത അടവൊന്ന് തെറ്റിയാല്‍ കാണില്ല. പിന്നെ ഭീഷണിയായി, ബ്ലാക്ക്‌മെയിലിംഗായി. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും. അല്ലെങ്കില്‍, കോണ്‍ടാക്റ്റിലുള്ളവര്‍ക്കും ബന്ധുക്കള്‍ക്കും അവ അയച്ചുകൊടുത്ത് നാണംകെടുത്തും- ഇതാണ് ലോണ്‍ ആപ്പ് സംഘങ്ങളുടെ പതിവ് ഭീഷണി. ചെറിയ തുകയാണ് വായ്‌പ എടുത്തതെങ്കില്‍ പോലും, അതിന്‍റെ ഭീമമായ പലിശയും പിഴകളും ചേരുമ്പോള്‍ ഏതൊരാള്‍ക്കും എടുത്താല്‍ പൊന്താത്ത സംഖ്യയായി അത് മാറും. അങ്ങനെ ജീവന്‍ നഷ്‌ടപ്പെട്ടവര്‍ നമ്മുടെ കൊച്ചു കേരളത്തില്‍ അനവധി. ഏറെയും യുവാക്കളാണ് ലോണ്‍ ആപ്പുകളുടെ കെണിയില്‍ വീഴുന്നത്. കെണിയില്‍പ്പെടുന്ന കൗമാരക്കാരുടെ എണ്ണവും കുറവല്ല.

ലോണ്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴേ നിങ്ങളോട് ചില കാര്യങ്ങള്‍ ആവശ്യപ്പെടും. കോൺടാക്റ്റുകൾ, ഗാലറി, ലൊക്കേഷൻ എന്നിവയിലേക്കുള്ള ആക്‌സസ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇതെല്ലാം ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താനാണ് എന്ന് അറിഞ്ഞിരിക്കുക. ലോണ്‍ ആപ്പ് തട്ടിപ്പില്‍ നിന്ന് സുരക്ഷിതമായിരിക്കാൻ താഴെ പറയുന്ന മുൻകരുതലുകൾ ശ്രദ്ധിക്കുക.

1. ആപ്പിന്‍റെ ആധികാരികത പരിശോധിക്കുക

ലോൺ നൽകുന്ന ആപ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (RBI) രജിസ്റ്റർ ചെയ്ത ബാങ്കുകളുമായോ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായോ (NBFC) ബന്ധമുള്ളതാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. ആപ്പിന് ഔദ്യോഗികമായ വെബ്സൈറ്റും കൃത്യമായ ഓഫീസും ഉണ്ടെന്ന് ഉറപ്പുവരുത്തുക.

2. അനുമതികൾ നൽകുമ്പോൾ ശ്രദ്ധിക്കുക

ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആപ്പ് നിങ്ങളുടെ കോൺടാക്റ്റുകൾ, ഗാലറി (ഫോട്ടോകൾ), ലൊക്കേഷൻ എന്നിവയിലേക്ക് ആക്‌സസ് ചോദിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. ഒരു ലോൺ ആപ്പിന് സാധാരണയായി നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിന്‍റെ ആവശ്യമില്ല. നിങ്ങളുടെ ഫോട്ടോകളും കോൺടാക്റ്റുകളും ഉപയോഗിച്ചാണ് ഇവർ പിന്നീട് ഭീഷണിപ്പെടുത്തുന്നത്.

3. ലോൺ വ്യവസ്ഥകൾ വ്യക്തമായി വായിക്കുക

അമിതമായ പലിശ നിരക്ക്, കുറഞ്ഞ തിരിച്ചടവ് കാലാവധി (ഉദാഹരണത്തിന് 7 ദിവസം) എന്നിവ വ്യാജ ആപ്പുകളുടെ ലക്ഷണമാണ്. ലോൺ തുക അനുവദിക്കുന്നതിന് മുൻപായി 'പ്രോസസിംഗ് ഫീ' എന്ന പേരിൽ പണം മുൻകൂർ ചോദിക്കുന്നുണ്ടെങ്കിൽ അത് 100% തട്ടിപ്പായിരിക്കും.

4. പ്ലേ സ്റ്റോർ റിവ്യൂകൾ മാത്രം വിശ്വസിക്കരുത്

ലോണ്‍ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാനേറെ. ഗൂഗിൾ പ്ലേ സ്റ്റോറിലെ റേറ്റിംഗും റിവ്യൂകളും വ്യാജമായി നിർമ്മിക്കാൻ സാധിക്കും. അതിനാൽ 'വൺ സ്റ്റാർ' (1-star) റിവ്യൂകൾ പ്രത്യേകം വായിക്കുക. അവിടെ ആളുകൾ നേരിട്ട തട്ടിപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും.

5. വെരിഫൈഡ് അല്ലാത്ത ലിങ്കുകൾ ഒഴിവാക്കുക

എസ്‌എംഎസ് (SMS), വാട്‌സ്ആപ്പ് (WhatsApp) എന്നിവ വഴി വരുന്ന ലോൺ ലിങ്കുകളിൽ ക്ലിക്ക് ചെയ്‌ത് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്. എപ്പോഴും പ്ലേ സ്റ്റോറോ ആപ്പിൾ സ്റ്റോറോ മാത്രം ഉപയോഗിക്കുക.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News