ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടയിൽ, ആധാർ കാർഡ് ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കയും ഉയര്‍ന്നിരുന്നു. ഇത്തരം സെന്‍സിറ്റീവായ ഡാറ്റകള്‍ സ്വന്തമാക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുമോ എന്നതായിരുന്നു ആശങ്ക.
ദില്ലി: ഇന്ത്യൻ നിവാസികൾക്ക് ആധാർ കാർഡ് ഒരു നിർണായക രേഖയാണ്. 12 അക്ക ഐഡി നമ്പർ രാജ്യവ്യാപകമായി തിരിച്ചറിയലിനും വിലാസത്തിനും തെളിവായി പ്രവർത്തിക്കുന്നു. കൂടാതെ സിം കാർഡ്, യാത്ര, സർക്കാർ പദ്ധതികൾ, ടെലികമ്മ്യൂണിക്കേഷൻ, ബാങ്കിംഗ് എന്നിവയുൾപ്പെടെ വിവിധ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിന് അത്യന്താപേക്ഷിതമാണ് ആധാർ കാർഡ്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടയിൽ, ആധാർ കാർഡ് ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കാജനകമായ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രതിരോധ മേഖലയുടെയും യുഐഡിഎഐയുടെയും വെബ്‌സൈറ്റുകൾ ഉൾപ്പെടെയുള്ളവ ഹാക്കർമാർ നിരന്തരം ലക്ഷ്യമിടുന്നുണ്ട്. നിങ്ങളുടെ ആധാർ ശത്രുരാജ്യങ്ങളുടെയോ മറ്റ് ദുഷ്‍ടലാക്കോടെയുള്ളവരുടെയോ കൈകളിൽ എത്തിയാൽ, അത് ദുരുപയോഗം ചെയ്യപ്പെടാനും ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാകാനും സാധ്യതയുണ്ട് എന്നതാണ് ആശങ്കാജനകമായ കാര്യം.
ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ നമ്പറുകൾ തുടങ്ങിയ നിർണായക സേവനങ്ങളുമായി ആധാർ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, ഏതെങ്കിലും അനധികൃത ആക്‌സസ് നിങ്ങളുടെ ഐഡന്റിറ്റിയെയും സാമ്പത്തികത്തെയും ഗുരുതരമായി ബാധിക്കും. വ്യക്തികളെ അവരുടെ ആധാർ സംരക്ഷിക്കുന്നതിനും അതിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സഹായിക്കുന്നതിന്, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഉപയോക്താക്കൾക്ക് അവരുടെ ആധാർ ഉപയോഗം ഫലപ്രദമായി ട്രാക്ക് ചെയ്യാനും സുരക്ഷിതമാക്കാനും അനുവദിക്കുന്ന ഫീച്ചറുകൾ അവതരിപ്പിച്ചു.
നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
ഘട്ടം 1: ഔദ്യോഗിക myAadhaar പോർട്ടൽ സന്ദർശിക്കുക.
ഘട്ടം 2: നിങ്ങളുടെ ആധാർ നമ്പറും കാപ്‍ചയും നൽകുക, തുടർന്ന് "ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യുക" എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നിങ്ങളുടെ ആധാർ ഡാഷ്‌ബോർഡ് ആക്‌സസ് ചെയ്യുന്നതിന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകുക.
ഘട്ടം 4: “ഒതന്‍റിഫിക്കേഷൻ ഹിസ്റ്ററി” എന്നതിൽ ക്ലിക്ക് ചെയ്ത് മുൻകാല പ്രവർത്തനങ്ങൾ കാണുന്നതിന് ആവശ്യമുള്ള തീയതികൾ തിരഞ്ഞെടുക്കുക.
ഘട്ടം 5: പരിചിതമല്ലാത്ത ഏതെങ്കിലും എൻട്രികൾക്കായി ലോഗ് പരിശോധിക്കുക. സംശയാസ്പദമായ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി UIDAI-യെ അറിയിക്കുകയും ചെയ്യുക.
ആധാർ കാർഡിന്റെ ദുരുപയോഗം എങ്ങനെ റിപ്പോർട്ട് ചെയ്യാം?
നിങ്ങളുടെ ആധാർ കാർഡുമായി ബന്ധപ്പെട്ട ഏതെങ്കിലും വഞ്ചനാപരമായ പ്രവർത്തനം റിപ്പോർട്ട് ചെയ്യുന്നതിന്, നിങ്ങൾക്ക് 1947 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം, help@uidai.gov.in എന്ന ഇമെയിൽ വിലാസത്തിൽ ഇമെയിൽ ചെയ്യുകയോ UIDAI വെബ്‌സൈറ്റിൽ നേരിട്ട് പരാതി നൽകുകയോ ചെയ്യാം.
നിങ്ങളുടെ ആധാർ ബയോമെട്രിക്സ് എങ്ങനെ ലോക്ക് ചെയ്യാം?
ഘട്ടം 1: യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോയി "ലോക്ക്/അൺലോക്ക് ആധാർ" വിഭാഗം തുറക്കുക.
ഘട്ടം 2: ലോക്കിംഗ് പ്രക്രിയ മനസ്സിലാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക.
ഘട്ടം 3: നിങ്ങളുടെ വെർച്വൽ ഐഡി (വിഐഡി), പേര്, പിൻ കോഡ്, ആവശ്യാനുസരണം ക്യാപ്‌ച കോഡ് എന്നിവ നൽകുക.
ഘട്ടം 4 : നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കുന്നതിന് “സെന്‍റ് ഒടിപി” ക്ലിക്ക് ചെയ്യുക.
ഘട്ടം 5 : മെച്ചപ്പെട്ട സുരക്ഷയ്ക്കായി നിങ്ങളുടെ ആധാർ ബയോമെട്രിക്സ് സ്ഥിരീകരിക്കാനും ലോക്ക് ചെയ്യാനും ഒടിപി ഉപയോഗിക്കുക.
ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ എന്തുചെയ്യണം?
നിങ്ങളുടെ ആധാർ അനധികൃതമായോ സംശയാസ്പദമായോ ഉപയോഗിച്ചതായി തോന്നിയാൽ, ഉടൻ തന്നെ യുഐഡിഎഐയെ ബന്ധപ്പെടുക. 1947 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ help@uidai.gov.in എന്ന വിലാസത്തിലേക്ക് ഇമെയിൽ അയയ്ക്കുകയോ ചെയ്യാം. കൂടാതെ, പ്രശ്‍നം പരിഹരിക്കപ്പെടുന്നതുവരെ നിങ്ങളുടെ ആധാർ നമ്പർ UIDAI പോർട്ടലിൽ നിന്ന് താൽക്കാലികമായി ലോക്ക് ചെയ്യാനും സാധിക്കും.


