അടുത്ത 12-18 മാസങ്ങള്‍ക്കുള്ളില്‍ ഒട്ടുമിക്ക  മെറ്റ കോഡുകളും തയ്യാറാക്കാന്‍ എഐയ്ക്ക് സാധിക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്

നിങ്ങൾ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ ആണോ? എങ്കിൽ, ഭാവിയിൽ നിങ്ങളുടെ ജോലിക്ക് പകരം വയ്ക്കാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഉണ്ടാകുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഈ മാറ്റത്തിന് സാധ്യമായ ഒരു സമയപരിധി മെറ്റ ഉടമ മാർക്ക് സക്കർബർഗ് അടുത്തിടെ പങ്കുവെച്ചു. അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ തന്‍റെ കമ്പനിയായ മെറ്റയുടെ 'ലാമ പ്രോജക്റ്റിന്‍റെ' മിക്ക കോഡുകളും എഐ എഴുതുമെന്ന് ഒരു പോഡ്‌കാസ്റ്റ് സംഭാഷണത്തിൽ സക്കർബർഗ് പറഞ്ഞു. ഒരു വൈദഗ്ധ്യമുള്ള ഡെവലപ്പറെപ്പോലെ എഐ ഇതിനകം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഇപ്പോൾ കോഡിന്‍റെ ചില ഭാഗങ്ങൾ സ്വന്തമായി പൂർത്തിയാക്കാൻ എഐ പ്രാപ്‍തമാണ് എന്നും അദേഹം പറഞ്ഞു. താമസിയാതെ തന്നെ മികച്ച പ്രോഗ്രാമർമാരെപ്പോലും എഐ മറികടക്കുമെന്നും ഉയർന്ന നിലവാരമുള്ള കോഡ് എഴുതാനും അത് പരീക്ഷിക്കാനും മനുഷ്യന്‍റെ ഇടപെടൽ ഇല്ലാതെ ബഗുകൾ കണ്ടെത്താനും കഴിയുമെന്നും അദേഹം വിശ്വസിക്കുന്നു.

മെറ്റയില്‍ നിരവധി എഐ അധിഷ്ഠിത കോഡിംഗ് ടൂളുകള്‍ വികസിപ്പിച്ചുവരുന്നുണ്ടെന്ന് പോഡ്‌കാസ്റ്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. എങ്കിലും കമ്പനിയുടെ ലക്ഷ്യം അവ വിൽക്കുക എന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെറ്റയുടെ ആന്തരിക ജോലിയും ഗവേഷണവും എളുപ്പമാക്കുന്നതിന് കൂടിയാണ് ഈ ഉപകരണങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ലാമ ഗവേഷണ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇവ പ്രത്യേകമായി ഉപയോഗിക്കും. മെറ്റയുടെ സാങ്കേതിക തന്ത്രത്തിന്‍റെ ഒരു പ്രധാന ഭാഗമാണിതെന്ന് അദേഹം അതിനെ വിശേഷിപ്പിച്ചു.

ഭാവിയിൽ, ആപ്പുകളുടെ എല്ലാ കോഡുകളും എഐ എഴുതുമെന്നും അത് മിഡ്-ലെവൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ പൂർണ്ണമായും മാറ്റിസ്ഥാപിക്കുമെന്നും മാർക്ക് സക്കർബർഗ് നേരത്തെയും പറഞ്ഞിട്ടുണ്ട്. ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡിയും ഇതേ ചിന്തയെ പിന്തുണയ്ക്കുന്നു. 2025 അവസാനത്തോടെ, കോഡിന്‍റെ ഏതാണ്ട് 100 ശതമാനവും എഐ വഴി സൃഷ്‍ടിക്കപ്പെടുമെന്നും വരുന്ന മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ ഈ കണക്ക് 90 ശതമാനം വരെ എത്തുമെന്നും അദ്ദേഹം കണക്കാക്കുന്നു. ടെക്ക് വ്യവസായത്തിൽ ഈ മാറ്റം ആരംഭിച്ചു കഴിഞ്ഞു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ അഭിപ്രായത്തിൽ ഗൂഗിളിലെ കോഡിംഗിന്‍റെ 25 ശതമാനവും എഐ വഴിയാണ് നടക്കുന്നത്. ചില കമ്പനികളിൽ എഐ ഇതിനകം 50 ശതമാനം കോഡും സൃഷ്‍ടിക്കുന്നുണ്ടെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും അവകാശപ്പെടുന്നു.

Read more: മെറ്റ റേ-ബാൻ ഗ്ലാസുകൾ ഡിഫോൾട്ടായി വോയ്‌സ്, ക്യാമറ ഡാറ്റ റെക്കോർഡ് ചെയ്യും! സുരക്ഷാ ഭീഷണിയോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം