അടിമുടി വാലന്‍റൈന്‍സ് ഡേ ലുക്കിലേക്ക് മാറുകയാണ് ഇന്‍സ്റ്റഗ്രാം. ഇതിന്‍റെ ഭാഗമായി ഒരുപിടി പുത്തന്‍ ഫീച്ചറുകള്‍ ഇന്‍സ്റ്റഗ്രാം ആപ്പിലും എഡിറ്റ്സ് ആപ്പിലും ചേര്‍ത്തു.

തിരുവനന്തപുരം: കൗമാരക്കാരുടെയും യുവതീയുവാക്കളുടെ ഫേവറൈറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് മെറ്റയുടെ ഇന്‍സ്റ്റഗ്രാം. ഫോട്ടോ, വീഡിയോ ഷെയറിംഗ് ആപ്പ് എന്ന നിലയില്‍ ഇന്‍സ്റ്റയ്‌ക്ക് ഇവര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്. ഫെബ്രുവരി 14 വാലന്‍റൈന്‍സ് ദിനമായി ലോകമെമ്പാടും ആഘോഷിക്കാനിരിക്കേ പ്രത്യേക ഫീച്ചറുകള്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചു. പുതിയ ഫോണ്ടുകള്‍, സ്നേഹനിര്‍ഭരമായ തീമിലുള്ള സ്റ്റിക്കറുകള്‍, പുത്തന്‍ ചാറ്റ് തീമുകള്‍, 'എഡിറ്റ്‌സ്' ആപ്പിലെ സ്പെഷ്യല്‍ ടൂളുകള്‍ എന്നിവ ഇന്‍സ്റ്റഗ്രാം അധികൃതര്‍ അവതരിപ്പിച്ച ലിമിറ്റഡ്-എഡിഷന്‍ വാലന്‍റൈസ് ഡേ ഫീച്ചറുകളിലുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ വാലന്‍റൈന്‍സ് ഡേ ഫീച്ചറുകള്‍, എങ്ങനെ ഉപയോഗിക്കാം? 

അടിമുടി വാലന്‍റൈന്‍സ് ഡേ ലുക്കിലേക്ക് മാറുകയാണ് ഇന്‍സ്റ്റഗ്രാം. ഇതിന്‍റെ ഭാഗമായി ഒരുപിടി പുത്തന്‍ ഫീച്ചറുകള്‍ ഇന്‍സ്റ്റഗ്രാം ആപ്പിലും എഡിറ്റ്സ് ആപ്പിലും ചേര്‍ത്തു. ഇതില്‍ പുതിയ ഫോണ്ടുകള്‍, ഇഫക്‌ടുകള്‍, സ്റ്റിക്കറുകള്‍, ചാറ്റ് തീമുകള്‍ എന്നിവയുണ്ട്. ഈ സവിശേഷതകള്‍ ഇന്‍സ്റ്റഗ്രാം യൂസര്‍മാര്‍ക്ക് അവരുടെ സ്റ്റോറികളും റീല്‍സുകളും ഡയറക്‌ട് മെസേജുകളും പ്രണയനിര്‍ഭരവും കൂടുതല്‍ ആകര്‍ഷകവും ആക്കാനാവും. റൊമാന്‍റിക് ടച്ചുള്ളതാണ് ഇന്‍സ്റ്റ അവതരിപ്പിച്ച എല്ലാ പുത്തന്‍ ഫീച്ചറുകളും.

വാലന്‍റൈന്‍സ് ദിനം പ്രമാണിച്ച് സ്റ്റോറികളിലും റീലുകളിലും വാലന്‍റൈന്‍-തീമിലുള്ള ഫോണ്ടുകളും ടെക്‌സ്റ്റ് ഇഫക്‌ടുകളും ചേര്‍ക്കാം. ഇതില്‍ സ്പെഷ്യല്‍ ആനിമേഷനുകളും ഉള്‍പ്പെടുന്നു. ലൗ-തീമിലുള്ള ഫോട്ടോ സ്റ്റിക്കര്‍ ഫ്രെയിമുകളും ഇന്‍സ്റ്റഗ്രാമിയില്‍ പുതുമയായുണ്ട്. ഹൃദയത്തിന്‍റെ ആകൃതിയിലുള്ള ഡിസൈനില്‍ സെല്‍ഫികളും ഓര്‍മ്മകളും പങ്കുവെക്കാം. ഇന്‍സ്റ്റഗ്രാം സ്റ്റോറികളുടെ കമന്‍റ് സെക്ഷനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന സീക്രട്ട് ഫ്രേസസ് (secret phrases) ആണ് മറ്റൊരു പ്രധാനപ്പെട്ട കൂട്ടിച്ചേര്‍ക്കല്‍. ചില പ്രത്യേക വാക്കുകള്‍ ഉപയോഗിച്ച് കമന്‍റ് ചെയ്യുമ്പോള്‍ സവിശേഷ തീമുകളും ആനിമേഷനുകളും ലഭ്യമാകും. പ്രിയപ്പെട്ടവരെ എളുപ്പവും വാലന്‍റൈന്‍ മൂഡിലും ടാഗ് ചെയ്യാന്‍ കസ്റ്റം സ്റ്റോറി മെന്‍ഷന്‍ സ്റ്റിക്കറുകളും ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം ഡിഎമ്മില്‍ (ഡയറക്‌ട് മെസേജ്) ദൃശ്യമാകുന്ന ഹ്രസ്വ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായ ഇൻസ്റ്റഗ്രാം നോട്ടുകളിലും പ്രണയ ദിന അപ്‌ഡേറ്റുകളുണ്ട്. ഉപയോക്താക്കൾക്ക് വാലന്‍റൈൻസ്-തീമിലുള്ള വാചകങ്ങള്‍ ചേര്‍ക്കാനും, മറഞ്ഞിരിക്കുന്ന ഡിസൈനുകള്‍ കണ്ടെത്താനും കഴിയും. സ്വകാര്യ ചാറ്റുകളും വാലന്‍റൈന്‍ ആഘോഷത്തിന്‍റെ ഭാഗമാണ്, ലൈറ്റ്, ഡാർക്ക് മോഡുകളിൽ പുതിയ വാലന്‍റൈൻസ് ഡേ ചാറ്റ് തീം ലഭ്യമാണ്.

അതേസമയം എഡിറ്റ്‌സ് ആപ്പിള്‍ ലഭ്യമായിരിക്കുന്ന വാലന്‍റൈന്‍സ് ഫീച്ചറുകള്‍ ഇവയാണ്. വാലന്‍റൈന്‍സ് ഡേ പ്രത്യേക ഫോണ്ടുകളും റെഡിമെയ്‌ഡ് ടെക്സ്റ്റുകളും റീലുകള്‍ക്കായി ഉപയോഗിക്കാം. സവിശേഷ സൗണ്ട് ഇഫക്‌ടുകളും പുത്തന്‍ സ്‌പീഡ് കണ്‍ട്രോള്‍ ഓപ്ഷനുമാണ് എഡിറ്റ്സ് ആപ്പിലെ മറ്റൊരു പ്രത്യേകത. ഓര്‍ക്കുക, ഫെബ്രുവരി 16-ാം തീയതി വരെ മാത്രമേ ഇന്‍സ്റ്റഗ്രാമില്‍ ഈ വാലന്‍റൈന്‍ സ്‌പെഷ്യല്‍ ഫീച്ചറുകള്‍ ലഭ്യമാകൂ. എന്നാല്‍ എഡിറ്റ്‌സ് ആപ്പില്‍ വാലന്‍റൈന്‍സ് ദിനം കഴിഞ്ഞാലും പുത്തന്‍ ഫീച്ചറുകള്‍ തുടര്‍ന്നും ലഭിക്കും. ചുമ്മാതങ്ങ് സ്റ്റോറികളും റീലുകളും നോട്ട്‌സുകളും പോസ്റ്റ് ചെയ്യുന്നതിന് പകരം ഇവ ക്രിയാത്മകവും പ്രണയാര്‍ദ്രവും ആക്കുന്നതിനായാണ് പുത്തന്‍ ഫീച്ചറുകള്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്