യുഎസ് ടെക് കമ്പനിയായ ഐബിഎമ്മില്‍ തൊഴില്‍ നഷ്ടമായവരില്‍ അധികവും എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരെന്ന് റിപ്പോര്‍ട്ട് 

ന്യൂയോര്‍ക്ക്: എച്ച്ആര്‍ വിഭാഗത്തിന്‍റെ ചുമതലകള്‍ എഐ ഏറ്റെടുത്തതോടെ അമേരിക്കന്‍ ടെക് ഭീമന്‍മാരായ ഐബിഎം (IBM) 8000 ജോലിക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കൂടുതലായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സുമായി സംയോജിപ്പിക്കുന്നതിന്‍റെ ഭാഗമായി മാനവവിഭവശേഷി വിഭാഗത്തിലുള്ളവര്‍ക്കാണ് (HR Department) കൂടുതലായും തൊഴില്‍ നഷ്ടമായതെന്ന് ബിസിനസ് ടുഡേയുടെ വാര്‍ത്തയില്‍ പറയുന്നു. 

ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിവുള്ള 200 എച്ച്ആറുമാരെ മാറ്റി പകരം എഐ ഏജന്‍റുകള്‍ക്ക് ഈ മാസാദ്യം ഐബിഎം ചുമതല നല്‍കിയിരുന്നു. ജീവനക്കാരുടെ അഭ്യര്‍ഥനകള്‍ക്ക് മറുപടി നല്‍കുക, പേപ്പര്‍‌വര്‍ക്കുകള്‍ ചെയ്യുക, എച്ച്ആര്‍ ഡാറ്റകള്‍ ക്രോഡീകരിക്കുക തുടങ്ങിയ ജോലികളാണ് എഐ ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ കേന്ദ്രീകൃത എഐ ഏജന്‍റുകളുടെ മേല്‍നോട്ടം വഹിക്കാന്‍ കുറഞ്ഞ ജീവനക്കാര്‍ മാത്രമേ കമ്പനിക്ക് ആവശ്യമുള്ളൂ. ഐബിഎമ്മിലെ കൂടുതല്‍ റോളുകളിലേക്ക് എഐ സംയോജിപ്പിക്കുന്നതോടെ കമ്പനിയുടെ പ്രവര്‍ത്തന മൂലധനത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് അനുമാനം. 

ഐബിഎം ഓട്ടോമേഷനില്‍ കൂടുതലായി പ്രവര്‍ത്തിക്കുകയാണ് എന്ന് കമ്പനി സിഇഒ അരവിന്ദ് കൃഷ്‌ണ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വളരെ ഊര്‍ജ്ജസ്വലമായാണ് ഐബിഎമ്മില്‍ എഐയും ഓട്ടോമേഷനും നടപ്പാക്കുന്നത് എന്നാണ് അദേഹത്തിന്‍റെ വാക്കുകള്‍. ഐബിഎം തൊഴിലാളികളെ ചുമ്മാതങ്ങ് പിരിച്ചുവിടുകയല്ലെന്നും, കമ്പനിയെ ആധുനീകവത്കരിക്കുകയാണ് എന്നും അരവിന്ദ് കൃഷ്‌ണ കൂട്ടിച്ചേര്‍ത്തു. 

ടെക് മേഖലയില്‍ വലിയ തൊഴില്‍നഷ്ടമാണ് 2025ല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ വൻകിട ടെക് കമ്പനികൾ നിരവധി ജോലിക്കാരെ പറഞ്ഞുവിട്ടു. 2025 തുടങ്ങി അഞ്ച് മാസത്തിനുള്ളിൽ ടെക് ലോകത്ത് 61,000 തൊഴിലവസരങ്ങൾ നഷ്‍ടപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. വലിയ ടെക് ഭീമന്‍മാരുടെ മാത്രം കണക്കാണിത്. ഇവയ്ക്ക് പുറമെ ചെറിയ കമ്പനികളും, സ്റ്റാർട്ടപ്പുകളും ഭാരം കുറയ്ക്കുന്നതിനായി ജീവനക്കാരെ തുടർച്ചയായി പിരിച്ചുവിടുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) നിലവിലെ ജോലി രീതികളെ മറികടക്കുമെന്ന ആശങ്കയും വർധിച്ചുവരികയാണ്. മൈക്രോസോഫ്റ്റ് അടുത്തിടെ 6,000 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനമെടുത്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം