ദില്ലി: ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് അധിഷ്ടിത വ്യവസായങ്ങളുടെ വളര്‍ച്ച വരാന്‍ പോകുന്ന അഞ്ചു വര്‍ഷങ്ങള്‍ക്കകം 70,000 ത്തോളം തൊഴിലുകള്‍ ഇല്ലാതാക്കുമെന്ന് പഠനം. സിനോവ് എന്ന കണ്‍സള്‍ട്ടിങ് സ്ഥാപനമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്‍റര്‍നെറ്റ് ഓഫ് തിംങ്‌സ് എന്ന കാഴ്ചപ്പാടാണ് ഐടി മേഖലയില്‍ വലിയ തൊഴില്‍ നഷ്ടം ഉണ്ടാക്കുന്നത്. മനുഷ്യരേക്കാള്‍ ഇന്റര്‍നെറ്റ് സഹായത്തില്‍ ഏതെങ്കിലും തൊഴിലില്‍ തീരുമാനമെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനെയാണ് ഇന്‍റര്‍നെറ്റ് ഓഫ് തിംങ്‌സ് എന്ന് പറയുന്നത്.

യഥാര്‍ഥത്തില്‍ ഇന്റര്‍നെറ്റിന്‍റെ അതിപ്രസരം ജോലിയെ ബാധിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ 1.20 ലക്ഷത്തോളമായിരിക്കും. ഇതില്‍ തന്നെ 94,000 പേര്‍ക്ക് നേരിട്ട് ജോലി നഷ്ടമാകും. എന്നാല്‍ ഇതേ സാഹചര്യത്തില്‍ 25,000 ത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇത് കണക്കിലെടുത്താണ് തൊഴില്‍ നഷ്ടത്തിന്‍റെ എണ്ണം 70,000 ആയി കുറഞ്ഞിരിക്കുന്നതെന്ന് പഠനം പറയുന്നു. തൊ

പ്രധാനമായും ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സപ്പോര്‍ട്ട് സ്റ്റാഫ്, അറ്റകുറ്റപണി വിഭാഗങ്ങളിലുള്ളവരുടെ ജോലിയാണ് ഭീഷണിയിലുള്ളത്. അതേ സമയം ഇന്‍റര്‍നെറ്റ് വഴി നിയന്ത്രിക്കുന്ന മാനേജര്‍മാരും, റോബോട്ട് കോ ഓര്‍ഡിനേറ്റര്‍മാര്‍ വ്യാവസായിക പ്രോഗ്രാമര്‍മാര്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍മാര്‍ എന്നീ മേഖലയിലായിരിക്കും പുതിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുക എന്ന് പഠനം പറയുന്നു. 

ഇന്ത്യയിലെ ഐടി മേഖലയിലെ 6.4 ലക്ഷത്തോളം അവിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്ന എച്ച്എഫ്എസിന്‍റെ പഠനം പ്രവചിച്ചിരുന്നു.