രാജ്യത്തിന്‍റെ സൈബർ സുരക്ഷാ മേഖലയ്ക്ക് ഏറ്റവും നിർണായകമായ ഭാവി ഭീഷണികളിലൊന്നായി ക്വാണ്ടം കമ്പ്യൂട്ടിംഗ് ഉയർന്നുവരുന്നുവെന്ന് പിഡബ്ല്യുസിയുടെ പുതിയ റിപ്പോർട്ട്
ദില്ലി: ഡിജിറ്റൽ യുഗത്തിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണ്. എന്നാൽ സൈബർ ഭീഷണികളും അതേ വേഗതയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്‍റെ സൈബർ സുരക്ഷാ മേഖലയ്ക്ക് ഏറ്റവും നിർണായകമായ ഭാവി ഭീഷണികളിലൊന്നായി ക്വാണ്ടം കമ്പ്യൂട്ടിംഗ് ഉയർന്നുവരുന്നുവെന്ന് പിഡബ്ല്യുസിയുടെ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. വലിയ അളവിൽ സെൻസിറ്റീവ് ഡാറ്റകൾ കൈവശമുള്ള കമ്പനികൾക്ക്, ക്വാണ്ടം ആക്രമണങ്ങൾക്കെതിരായ സുരക്ഷാ സംവിധാനങ്ങൾ ഇനി വെറുമൊരു ഓപ്ഷനല്ലെന്നും മറിച്ച് ഒരു ആവശ്യകതയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പിഡബ്ല്യുസി റിപ്പോര്‍ട്ട്
ഡിജിറ്റൽ ഇൻഫ്രാസ്‌ട്രക്‌ചര്‍, ക്ലൗഡ്, എഐ സിസ്റ്റങ്ങൾ എന്നിവയുടെ ദ്രുതഗതിയിലുള്ള വികാസത്തിനിടയിൽ ഡാറ്റാ പരമാധികാരവും സൈബർ പ്രതിരോധശേഷിയും ദേശീയ മുൻഗണനകളായി മാറിയിരിക്കുന്നുവെന്ന് പിഡബ്ല്യുസി റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. ക്വാണ്ടം യുഗത്തിനായി കമ്പനികൾ ശരിക്കും തയ്യാറെടുക്കാൻ തുടങ്ങണം എന്നും പിഡബ്ല്യുസി മുന്നറിയിപ്പ് നൽകുന്നു. സംഘടനകൾ പോസ്റ്റ്-ക്വാണ്ടം ക്രിപ്‌റ്റോഗ്രഫി ഒരു ബോർഡ് ലെവൽ അജണ്ടയാക്കണം എന്നും ക്വാണ്ടം അപകടസാധ്യതകളിൽ വൈദഗ്ദ്ധ്യം വികസിപ്പിക്കണം എന്നും ഘട്ടംഘട്ടമായുള്ള സിസ്റ്റം അപ്‌ഗ്രേഡിനായി ഒരു മൾട്ടി-ഇയർ റോഡ്‌മാപ്പ് വികസിപ്പിക്കണം എന്നും പിഡബ്ല്യുസി റിപ്പോർട്ട് പറയുന്നു.
ക്വാണ്ടം അപകടസാധ്യതകളെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചിട്ടുണ്ടെങ്കിലും 40 ശതമാനം ഇന്ത്യൻ കമ്പനികളും ഇതുവരെ ക്വാണ്ടം-റെസിസ്റ്റന്റ് സുരക്ഷാ നടപടികൾ നടപ്പിലാക്കിയിട്ടില്ലെന്ന് പിഡബ്ല്യുസി റിപ്പോർട്ട് കണ്ടെത്തി. വെറും അഞ്ച് ശതമാനം മാത്രമാണ് അവരുടെ വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ ബജറ്റുകളിൽ ക്വാണ്ടം സുരക്ഷ മുൻഗണനയായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ സൈബർ സുരക്ഷാ തന്ത്രത്തിലെ ഒരു പ്രധാന ഘടകമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇപ്പോൾ മാറിയിരിക്കുന്നുവെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. ശേഷിയുടെയും കഴിവുകളുടെയും കുറവ് പരിഹരിക്കുന്നതിനായി ഇന്ത്യൻ കമ്പനികൾ എഐയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നു.
എന്തൊക്കെ പരിഹാരം?
ക്ലൗഡ് സുരക്ഷ, ഡാറ്റ സംരക്ഷണം, സൈബർ പ്രതിരോധം, സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവയിൽ ഏജന്റിക് എഐ ഉപയോഗിക്കാൻ സുരക്ഷാ വിദഗ്‌ധർ പദ്ധതിയിടുന്നു. ഇത് കമ്പനികളെ ഭീഷണികൾ വേഗത്തിൽ തിരിച്ചറിയാനും പ്രതികരണ സമയം കുറയ്ക്കാനും കൂടുതൽ പ്രതിരോധശേഷി കൈവരിക്കാനും സഹായിക്കും. എങ്കിലും ഓട്ടോമേറ്റഡ് പാച്ചിംഗിലോ ആക്‌സസ് നിയന്ത്രണത്തിലോ ഉള്ള ചെറിയ പിഴവുകൾ പോലും കാര്യമായ സുരക്ഷാ അപകടസാധ്യതകൾ സൃഷ്‍ടിക്കും എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.



