മോട്ടോറോളയുടെ പേരിടാത്ത ഒരു സ്‍മാർട്ട്‌ഫോൺ ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെട്ടു, പുത്തന്‍ മോട്ടോ ഹാന്‍ഡ്‌സെറ്റിന്‍റെ വിവരങ്ങള്‍ പങ്കുവെച്ച് ടിപ്‌സ്റ്റര്‍.

ദില്ലി: മോട്ടോറോള അടുത്തിടെ ഇന്ത്യയിൽ വരാനിരിക്കുന്ന മോട്ടോ ജി57 പവറിന്‍റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ, ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിൽ മോട്ടോറോളയുടെ പേരിടാത്ത ഒരു സ്‍മാർട്ട്‌ഫോൺ കണ്ടെത്തിയിരിക്കുന്നു. ഇത് മറ്റൊരു മോട്ടോ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുന്നതിലേക്ക് വിരൽചൂണ്ടുകയാണ് എന്നാണ് ഒരു ടിപ്‌സ്റ്റർ അവകാശപ്പെടുന്നത്.

ക്വാൽകോമിന്‍റെ നിഗൂഡ പ്രോസസര്‍

ക്വാൽകോമിന്‍റെ ഒക്‌ടാ കോർ ARv8 ചിപ്‌സെറ്റുള്ള എക്‌സ്‌ടി2603-1 എന്ന മോഡൽ നമ്പറുള്ള ഒരു മോട്ടോറോള സ്‌മാർട്ട്‌ഫോൺ ആണ് ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്നതെന്ന് ടെക് ബ്ലോഗർ ആൻവിൻ അവകാശപ്പെടുന്നു. ഇതിൽ രണ്ട് പെർഫോമൻസ് കോറുകളും ആറ് എഫിഷ്യൻസി കോറുകളും ഉൾപ്പെടുന്നു. ഹാൻഡ്‌സെറ്റിന്‍റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ക്വാൽകോം ഇതുവരെ പുറത്തിറക്കിയിട്ടില്ലാത്ത ഒരു സ്‌നാപ്‌ഡ്രാഗണ്‍ 7+ ജെൻ 5 ചിപ്പ് ഉപയോഗിച്ച് ഇത് പ്രവർത്തിക്കുമെന്ന് ടെക് ബ്ലോഗർ പറയുന്നു.

പേരിടാത്ത ഈ മോട്ടോറോള ഹാൻഡ്‌സെറ്റ് സിംഗിൾ-കോർ പ്രകടനത്തിൽ 2,636 പോയിന്‍റുകൾ നേടിയപ്പോൾ മൾട്ടി-കോർ പ്രകടനത്തിൽ 7,475 പോയിന്‍റുകള്‍ കരസ്ഥമാക്കിയതായാണ് റിപ്പോര്‍ട്ട്. 16 ജിബിയായി വിൽക്കാൻ സാധ്യതയുള്ള 14.96 ജിബി റാമിലാണ് ഇത് കാണപ്പെടുന്നത്. പരീക്ഷിച്ച യൂണിറ്റ് ആൻഡ്രോയ്‌ഡ് 16-ൽ പ്രവർത്തിക്കുന്നു. പരീക്ഷണ സമയത്ത്, രണ്ട് പെർഫോമൻസ് കോറുകളും 3.65GHz പീക്ക് ക്ലോക്ക് സ്‌പീഡ് നൽകി. അതേസമയം, ആറ് എഫിഷ്യൻസി കോറുകൾക്ക് 3.32GHz ബേസ് ഫ്രീക്വൻസി നൽകാൻ കഴിയും.

പുത്തന്‍ മോട്ടോ ഫോണിന് വില എത്രയാകും? 

ഈ പുതിയ സ്‍മാർട്ട്ഫോണിന്‍റെ പേര്, വില, ലോഞ്ച് ടൈംലൈൻ, സ്പെസിഫിക്കേഷനുകൾ, സവിശേഷതകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 7 സീരീസ് പോർട്ട്‌ഫോളിയോയിൽ ഏകദേശം 22 സോക്കുകളുണ്ട്. ഇതില്‍ ഏറ്റവും പുതിയത് സ്‌നാപ്ഡ്രാഗൺ 7 ജെന്‍ 4 ചിപ്പ് ആണ്. മാത്രമല്ല, അവസാനത്തെ സ്‌നാപ്ഡ്രാഗൺ 7+ SoC-യെ സ്‌നാപ്ഡ്രാഗൺ 7+ Gen 3 എന്ന് വിളിക്കുന്നതിനാൽ, സ്‌നാപ്ഡ്രാഗൺ 7+ Gen 5 ചിപ്‌സെറ്റ് ഉപയോഗിച്ച് ഒരു തലമുറ പ്രോസസര്‍ ഒഴിവാക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടാകാം എന്നാണ് റിപ്പോർട്ടുകൾ.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്