പാകിസ്ഥാനെതിരായ അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യക്ക് ആറ് യുദ്ധവിമാനങ്ങളും 250 സൈനികരുടെ ജീവനും നഷ്‌ടമായെന്ന് ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഒരു പ്രസംഗത്തില്‍ സമ്മതിച്ചു എന്നായിരുന്നു വ്യാജ പ്രചാരണം

ദില്ലി: ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വ്യാജ പ്രചാരണം. പാകിസ്ഥാനെതിരായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് ആറ് യുദ്ധവിമാനങ്ങള്‍ നഷ്‌ടമായെന്നും 250 സൈനികരുടെ ജീവന്‍ നഷ്‌ടമായെന്നും ആര്‍മി ചീഫ് സമ്മതിച്ചതായാണ് ഡീപ്‌ഫേക്ക് വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചാരണം തകൃതിയായി നടക്കുന്നത്. ഈ പ്രചാരണങ്ങളുടെയെല്ലാം വസ്‌തുത പൊതുജനങ്ങളെ അറിയിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം രംഗത്തെത്തി.

2025 മെയ് മാസത്തില്‍ നടന്ന പാകിസ്ഥാനെതിരായ സംഘര്‍ഷത്തില്‍ ഇന്ത്യക്ക് ആറ് യുദ്ധവിമാനങ്ങളും 250 സൈനികരുടെ ജീവനും നഷ്‌ടമായെന്ന് ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഒരു പ്രസംഗത്തില്‍ സമ്മതിച്ചു എന്നായിരുന്നു കൃത്രിമമായി സൃഷ്‌ടിച്ച വീഡിയോ ഉപയോഗിച്ചുള്ള പ്രചാരണം. എന്നാല്‍ ജനറല്‍ ഉപേന്ദ്ര ദ്വിവേദി സംസാരിക്കുന്നതായുള്ള വീ‍ഡിയോ എഐ ടൂളുകള്‍ ഉപയോഗിച്ച് രൂപമാറ്റം വരുത്തി തയ്യാറാക്കിയ ഡീപ്‌ഫേക്ക് വീഡിയോയാണ്. ആറ് യുദ്ധവിമാനങ്ങള്‍ നഷ്‌ടമായെന്നോ 250 സൈനികരുടെ ജീവന്‍ നഷ്‌ടമായെന്നോ ഇന്ത്യന്‍ ആര്‍മി ചീഫ് വ്യക്തമാക്കിയിട്ടില്ലെന്നും പിഐബി എക്‌സില്‍ വിശദീകരിച്ചു. ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ രൂപമാറ്റം വരുത്തിയ ഡീപ്‌ഫേക്ക് വീഡിയോയുടെ ഒറിജിനല്‍ പിഐബി ഫാക്‌ട് ചെക്ക് പുറത്തുവിട്ടിട്ടുമുണ്ട്.

Scroll to load tweet…

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളെ കുറിച്ചും മുമ്പും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ പ്രചാരണങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം പാകിസ്ഥാന്‍ സൈന്യം വെടിവെച്ചിട്ടെന്നും, ഇന്ത്യന്‍ വ്യോമസേന വനിതാ പൈലറ്റിനെ പാകിസ്ഥാന്‍ ജീവനോടെ പിടികൂടിയെന്നുമെല്ലാം ഈ വ്യാജ പ്രചാരണങ്ങളിലുണ്ടായിരുന്നു. സംഘര്‍ഷ സമയത്ത് അനേകം വ്യാജ പ്രചാരണങ്ങളുടെ വസ്‌തുതകള്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ 2025 മെയ് മാസം പുറത്തുവിട്ടിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News