2025 സാമ്പത്തിക വർഷത്തിൽ പ്രാരംഭ തൊഴിലിനായുള്ള എച്ച്-1ബി വിസ അംഗീകാരങ്ങളിൽ നാല് അമേരിക്കൻ ടെക് ഭീമന്മാരായ ആമസോൺ, ഗൂഗിൾ, മെറ്റ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികൾ മുന്നിട്ടുനിൽക്കുന്നു
ന്യൂയോര്‍ക്ക്: ഈ വർഷം യുഎസിലെ ടെക് ജോലികള്‍ക്കുള്ള എച്ച്-1ബി വിസ സമ്പ്രദായത്തിൽ വലിയ മാറ്റമുണ്ടായതായി റിപ്പോര്‍ട്ട്. നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസിയുടെ (എൻഎഫ്എപി) ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2025 സാമ്പത്തിക വർഷത്തിൽ പ്രാരംഭ തൊഴിലിനായുള്ള എച്ച്-1ബി വിസ അംഗീകാരങ്ങളിൽ നാല് അമേരിക്കൻ ടെക് ഭീമന്മാരായ ആമസോൺ, ഗൂഗിൾ, മെറ്റ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികൾ മുന്നിട്ടുനിൽക്കുന്നു. അതേസമയം, ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള അംഗീകാരങ്ങൾ ക്രമാനുഗതമായി കുറയുന്നുവെന്നും ഇത് യുഎസ് ടെക് മേഖലയിലെ അവരുടെ സ്ഥാനം ദുർബലമാകുന്നതിന്‍റെ സൂചനയാണെന്നുമാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള എച്ച്-1ബി അനുമതികളിൽ ഗണ്യമായ കുറവ്
2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് കമ്പനികൾ മാത്രമാണ് മികച്ച 25 എണ്ണത്തിൽ ഇടം നേടിയതെന്ന് നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസിയുടെ റിപ്പോർട്ട് പറയുന്നു. എച്ച്-1ബി വിസ അനുമതികളില്‍ ആദ്യ അഞ്ചിലുള്ള ഏക ഇന്ത്യന്‍ കമ്പനി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ആണ്. 2015 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഏഴ് മുന്‍നിര ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള H-1B അനുമതികൾ 70 ശതമാനം കുറഞ്ഞ് 4,573 ആയി. 2024 സാമ്പത്തിക വർഷത്തേക്കാൾ 37 ശതമാനം കുറവാണിത് എന്നാണ് റിപ്പോർട്ടുകൾ. ഇത് യുഎസ് ടെക് മേഖലയിൽ ഇന്ത്യൻ കമ്പനികളുടെ പങ്ക് ക്രമേണ കുറയുന്നുവെന്ന് സൂചിപ്പിക്കുന്നു.
എച്ച്-1ബി വിസ: മുന്നില്‍ ആമസോണും മെറ്റയും മൈക്രോസോഫ്റ്റും ഗൂഗിളും അടക്കമുള്ള വമ്പന്‍മാര്‍
നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസിയുടെ വിശകലനം അനുസരിച്ച് 2025 സാമ്പത്തിക വർഷത്തിൽ 4,644 എച്ച്-1ബി വിസ അംഗീകാരങ്ങളുമായി ആമസോൺ മുന്നിലാണ്. മെറ്റയ്ക്ക് 1,555 ഉം മൈക്രോസോഫ്റ്റിന് 1,394 ഉം ഗൂഗിളിന് 1,050 ഉം അംഗീകാരങ്ങൾ ലഭിച്ചു. 2025 ആകുമ്പോഴേക്കും 380 ബില്യൺ ഡോളറിന്‍റെ എഐ നിക്ഷേപങ്ങൾ ഈ കമ്പനികളുടെ വൻ നിയമനത്തിന് ഒരു പ്രധാന കാരണമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. എച്ച്-1ബി അനുമതികള്‍ക്കായി മുന്നിലുള്ളതെല്ലാം അമേരിക്കന്‍ ടെക് ഭീമന്‍മാരാണെന്ന് എന്‍എഫ്‌എപി എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ സ്റ്റുവര്‍ട്ട് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. യുഎസ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവ് എണ്ണം എച്ച്-1ബി വിസകള്‍ മാത്രമേ ഇന്ത്യന്‍ ഐടി കമ്പനികള്‍ ഉപയോഗിക്കുന്നുള്ളൂ.



