പൂനെ: ഭൂമിയില്‍ നിന്നും 400 കോടി പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന പുതിയ നക്ഷത്രസമൂഹത്തെ(സൂപ്പര്‍ ക്ലസ്റ്റര്‍) ഇന്ത്യന്‍ ജ്യോതി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സരസ്വതി എന്ന് പേരിട്ടിരിക്കുന്ന നക്ഷത്ര സമൂഹത്തിന് സൂര്യനേക്കാള്‍ 200 ഇരട്ടി ഭാരമുണ്ടെന്നാണ് അനുമാനം. പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ഗ്യാലക്സി സമൂഹമാണിത്.

പൂനെ ഇൻ്റർ യൂനിവേഴ്​സിറ്റി സെൻ്റർ ഫോർ ആസ്​ട്രോണമി ആൻ്റ് ആസ്ട്രോ ഫിസിക്​സിലെയും ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ സയൻസ്​ എജ്യുക്കേഷൻ ആൻ്റ്​ റിസർച്ചി (​ഐസർ)ലെയും മറ്റ്​ രണ്ട്​ സർവകലാശാലകളിലെയും ജ്യോതി ശാസ്​ത്രജ്​ഞരുടെ സംഘമാണ്​ ശ്രദ്ധേയമായ കണ്ടുപിടുത്തം നടത്തിയത്​. ഇൻ്റർ യൂനിവേഴ്​സിറ്റി സെൻ്റർ ഫോർ ആസ്​ട്രോണമി ആൻ്റ് ആസ്ട്രോ ഫിസിക്​സിലെ ജോയ്​ദീപ്​ ബാഗ്​ചിയുടെയും ശിശിർ സംഖ്യയാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. വൻമതിൽ രൂപത്തിലുള്ള സൂപ്പർ ക്ലസ്​റ്റർ തങ്ങളെ അത്ഭുതപ്പെടുത്തിയതായി ഇരുവരും പറഞ്ഞു.

ക്ഷീരപഥങ്ങളുടെ ശൃംഖലയെയും കൂട്ടങ്ങളെയുമാണ്​​ സൂപ്പർ ക്ലസ്​റ്റർ എന്ന്​ വിളിക്കുന്നത്​. കണ്ടുപിടുത്തം അമേരിക്കൻ അസ്​ട്രോണമിക്കൽ സൊസൈറ്റിയുടെ ആസ്​ട്രോഫിസിക്കൽ ​ജേണലിൽ പ്രസിദ്ധീകരിക്കും. വിദൂരതയിലുള്ള ക്ഷീരപഥങ്ങളെ നിരീക്ഷിക്കാനുള്ള സലോൺ ഡിജിറ്റൽ സ്​കൈ സർവെയിലൂടെയാണ്​ പുതിയ സൂപ്പർ ക്ലസ്​റ്ററിനെ കണ്ടെത്തിയത്​. പ്രപഞ്ചത്തില്‍ ഇത്തരത്തിലുള്ള ഒരുകോടിയോളം ഗ്യാലക്സി സമൂഹങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 54 ഗ്യാലക്സികള്‍ ഒരുമിച്ചുചേര്‍ന്നുള്ള ഗ്യാലക്സി സമൂഹത്തിന്റെ ഭാഗമാണ് ഭൂമി കൂടി ഉള്‍പ്പെടുന്ന ആകാശഗംഗ.