2025-ൽ മാത്രം ആളുകൾക്ക് ഏകദേശം 19,812.96 കോടി വിവിധ സൈബര്‍ തട്ടിപ്പുകളിലൂടെ നഷ്‌ടപ്പെട്ടു. ഈ കാലയളവിൽ 21,77,524-ൽ അധികം തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ദില്ലി: കഴിഞ്ഞ ആറ് വർഷത്തിനിടെ വിവിധ സൈബർ തട്ടിപ്പുകളിലൂടെയും വഞ്ചനാ കേസുകളിലൂടെയും ഇന്ത്യക്കാർക്ക് 52,976 കോടി രൂപ നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍റർ (I4C) ശേഖരിച്ച ഡാറ്റകളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്ന് ദേശീയ മാധ്യമമായ ഇന്ത്യൻ എക്‌സ്‌പ്രസിനെ ഉദ്ദരിച്ച് ലൈവ് മിന്‍റ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ വിവിധ തരത്തിലുള്ള തട്ടിപ്പുകളും വഞ്ചനകളും കാരണം രാജ്യത്തുടനീളം 52,976 കോടി രൂപയിൽ അധികം നഷ്‌ടപ്പെട്ടു. നിക്ഷേപ തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റുകൾ, ഓൺലൈൻ തട്ടിപ്പ്, ബാങ്കിംഗ് തട്ടിപ്പ്, സൈബർ ഫിഷിംഗ് തുടങ്ങിയ കേസുകൾ ഇതിൽ ഉൾപ്പെടുന്നു.

സൈബര്‍ തട്ടിപ്പുകളില്‍ പണം നഷ്‌ടമാകുന്ന ഇന്ത്യക്കാര്‍

നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ നിന്നുള്ള ഡാറ്റ പ്രകാരം, 2025-ൽ മാത്രം ആളുകൾക്ക് ഏകദേശം 19,812.96 കോടി സൈബര്‍ തട്ടിപ്പുകളിലൂടെ നഷ്‌ടപ്പെട്ടു. ഈ കാലയളവിൽ 21,77,524-ൽ അധികം തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. 2025-ലെ 19,812 കോടി രൂപയുടെ നഷ്‌ടത്തിൽ 77 ശതമാനം നിക്ഷേപ പദ്ധതികളുടെ പേരിലും എട്ട് ശതമാനം ഡിജിറ്റൽ അറസ്റ്റിലൂടെയും ഏഴ് ശതമാനം ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെയും നാല് ശതമാനം സെക്‌സ്‌റ്റോർഷനിലൂടെയും മൂന്ന് ശതമാനം ഇ-കൊമേഴ്‌സ് തട്ടിപ്പിലൂടെയും ഒരുശതമാനം ആപ്പ്/മാൽവെയർ അധിഷ്‌ഠിത തട്ടിപ്പിലൂടെയുമാണുണ്ടായതെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം, 2024-ൽ ഏകദേശം 22,849.49 കോടി നഷ്‌ടപ്പെടുകയും 19,18,852 പരാതികൾ രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. 2023-ൽ 1,310,361 പരാതികൾ ഫയൽ ചെയ്‌തു. 7,463.2 കോടി രൂപയാണ് 2023-ലെ ആകെ നഷ്‍ടം. 2022-ൽ ഇത് 2,290.23 കോടി രൂപയും 694,446 പരാതികളുമാണ്. 2020-ൽ 8.56 കോടി രൂപയുടേതായിരുന്ന തട്ടിപ്പ് 2021-ൽ 551.65 കോടിയായി.

സൈബർ തട്ടിപ്പുകൾ ഏറ്റവും കൂടുതൽ നടക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിൽ

സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശകലനത്തിൽ, സൈബർ തട്ടിപ്പ് ഏറ്റവും കൂടുതൽ ബാധിച്ചത് മഹാരാഷ്ട്രയെയാണ്. സംസ്ഥാനത്തിന് 3,203 കോടി രൂപയുടെ നഷ‌്‌ടമുണ്ടായി. 28,33,20 പരാതികൾ രജിസ്റ്റർ ചെയ്‌തു. തൊട്ടുപിന്നാലെയുള്ള കർണാടകയിൽ 2,413 കോടി രൂപയുടെ നഷ്‌ടം രേഖപ്പെടുത്തിയ 21,32,28 പരാതികളും തമിഴ്‌നാട്ടിൽ 1,897 കോടി രൂപയുടെ 12,32,90 പരാതികളുമുണ്ടായി. ഉത്തർപ്രദേശിൽ 1,443 കോടി രൂപയുടെ തട്ടിപ്പുകൾ നടന്നു, അവയില്‍ 27,52,64 പരാതികൾ രജിസ്റ്റർ ചെയ്തു. തെലങ്കാനയിലുള്ളവര്‍ക്ക് ഏകദേശം 95,000 കേസുകൾ റിപ്പോർട്ട് ചെയ്തു. 1,372 കോടി രൂപ തെലങ്കാനയ്ക്ക് നഷ്‍ടമായി.

രാജ്യത്തെ മൊത്തം സൈബർ തട്ടിപ്പ് നഷ്ടങ്ങളിൽ പകുതിയിലധികവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, നഗരപ്രദേശങ്ങളിലും ഡിജിറ്റൽ ബന്ധമുള്ള പ്രദേശങ്ങളിലുമാണ് തട്ടിപ്പുകാരുടെ പ്രവർത്തനങ്ങൾ കൂടുതലായി കാണപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ, ഗുജറാത്തിൽ 1,312.26 കോടിയുടെയും ദില്ലിയില്‍ 1,163 കോടിയുടെയും പശ്ചിമ ബംഗാളിൽ 1,073.98 കോടിയുടെയും നഷ്ടം രേഖപ്പെടുത്തി. മണിപ്പൂരിൽ 16.74 കോടിയുടെ തട്ടിപ്പ് നടന്നപ്പോൾ 1,807 പരാതികളും ലഭിച്ചു എന്നാണ് കണക്കുകൾ.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്