നിങ്ങൾ ആരെങ്കിലുമായി ഫോണില്‍ സംസാരിച്ച ഒരു കാര്യത്തെക്കുറിച്ചുള്ള പരസ്യം ഇന്‍സ്റ്റഗ്രാമില്‍ കണ്ടാൽ നിങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല, അത് യാദൃശ്ചികമാകാമെന്നാണ് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മൊസേരി അവകാശപ്പെടുന്നത്.
കാലിഫോര്‍ണിയ: ഫോട്ടോ, വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം ഫോണിന്‍റെ മൈക്രോഫോണിലൂടെ നിങ്ങളുടെ ശബ്‍ദം കേൾക്കുകയും അതിനനുസരിച്ച് പരസ്യങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന വിശ്വാസം പൊതുവേയുണ്ട്. നിങ്ങള്‍ മനസില്‍ കണ്ടത് പലപ്പോഴും ഇന്‍സ്റ്റയില്‍ സജഷനുകളായി വരുന്നതാണ് ഈ സംശയത്തിന് ഇടയാക്കുന്നത്. എന്നാല്‍ യൂസര്‍മാരെ മൈക്രോഫോണിലൂടെ ഇന്‍സ്റ്റഗ്രാം നിരീക്ഷിക്കുന്നതായുള്ള പ്രചാരണം പൂര്‍ണമായും തള്ളുകയാണ് ഇന്‍സ്റ്റ സിഇഒ ആദം മൊസേരി. പരസ്യങ്ങൾക്കായി ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ ഫോണിലെ മൈക്രോഫോൺ ഉപയോഗിക്കുന്നില്ല എന്നാണ് മൊസേരിയുടെ അവകാശവാദം.
ഇന്‍സ്റ്റഗ്രാം നിങ്ങളെ മൈക്രോഫോണിലൂടെ നിരീക്ഷിക്കുന്നോ?
ഒരു സുഹൃത്തിനോടോ കുടുംബാംഗത്തോടോ എന്തെങ്കിലും കാര്യം സംസാരിക്കുമ്പോഴെല്ലാം അതുമായി ബന്ധപ്പെട്ട ഒരു പരസ്യം ഉടൻ തന്നെ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടുമെന്നാണ് പലരുടെയും വിശ്വാസം. മൈക്രോഫോണ്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇന്‍സ്റ്റ പരസ്യ നിര്‍ദ്ദേശങ്ങള്‍ കാണിക്കുന്നതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്ന് നിരവധി പേര്‍ കരുതുന്നു. എന്നാല്‍ ഇങ്ങനെ സജഷന്‍സ് വരാനുള്ള യഥാര്‍ഥ കാരണം മറ്റൊന്നാണ് എന്നാണ് ഇന്‍സ്റ്റഗ്രാം സിഇഒ ആദം മൊസേരി പറയുന്നത്. ഇൻസ്റ്റഗ്രാം നിങ്ങളുടെ മുൻകാല സെർച്ചുകൾ, സുഹൃത്തുക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ എന്നിവ നിരീക്ഷിക്കുന്നുണ്ടെന്നും, അല്ലെങ്കിൽ ചിലപ്പോൾ പരസ്യങ്ങൾ കാണിക്കുന്നത് യാദൃശ്ചികം ആയിരിക്കാമെന്നുമാണ് ഒരു വീഡിയോയില്‍ മൊസേരിയുടെ പ്രതികരണം.
ഉദാഹരണത്തിന്, നിങ്ങൾ ഇന്‍റര്‍നെറ്റില്‍ എന്തെങ്കിലും തിരഞ്ഞാലോ, ഏതെങ്കിലും ഉത്പന്നത്തിലോ പരസ്യത്തിലോ ക്ലിക്ക് ചെയ്‌താലും, അതിനനുസരിച്ച് കൂടുതല്‍ പരസ്യങ്ങൾ ദൃശ്യമാകും. നിങ്ങളുടെ സുഹൃത്തുക്കൾ എന്താണ് തിരയുന്നത് അല്ലെങ്കിൽ അവർക്ക് ഇഷ്ടമുള്ളത് എന്നിവയെ അടിസ്ഥാനമാക്കിയും ഇൻസ്റ്റഗ്രാം നിങ്ങൾക്ക് പരസ്യങ്ങൾ കാണിക്കും. ചിലപ്പോൾ നിങ്ങൾ ഒരു പരസ്യം കണ്ടിട്ടുണ്ടാകാം, പക്ഷേ അത് നിങ്ങൾ അപ്പോൾ ശ്രദ്ധിച്ചിരിക്കില്ല. തുടർന്ന് അതേ കാര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആ പരസ്യം വീണ്ടും പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. ഇത് തികച്ചും യാദൃശ്ചികമാണെന്ന് ആദം മൊസേരി പറയുന്നു.
അവകാശവാദം നിഷേധിച്ച് മെറ്റ
യൂസര്‍മാരെ മൈക്രോഫോണുകള്‍ വഴി നിരീക്ഷിക്കുന്നുണ്ടെന്ന അവകാശവാദം മെറ്റ 2016 മുതൽ നിഷേധിക്കുകയാണ്. ഇൻസ്റ്റഗ്രാം മൈക്രോഫോൺ ശരിക്കും ഉപയോഗിക്കുന്നുണ്ടെങ്കിൽ, ഫോണിന്‍റെ ബാറ്ററി പെട്ടെന്ന് തീർന്നുപോകുമെന്നും അല്ലെങ്കിൽ മൈക്രോഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് അറിയിപ്പ് ദൃശ്യമാകുമെന്നും ആദം മൊസേരി പറഞ്ഞു. നിങ്ങൾ അനുമതി നൽകുമ്പോഴും ഒരു പ്രത്യേക ഫീച്ചറിന് ആവശ്യമുള്ളപ്പോഴും മാത്രമേ മൈക്രോഫോൺ ഉപയോഗിക്കൂ എന്ന് ഇൻസ്റ്റഗ്രാമിന്‍റെ ഔദ്യോഗിക പേജിൽ വ്യക്തമായി പറയുന്നുണ്ട്. 2018-ൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗും സമാനമായ ഒരു വിശദീകരണം നടത്തിയിരുന്നു.



