പരീക്ഷണഘട്ടത്തിലുള്ള പുത്തന്‍ ഫീച്ചര്‍ വളരെ കുറച്ച് ഇന്‍സ്റ്റഗ്രാം യൂസര്‍മാര്‍ക്ക് മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ

സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ സ്‌നാപ്‌ചാറ്റിലേതിന് സമാനമായ ഫീച്ചര്‍ അവതരിപ്പിക്കാന്‍ മെറ്റ ഒരുങ്ങുന്നതായി സൂചന. സ്‌നാപ് മാപ്പ്സ് പോലുള്ള സംവിധാനം ഇന്‍സ്റ്റഗ്രാമില്‍ പരീക്ഷണഘട്ടത്തിലാണ് എന്നാണ് വെര്‍ജിന്‍റെ റിപ്പോര്‍ട്ട്. എന്നാല്‍ ഇന്‍സ്റ്റയിലെ പുതിയ ഫീച്ചര്‍ വരുംമുമ്പേ തന്നെ വിവാദമായി. 

ലൊക്കേഷന്‍ അടിസ്ഥാനമാക്കി ഒരു മാപ്പിൽ ടെക്‌സ്റ്റ്, വീഡിയോ അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറാണ് ഇന്‍സ്റ്റ പരീക്ഷിക്കുന്നത്. ഈ മാപ്പ് സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാനും കഴിയുന്ന രീതിയിലാണ് വിഭാവനം ചെയ്യുന്നത്. 2017ല്‍ സ്‌നാപ്‌ചാറ്റ് പുറത്തിറക്കിയ സ്‌നാപ് മാപ്പിന് സമാനമായ ഫീച്ചറാണിത്. എന്നാല്‍ പോസ്റ്റ് ചെയ്യുന്ന ആളിന്‍റെ ലൊക്കേഷന്‍ ഇങ്ങനെ വെളിപ്പെടുത്തുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്. അതിനാല്‍ ക്ലോസ് ഫ്രണ്ട്‌സിനും മറ്റ് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും മാത്രം ഷെയര്‍ ചെയ്യാന്‍ പാകത്തില്‍ കൂടുതല്‍ പ്രൈവസി സെറ്റിംഗ് ഇന്‍സ്റ്റഗ്രാം കൊണ്ടുവന്നേക്കും. 

പരീക്ഷണഘട്ടത്തിലുള്ള പുത്തന്‍ ഫീച്ചര്‍ വളരെ കുറച്ച് ഇന്‍സ്റ്റഗ്രാം യൂസര്‍മാര്‍ക്ക് മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. സുരക്ഷ മനസില്‍ വെച്ചുകൊണ്ടാണ് എപ്പോഴും ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ളൂ എന്നാണ് വിമര്‍ശനങ്ങളോട് മെറ്റ വക്താവിന്‍റെ പ്രതികരണം. എന്നാല്‍ ഇത്തരത്തില്‍ ഷെയര്‍ ചെയ്യുന്ന ലൊക്കേഷന്‍ വിവരം പബ്ലിക്ക് പോസ്റ്റായാണോ ആപ്പില്‍ വരിക, എത്രനേരം മറ്റുള്ളവര്‍ക്ക് കാണാനാകും എന്നീ ചോദ്യങ്ങള്‍ക്ക് മെറ്റ വക്താവ് മറുപടി പറഞ്ഞില്ല. 

മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഫീച്ചറുകള്‍ കടംകൊള്ളുന്ന പതിവ് ഇന്‍സ്റ്റഗ്രാമിനുണ്ട്. സ്റ്റോറീസ് എന്ന ആശയവും സ്നാപ്‌ചാറ്റില്‍ നിന്നാണ് ഇന്‍സ്റ്റ ചൂണ്ടിയത്. ട്വിറ്ററിന് ബദലെന്നോളം ത്രഡ്‌സും അവതരിപ്പിച്ചിരുന്നു. ഇതാദ്യമല്ല ഇന്‍സ്റ്റഗ്രാം ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ഫീച്ചര്‍ കൊണ്ടുവരുന്നത്. എല്ലാ ഫോട്ടോകളെയും ലൊക്കേഷന്‍ അടിസ്ഥാനത്തില്‍ അടയാളപ്പെടുത്തുന്ന ഫീച്ചര്‍ 2012ല്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന് യൂസര്‍മാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് 2016ല്‍ ഈ ഫീച്ചര്‍ പിന്‍വലിച്ചു. 

Read more: ഐഫോണ്‍ 16 സമയത്ത് കിട്ടുമോ അതോ നീളുമോ? ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ നിര്‍ണായക സൂചന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം