ചെന്നൈ: എടിഎമ്മില്‍ പോയി പണം എടുക്കാന്‍ പിന്‍ അടിക്കേണ്ട, ഫിംഗര്‍ പ്രിന്‍റും വേണ്ട. ഒന്ന് കണ്ണുകാണിച്ചാല്‍ മതി പണം കൈയ്യില്‍ എത്തും. ഡിസിബി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊടാക്ക് മഹീന്ദ്ര എന്നിവരാണ് എടിഎം ബാങ്കിങ്ങില്‍ പുതിയ പരീക്ഷണമായ ഐറിസ് പാസ്വേര്‍ഡ് സംവിധാനം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. ഇത് പ്രകാരം പണം പിന്‍വലിക്കണമെങ്കില്‍ എ.ടി.എമ്മില്‍ എത്തി പാസ്‌വേര്‍ഡ് നല്‍കുന്നതിന് പകരം എ.ടി.എം സ്‌ക്രീനിലേക്ക് നോക്കിയാല്‍ മതിയാകും. 

ഐറിസ്- റെക്കഗനൈസേഷന്‍ ടെക്‌നോളജിയാണ് ഇതിനായി ഉപയോഗിക്കുക. ബാങ്കിങ്ങ് ഇടപാടുകള്‍ക്ക് അടുത്തിടെയാണ് വിരലടയാള രേഖ(ഫിംഗര്‍ പ്രിന്റ്) ഉപയോഗിച്ച് തുടങ്ങിയത്. പല പ്രമുഖ ബാങ്കുകളും ഒരു അധിക സൗകര്യമെന്ന നിലയില്‍ ഈ സേവനം നല്‍കി തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഇതിന് പല ന്യൂനതകളും ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. 

നിലവില്‍ കര്‍ഷകര്‍ അടക്കം നിരവധി ആളുകള്‍ എ.ടി.എം സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. കര്‍ഷകര്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഉപയോഗിക്കുമ്പോള്‍ സംഭവിക്കാവുന്ന പ്രധാന പ്രശ്‌നം ജോലി ചെയ്യുന്നതിന്‍റെ ഭാഗമായി ഇവരുടെ വിരലില്‍ ചതവോ മുറിവോ സംഭവിച്ചിട്ടുണ്ടാകാം. അതിനാല്‍ കൃത്യമായി വിരലടയാളം ലഭിക്കാത്തതിനാല്‍ ബാങ്ക് നടപടികള്‍ നടക്കാതെ വന്നേക്കാം എന്നതാണ്. 

മറ്റ് തൊഴിലാളികള്‍ ഫിംഗര്‍പ്രിന്റ് ഉപയോഗിക്കുമ്പോള്‍ കയ്യില്‍ പൊടി പറ്റിയിരിക്കുകയോ മറ്റോ ചെയ്താല്‍ ബാങ്കിങ് നടപടികള്‍ ലഭ്യമാകില്ല എന്നതാണ്. എന്നാല്‍ ഇവയെല്ലാം സാധ്യതകള്‍ മാത്രമാണ്. ഈ പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കുന്ന സംവിധാനമാണ് ഐറിസ് - തിരിച്ചറിയല്‍ സംവിധാനം. ഏറ്റവും സുരക്ഷിതമായ ബാങ്കിങ്ങ് സംവിധാനമാകും ഇതെന്ന് ആക്‌സിസ് ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രാജീവ് ആനന്ദ് പറയുന്നു.