ശ്രീഹരിക്കോട്ട:  ബഹിരാകാശ രംഗത്ത് വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കാനൊരുങ്ങുകയാണ്  ഐഎസ്ആര്‍ഒ. എല്ലാം ഉദ്ദേശിച്ചത് പോലെ മുന്നോട്ട് നീങ്ങിയാൽ 2021 ഡിസംബറിൽ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ യാത്രികർ (വ്യോമനോട്ടുകൾ) ബഹിരാകാശത്തെത്തും. മൂന്ന് ഇന്ത്യൻ ബഹിരാകാശ യാത്രികർ ഏഴു ദിവസം ബഹിരാകാശത്ത് സമയം ചിലവഴിച്ച് തിരിച്ചെത്തുന്ന രീതിയിലാണ് ഗഗൻയാൻ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 

പോകുന്ന യാത്രികരുടെ എണ്ണത്തിലും ബഹിരാകാശത്ത് ഇവർ ചെലവഴിക്കാൻ പോകുന്ന സമയത്തിലും പദ്ധതി മുന്നോട്ട് പോകുമ്പോൾ മാറ്റങ്ങളുണ്ടായേക്കാം. എന്നാൽ മനുഷ്യനെ  ബഹിരാകാശത്തെത്തിക്കാനുളള ശ്രമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഐഎസ്ആര്‍ഒ ചെയർമാൻ  ഡോ കെ ശിവൻ. ചരിത്രം സൃഷ്ടിച്ചു കൊണ്ട് വനിതകളും ഈ സംഘത്തിലുണ്ടാകും.

(ഗഗൻയാൻ മിഷനെക്കുറിച്ച് ഐഎസ്ആർഒ ചെയർമാൻ വിശദീകരിക്കുന്നു: വീഡിയോ)

ഇന്ത്യൻ ബഹിരാകാശയാത്രികർക്കായി വ്യത്യസ്തമായ ഒരു പേരും ഐഎസ്ആര്‍ഒ കണ്ടെത്തിക്കഴിഞ്ഞു. 'വ്യോമനോട്ടുകൾ' എന്നായിരിക്കും ഇന്ത്യൻ ബഹിരാകാശ യാത്രികർ അറിയപ്പെടുക. ഒരു മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നന്നായി അറിയുന്നവരാണ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞർ. റഷ്യയും അമേരിക്കയും കഴിഞ്ഞാൽ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നതിൽ വിജയിച്ചിട്ടുള്ളത് ചൈന മാത്രം. മൂന്ന് വൻ ശക്തികൾ അടക്കി വാഴുന്ന ഈ എലൈറ്റ് ക്ലബ്ബിലേക്ക് നാലാമനായി കയറി ചെല്ലാനായാൽ അത് പുതുചരിത്രമാകും. ഇന്ത്യൻ ശാസ്ത്ര രംഗത്തെ നാഴികക്കല്ലായിരിക്കും. 

ബഹിരാകാശ ദൗത്യത്തിനായി രൂപീകരിച്ച പുതിയ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്‍ററിന്‍റെ ചുമതല  മലയാളിയായ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ഉണ്ണികൃഷ്ണൻ നായർക്കാണ്. ഡോ ആർ ഹട്ടനാണ് 'ഗഗൻയാൻ' പ്രോജക്ട് ഡയറക്ടർ. മനുഷ്യദൗത്യത്തിന് മുന്നോടിയായി 2020 ഡിസംബറിലും 2021 ജൂലൈയിലും രണ്ട് ആളില്ലാ ദൗത്യങ്ങൾ ബഹിരാകാശത്തേക്കയക്കും. റഷ്യയുടെ ഫ്രാൻസിന്‍റെയും സാങ്കേതിക സഹായത്തോടെയാണ് ഐഎസ്ആര്‍ഒ ദൗത്യത്തിനായി തയ്യാറെടുക്കുന്നത്. ബഹിരാകാശ യാത്രികർക്കുള്ള ആദ്യഘട്ട പരിശീലനം ഇന്ത്യയിലും അന്തിമഘട്ട പരിശീലനം റഷ്യയിലുമായിരിക്കും നടക്കുക.

കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര സർക്കാർ ഗഗൻയാന്  അനുമതി നൽകിയത്. പദ്ധതിക്കായി പതിനായിരം കോടി രൂപയും കേന്ദ്രം അനുവദിച്ചു കഴിഞ്ഞു. 30,000 കോടി രൂപയാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ആകെ ചിലവ്. സ്വപ്ന ദൗത്യത്തിനായി ഐഎസ്ആര്‍ഒയുടെ എറ്റവും വലിയ വിക്ഷേപണവാഹനമായി ജി എസ് എൽ വി മാർക്ക് ത്രീയായിരിക്കും ഉപയോഗിക്കുക. പ്രതീക്ഷിച്ചത് പോലെ കാര്യങ്ങൾ മുന്നോട്ട് നീങ്ങിയാൽ  ആന്ധ്രeപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യൻ 'വ്യോമനോട്ടുകൾ' ചരിത്രത്തിലേക്ക് പറന്നുയരും.

മംഗൾയാനടക്കമുള്ള മറ്റ് പദ്ധതികൾ  മൂലം പല തവണ മാറ്റി വയ്ക്കപ്പെട്ട ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ രണ്ടിന്‍റെ വിക്ഷേപണം ഏപ്രിൽ അവസാനത്തോടെ നടത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഐഎസ്ആര്‍ഒ. ഗഗൻയാന് ശേഷം സ്വന്തം സ്പേസ് സ്റ്റേഷനും ലൂണാർ ബേസുമെല്ലാം സ്വപ്നം കാണുന്നുണ്ട് ഭാരതം.