അടുത്ത 10 മുതൽ 20 വർഷത്തിനുള്ളിൽ ബഹിരാകാശത്ത് ഭീമകാരമായ ഡാറ്റാ സെന്‍ററുകൾ നിർമ്മിക്കപ്പെടുമെന്ന് പ്രവചിച്ച് ആമസോൺ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസ്

കാലിഫോര്‍ണിയ: മനുഷ്യന്‍റെ ബഹിരാകാശ ജീവിത സ്വപ്‍നങ്ങളും അതിനുള്ള പദ്ധതികളും അനുദിനം വികസിച്ചുകൊണ്ടിരിക്കുകയും യാഥാർഥ്യത്തോട് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയുമാണ്. അടുത്ത 10 മുതൽ 20 വർഷത്തിനുള്ളിൽ ബഹിരാകാശത്ത് ഭീമകാരമായ ഡാറ്റാ സെന്‍ററുകൾ നിർമ്മിക്കപ്പെടുമെന്ന് പ്രവചിച്ചിരിക്കുകയാണ് ആമസോൺ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസ്. തടസമില്ലാത്ത സൗരോർജ്ജത്തിന്‍റെ സമൃദ്ധി കാരണം ഇവ ഭൂമിയിലെ ഡാറ്റാ സെന്‍ററുകളെ പ്രകടനത്തില്‍ മറികടക്കുമെന്നും ബെസോസ് പറഞ്ഞു.

ഡാറ്റാ സെന്‍ററുകള്‍ ബഹിരാകാശത്തേക്ക്

ലോകം കൃത്രിമബുദ്ധിയും ക്ലൗഡ് കമ്പ്യൂട്ടിംഗും കൂടുതലായി ഉപയോഗിക്കുന്നതിനാൽ അതിനാവശ്യമായ ഡാറ്റാ സെന്‍ററുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഡാറ്റാ സെന്‍ററുകള്‍ നിര്‍മ്മിക്കാന്‍ മെറ്റയും ആമസോണും സ്‌പേസ് എക്‌സും മൈക്രോസോഫ്റ്റും പോലുള്ള ടെക് ഭീമന്‍മാര്‍ ശതകോടികള്‍ മുതല്‍മുടക്കുന്നു. ഡാറ്റാ സെന്‍ററുകളുടെ വര്‍ധനവ് മറ്റൊരു പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ഭീമാകാരമായ ഡാറ്റാ സെന്‍ററുകളിലെ സെർവറുകൾ തണുപ്പിക്കാൻ വലിയ അളവില്‍ വൈദ്യുതിയും വെള്ളവും വേണം. അതുകൊണ്ടുതന്നെ ബഹിരാകാശത്ത് ഗിഗാ സ്‍കെയിലിലുള്ള ഡാറ്റാ സെന്‍റകൾ ഈ നൂറ്റാണ്ടിന്‍റെ പകുതിക്ക് മുമ്പേ നിർമ്മിക്കപ്പെടും എന്നാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് പറയുന്നത്.

അടുത്ത കുറച്ച് വർഷങ്ങളിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നോ കൃത്യമായി എപ്പോൾ സംഭവിക്കുമെന്നോ പറയാൻ പ്രയാസമാണ്. എന്നാല്‍ 10-20 വർഷത്തിനുള്ളില്‍ ബഹിരാകാശത്ത് ഡാറ്റാ സെന്‍ററുകള്‍ യാഥാര്‍ഥ്യമാകുമെന്ന് തനിക്കുറപ്പുണ്ട് എന്നാണ് ജെഫ് ബെസോസിന്‍റെ വാക്കുകള്‍. ഞങ്ങൾ ബഹിരാകാശത്ത് ഈ വലിയ ഗിഗാവാട്ട് ഡാറ്റാ സെന്‍ററുകൾ നിർമ്മിക്കാൻ നീക്കങ്ങള്‍ തുടങ്ങുമെന്നും ടൂറിനിൽ നടന്ന ഇറ്റാലിയൻ ടെക് വീക്കിൽ ഫെരാരിയുടെയും സ്റ്റെല്ലാന്‍റിസിന്‍റെയും ചെയർമാൻ ജോൺ എൽകാനുമായുള്ള സംഭാഷണത്തിനിടെ ജെഫ് ബെസോസ് പറഞ്ഞു.

ഭൂമിയിൽ ഡാറ്റാ സെന്‍ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഊർജ്ജ ആവശ്യകത അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ബഹിരാകാശം കേന്ദ്രമാക്കിയുള്ള ഡാറ്റാ സെന്‍ററുകൾ എന്ന ആശയം വലിയ ടെക് കമ്പനികൾക്കിടയിൽ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇനി വലിയ ഡാറ്റാ സെന്‍ററുകള്‍ ബഹിരാകാശത്ത് നിർമ്മിക്കുന്നതാണ് നല്ലതെന്നും, ബഹിരാകാശത്ത് 24 മണിക്കൂറും പ്രവർത്തിക്കാൻ സൗരോർജ്ജം ലഭ്യമാണെന്നും മേഘങ്ങളും മഴയും ഉൾപ്പെടെ കാലാവസ്ഥാ പ്രശ്‍നങ്ങൾ ഒന്നുമില്ലെന്നും ജെഫ് ബെസോസ് കൂട്ടിച്ചേര്‍ത്തു. ഭൂമിയിലെ ജീവൻ മെച്ചപ്പെടുത്തുന്നതിന് ബഹിരാകാശം ഉപയോഗിക്കുന്നതിന്‍റെ ഭാഗമായുള്ള വിശാല നീക്കത്തിന്‍റെ ഭാഗമാണ് ഓർബിറ്റൽ ഇൻഫ്രാ‌സ്‌ട്രക്‌ചറിലേക്കുള്ള മാറ്റം എന്ന് ജെഫ് ബെസോസ് പറഞ്ഞു. കാലാവസ്ഥാ ഉപഗ്രഹങ്ങളുടെയും ആശയവിനിമയ ഉപഗ്രഹങ്ങളുടെയും കാര്യത്തില്‍ ഇത് സംഭവിച്ചിട്ടുണ്ടെന്നും, ഡാറ്റാ സെന്‍ററുകളുടെ കാര്യത്തിലാണ് അടുത്ത വിപ്ലവമെന്നും ബെസോസ് വ്യക്തമാക്കി.

ബഹിരാകാശ ഡാറ്റാ സെന്‍ററുകള്‍ അത്ര എളുപ്പമല്ല

എങ്കിലും ബഹിരാകാശത്ത് ഡാറ്റാ സെന്‍ററുകൾ നിർമ്മിക്കുന്നതിന് വലിയ വെല്ലുവിളികളുണ്ട്. അറ്റകുറ്റപ്പണികളുടെ ബുദ്ധിമുട്ട്, നവീകരണത്തിനുള്ള പരിമിതമായ സാധ്യത, റോക്കറ്റുകൾ വിക്ഷേപിക്കുന്നതിനുള്ള ഉയർന്ന ചെലവുകൾ, അതുപോലെ പരാജയപ്പെടുന്ന റോക്കറ്റ് വിക്ഷേപണങ്ങളുടെ അപകടസാധ്യത തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്