മുംബൈ: ഐഡിയ- വോഡഫോണിനും, എയ‌‌ർടെല്ലിനും പിന്നാലെ റിലയൻസ് ജിയോയും മൊബൈൽ ഫോൺ നിരക്ക് വ‌ർദ്ധന പ്രഖ്യാപിച്ചു. ഡിസംബ‌ർ ആറ് മുതലായിരിക്കും നിരക്ക് വ‌​ർ​ദ്ധന പ്രാബല്യത്തിൽ വരിക. മറ്റ് രണ്ട് കമ്പനികളെയും പോലെ 40 ശതമാനം വരെയുള്ള നിരക്ക് വ‌ർദ്ധന തന്നെയാണ് ജിയോയും പ്രഖ്യാപിച്ചിരിക്കുന്നത്. 

ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിച്ച് കൊണ്ട് തന്നെയാണ് മുന്നോട്ട് പോകുകയെന്ന് വിശദീകരിച്ച ജിയോ രാജ്യത്തെ ടെലികോം മേഖലയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദീകരിച്ചു. പുതിയ ഓൾ ഇൻ വൺ പ്ലാനുകൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ച ജിയോ ഇത് വഴി കൂടുതൽ ​ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും അവകാശപ്പെട്ടു. 

ജിയോയുടെ പുതുക്കിയ നിരക്കുകൾ

Image

22 ശതമാനം മുതൽ 42 ശതമാനം വരെയാണ് വോഡഫോൺ-ഐഡിയയും, എയർടെല്ലും നിരക്കുകൾ വ‌ർദ്ധിപ്പിച്ചിരിക്കുന്നത് ഡിസംബർ മൂന്നോടെ ഈ നിരക്ക് വർദ്ധന നിലവിൽ വരിക. വലിയ കടബാധ്യതയിൽ കുരുങ്ങിയ കമ്പനികൾ നിരക്ക് വർദ്ധനയില്ലാതെ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

ചെറിയ തുകയ്ക്ക് വലിയ ഡാറ്റാ പ്ലാനുകള്‍ ലഭിച്ചിരുന്ന സുവര്‍ണ്ണകാലത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചന മൊബൈല്‍ കമ്പനികള്‍ നേരത്തെ തന്നെ നൽകിയിരുന്നതാണ്. വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐഡിയ - വോഡാഫോണും എയര്‍ടെല്ലും  നിരക്കുകൾ വർധിപ്പിക്കുന്നത്.

ഐഡിയ വോഡഫോൺ പുതുക്കിയ നിരക്ക്

Image

കമ്പനികളെ സഹായിക്കുന്നതിനും വൻ നിരക്ക് വർധന ഒഴിവാക്കാനുമായി സ്പെക്ട്രം ലേലത്തുക കുടിശ്ശിക അടച്ചു തീർക്കാൻ കേന്ദ്രം കമ്പനികൾക്ക് കൂടുതൽ സമയം അനുവദിച്ചിരുന്നു.  കുടിശ്ശിക രണ്ട് വര്‍ഷം കൊണ്ട് അടച്ചു തീര്‍ത്താൽ മതിയെന്നായിരുന്നു കേന്ദ്ര മന്ത്രിസഭാ തീരുമാനം

എയർടെൽ പുതുക്കിയ നിരക്ക്

Image

ഒക്ടോബർ 24നാണ് ടെലികോം കമ്പനികളെ പ്രതിസന്ധിയിലാക്കിയ സുപ്രീം കോടതി വിധി വന്നത്, വോഡഫോൺ ഐഡിയയ്ക്കും എയർടെലിനും 81,000 കോടി രൂപ കുടിശ്ശികയാണ് ഉള്ളത്. സെപ്റ്റംബർ പാദത്തിൽ വോഡഫോൺ ഐഡിയയുടെ നഷ്ടം റെക്കോർഡ് 50,921.9 കോടി രൂപയയും എയർടെല്ലിന്റേത് 23,045 കോടി രൂപയുമായിരുന്നു. പ്രതിസന്ധി തുറന്നുപറഞ്ഞ് കമ്പനികള്‍ എത്തിയതോടെ തുക അടയ്ക്കുന്നതില്‍ കേന്ദ്രം ഇളവ് നല്‍കുകയായിരുന്നു.